നീലേശ്വരം(കാസര്‍കോട്): കരിന്തളം സര്‍വീസ് സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ നീലേശ്വരത്തെ ജൂവലറി ഉടമ ഉള്‍പ്പെടെ മൂന്നുപേര്‍ റിമാന്‍ഡില്‍. നീലേശ്വരം ദേവനന്ദ ഗോള്‍ഡ് ഉടമയും അഞ്ചരക്കണ്ടി സ്വദേശിയുമായ പി.വി. ബിജു, നീലേശ്വരത്തെ കടയിലെ സെയില്‍സ് ഗേള്‍ വി. രമ്യ, ഇരിട്ടി പടിയൂര്‍ സ്വദേശിയും ചെറുവത്തൂര്‍ പുതിയ കണ്ടത്ത് താമസക്കാരനുമായ ടി. ഷിജിത്ത് എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.
വ്യാഴാഴ്ചയാണ് പ്രതികള്‍ 916 മുദ്ര പതിപ്പിച്ച 26.400 ഗ്രാം ആഭരണം പണയപ്പെടുത്തുന്നതിനായി കരിന്തളം സഹകരണ ബാങ്കില്‍ എത്തിയത്. ജീവനക്കാര്‍ക്ക് സംശയം തോന്നി കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് തട്ടിപ്പ് വ്യക്തമായത്. തുടര്‍ന്ന് ബാങ്ക് സെക്രട്ടറി വി. മധുസൂദനന്‍ പോലീസില്‍ പരാതി നല്‍കി. രമ്യ, ഷിജിത്ത് എന്നിവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മുക്കുപണ്ടത്തിന് 916 മുദ്ര പതിപ്പിച്ച നല്‍കിയ ജൂവലറി ഉടമ ബിജുവിനെയും പോലീസ് അറസ്റ്റ് ചെയ്തു.
പരിചയക്കാരായ രമ്യയും ഷിജിത്തും നീലേശ്വരത്തെ ഒരു ഫാന്‍സി കടയില്‍നിന്ന് മുക്ക് പണ്ടം വാങ്ങുകയും ഷിജിത്തിന്റെ സുഹൃത്തായ ബിജുവിന്റെ ജൂവലറിയില്‍ പോയി 916 മുദ്ര പതിപ്പിച്ച് പണയം വെക്കാന്‍ ബാങ്കിലെത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഇവരുടെ നേതൃത്വത്തില്‍ കൂടുതല്‍ തട്ടിപ്പുകള്‍ നടന്നിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ നീലേശ്വരം എസ്‌ഐ കെ.വി. രതീശന്‍ പറഞ്ഞു. കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ മേല്‍നോട്ടത്തിലുള്ള അന്വേഷണ സംഘത്തില്‍ എസ്‌ഐ സി.കെ. മുരളീധരന്‍, എഎസ്‌ഐ പ്രീതി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ രമേശന്‍ കോറോം, സി. രാജീവന്‍, മധു മാണിയാട്ട്, സിവില്‍ പോലീസ് ഓഫീസര്‍ ശ്രീദേവി, ഡ്രൈവര്‍ ജയേഷ്, ഹോം ഗാര്‍ഡ് ഗോപിനാഥ് എന്നിവരും ഉണ്ടായിരുന്നു.
വ്യാജനെ തിരിച്ചറിയാനാകാത്ത '916' മുദ്ര
കരിന്തളം സര്‍വീസ് സഹകരണ ബാങ്കില്‍ നടന്ന മുക്കുപണ്ട പണയത്തട്ടിപ്പ് തുറന്നിടുന്നത് വലിയൊരു അപകടക്കെണിയാണ്.
ഒറിജിനല്‍ സ്വര്‍ണത്തിന് മാത്രം കാണുന്ന 916 മുദ്ര വ്യാജസ്വര്‍ണത്തിന് കൂടി പതിപ്പിച്ചുകൊടുക്കുമ്പോള്‍ സാധാരണക്കാര്‍ക്ക് ഒറിജിനല്‍ ഏത് വ്യാജന്‍ ഏത് എന്ന് തിരിച്ചറിയാന്‍ കഴിയില്ല. അതുതന്നെയാണ് ഇത്തരം സംഘങ്ങളുടെ നേട്ടവും. ഈ സംഭവത്തോടെ സ്വര്‍ണപ്പണയത്തിന്മേല്‍ വായ്പ കൊടുക്കുന്ന ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ അങ്കലാപ്പിലായിരിക്കുകയാണ്.
ഇത്തരം തട്ടിപ്പുകാരെ ജനം കരുതിയിരിക്കണമെന്നും എന്തെങ്കിലും സംശയം തോന്നിയാല്‍ പോലീസിനെ അറിയിക്കണമെന്നും നീലേശ്വരം എസ്‌ഐ അറിയിച്ചു.
Content Highlights: three arrested for fake gold loan fraud
Published: 20 Apr 2025, 08:00 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented