റായ്പുര്‍: ബാങ്ക് തട്ടിപ്പുകളും വ്യാജ രേഖകളുമെല്ലാം നിത്യ സംഭവമായി മാറിയിട്ടുണ്ട് ഇപ്പോൾ. എന്നാല്‍ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി 'തട്ടിപ്പ് ബാങ്ക്' സംവിധാനമൊരുക്കി പണം തട്ടിയിരിക്കുകയാണ് ഒരു സംഘം. ചത്തീസ്ഗഡിലെ സാഖി ജില്ലയിലെ ഛപോര ഗ്രാമത്തിലാണ് സാമ്പത്തിക തട്ടിപ്പുകളുടെ ചരിത്രത്തില്‍ തന്നെ ഇടം പിടിച്ചേക്കാവുന്ന സംഭവം അരങ്ങേറിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ)യുടെ വ്യാജ ശാഖ തുറന്നാണ് ഒരു സംഘം തട്ടിപ്പ് നടത്തിയത്. ഗ്രാമത്തിലെ തൊഴിൽരഹിതരെ ലക്ഷ്യം വെച്ചാണ് സംഘം പ്രവർത്തിച്ചത്.
യഥാര്‍ത്ഥ ബാങ്കിന്റെ എല്ലാ സവിശേഷതകളുമുള്ള വ്യാജ ബാങ്ക് ശാഖ പത്ത് ദിവങ്ങള്ക്കു മുമ്പാണ് പ്രവര്‍ത്തനമാരംഭിച്ചത്. പുതിയ ഫർണീച്ചറുകളും ഔദ്യോഗിക പേപ്പറുകളും കൗണ്ടറുകളുമുള്പ്പടെ എല്ലാ സൗകര്യങ്ങളും ഒരിക്കിയിരുന്നു. വ്യാജ നിയമനങ്ങളും, ജോലിക്കായുള്ള വ്യാജ പരിശീലനങ്ങളും ഗ്രാമങ്ങളിലെ തൊഴില്‍ രഹിതരെ കബളിപ്പിക്കുന്നതിനുവേണ്ടിയുള്ള കേന്ദ്രങ്ങളുള്‍പ്പടെ സംഘം തയ്യാറാക്കിയിരുന്നു.
വ്യാജ ബാങ്കാണ് ഗ്രാമത്തില്‍ ആരംഭിച്ചതെന്നറിയാതെ ഗ്രാമത്തിലുള്ളവര്‍ പുതിയ അക്കൗണ്ടുകൾ തുറക്കുകയും പണമിടപാടുകള്‍ നടത്താനും തുടങ്ങി.
സമീപ പ്രദേശമായ ദബ്രയിലെ മാനേജർക്ക് സംശയം വന്നതോടെയാണ് വ്യാജനെ പിടികൂടിയത്. പ്രദേശവാസിയായ അജയ് കുമാര്‍ അഗര്‍വാള്‍ എന്നയാള്‍ ജില്ലയിലെ മറ്റൊരു എസ്.ബി.ഐ ശാഖയിൽ ജോലിക്കായി അപേക്ഷിച്ചിരുന്നു.എന്നാല്‍ തന്റെ ഗ്രാമത്തില്‍ പൊടുന്നനെ മറ്റൊരു ശാഖ പ്രവര്‍ത്തനം ആരംഭിച്ചതില്‍ ഇയാള്‍ക്ക് സംശയം തോന്നി.
പുതിയ ശാഖ സന്ദര്‍ശിച്ച് കാര്യങ്ങള്‍ അന്വേഷിച്ചെങ്കിലും ഇയാള്‍ക്ക് കൃത്യമായ ഉത്തരങ്ങള്‍ ലഭിച്ചില്ല. ശാഖയുടെ കോഡ് കണ്ടെത്താനാകാത്തതിനാല്‍ ഇയാള്‍ അടുത്തുളള ശാഖയായ ദാബ്രയിലെ മാനേജറെ സമീപിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സെപ്റ്റംബര്‍ 27-ന് പോലീസിന്റെയും മറ്റ് എസ്.ബി.ഐ ഉദ്യോഗസ്ഥരും ചേര്‍ന്ന് പുതിയ ശാഖയിൽ പരിശോധന നടത്തി. ഇതോടെയാണ് വ്യാജനാണെന്ന് മനസിലായത്.
യഥാര്‍ത്ഥ ഓഫര്‍ ലെറ്ററിനെ വെല്ലുന്ന തരത്തിൽ ലെറ്റർ പാഡിലുള്ള നിയമന ഉത്തരവുകളാണ് ജീവനക്കാർക്ക് ലഭിച്ചത്. ബ്രാഞ്ച് മാനേജര്‍, മാര്‍ക്കറ്റിങ് ഓഫീസര്‍, കാഷ്യര്‍, കംപ്യൂട്ടര്‍ ഓപ്പറേറ്റർ സ്ഥാനങ്ങളിലേക്കാണ് നിയമനങ്ങള്‍ നടന്നത്. എല്ലാ ജീവനക്കാർക്കും പരിശീലനവും നല്‍കിയിരുന്നു. എന്നാല്‍ വൻ തുക കെട്ടിവെച്ചാല്‍ മാത്രമേ ജോലി ലഭിക്കുമായിരുന്നുള്ളു. രണ്ടു ലക്ഷത്തിനും ആറു ലക്ഷത്തിനും ഇടയിലുള്ള തുകയാണ് ആവശ്യപ്പെട്ടത്.
മാസം ഏഴായിരം രൂപ വാടകയക്ക് എടുത്തിരുന്ന കെട്ടിടത്തിലാണ് തട്ടിപ്പുസംഘം പുതിയ ശാഖ തുടങ്ങിയത്. തൊട്ടടുത്ത ജില്ലകളിലെ തൊഴില്‍രഹിതരായ യുവതീ യുവാക്കളായിരുന്നു തട്ടിപ്പുകാരുടെ ഇരകൾ. രേഖകള്‍ സമര്‍പ്പിച്ച് ബയോമെട്രിക്ക് വിവരങ്ങളും രേഖപ്പെട്ടുത്തിയ ശേഷം ജോലിക്കെടുത്ത യുവതിക്ക് 30,000 രൂപ മാസ ശമ്പളം വാഗ്ദാനം ചെയ്തതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. മറ്റൊരാളില്‍ നിന്ന് തട്ടിപ്പുസംഘം 2.5 ലക്ഷം കയ്പറ്റിയാണ് 35,000 രൂപ മാസ ശമ്പളത്തിന് ജോലി നല്‍കാമെന്ന് പറഞ്ഞത്.
വ്യാജ നിയമനത്തിന് ഇരയായവരില്‍ പലരും സ്വര്‍ണ്ണം പണയം വെച്ചും ലോണ്‍ എടുത്തുമാണ് പണം നല്‍കിയത്. തട്ടിപ്പുമായി ബന്ധപ്പെട്ട് നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Content Highlights: fake sbi branch exposed in chattisgarh job scam
Published: 03 Oct 2024, 03:46 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented