
പാലക്കാട്: തമിഴ്‌നാട്ടിൽനിന്ന് തണ്ണിമത്തനുമായി വന്ന പിക്കപ് വാനിൽനിന്ന് സ്‌ഫോടകവസ്തുക്കളുടെ വൻശേഖരം പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തുന്നതിനിടെ, നിർത്താതെ പോയ വാഹനത്തെ പാലക്കാട് മെഡിക്കൽ കോളേജിന് സമീപത്ത് സർവീസ് റോഡിൽ പിന്തുടർന്ന് പിടികൂടുകയായിരുന്നു. 90 പെട്ടികളിലായി 200 എണ്ണം വീതം 18,000 ജലാറ്റിൻ സ്റ്റിക്കുകളും 4800 ഡിറ്റനേറ്ററുകളുമാണ് വാഹനത്തിൽനിന്ന് കണ്ടെടുത്തത്.
സംഭവത്തിൽ പിക്കപ് വാനിന്റെ ഡ്രൈവർ തമിഴ്‌നാട് ധർമപുരി ഹരൂർ സ്വദേശി സെന്തിൾകുമാറിനെ (48) പാലക്കാട് ടൗൺ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. ഇൻസ്‌പെക്ടർ വിപിൻകുമാറിന്റെ നേതൃത്വത്തിൽ പോലീസ് സംഘവും ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള സ്‌പെഷ്യൽ സ്‌ക്വാഡും ചേർന്നാണ് സ്ഫോടകവസ്തു കടത്തുകാരെ വലയിലാക്കിയത്.
ബുധനാഴ്ച രാത്രി 8.30-നാണ് സംഭവം. ടാർപ്പായകൊണ്ട് മൂടിയ നിലയിലായിരുന്നു വാഹനം. മുകളിലുണ്ടായിരുന്ന തണ്ണിമത്തൻ ചാക്കുകൾ പുറത്തേക്ക് മാറ്റിയതോടെയാണ് പെട്ടികളിലായി ഉണ്ടായിരുന്ന സ്‌ഫോടകവസ്തുക്കൾ കണ്ടെത്തിയത്. ഇത് മറ്റൊരു ടാർപ്പായകൊണ്ട് മൂടിയിരുന്നു. രണ്ടു മണിക്കൂറോളമെടുത്താണ് പെട്ടികൾ വാഹനത്തിൽനിന്നിറക്കി പരിശോധിച്ചത്.
അപകടസാധ്യത മുന്നിൽ കണ്ട് പാലക്കാട് അഗ്‌നിരക്ഷാസേനയെ സ്ഥലത്തെത്തിച്ച് സുരക്ഷ ഉറപ്പാക്കിയശേഷമാണ് പരിശോധന നടത്തിയത്. തമിഴ്‌നാട്ടിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്കോ തൃശ്ശൂർ ഭാഗത്തേക്കോ സ്‌ഫോടകവസ്തുക്കൾ കടത്താനായിരുന്നു ശ്രമമെന്നാണ് പോലീസ് സംശയിക്കുന്നത്. പാറ പൊട്ടിക്കാൻ ഇത്തരം സ്‌ഫോടകവസ്തുക്കൾ ഉപയോഗിക്കാറുണ്ട്. അതേസമയം മറ്റാവശ്യങ്ങൾക്കും ഉപയോഗിക്കാമെന്നും പറയുന്നു.
സ്‌ഫോടകവസ്തു കൊണ്ടുപോകുന്നത് എവിടേയ്ക്കാണെന്ന് അറിയില്ലെന്നാണ് ഡ്രൈവർ പോലീസിനോട് പറഞ്ഞത്. വാഹനം പാലക്കാട്ടെത്തി നിശ്ചിതസ്ഥലത്ത് നിർത്തിയിട്ടശേഷം മടങ്ങും. ശേഷം മറ്റൊരാളെത്തിയാണ് കൊണ്ടുപോകുന്നത്. ഡ്രൈവർമാർ തമ്മിൽ പരസ്പരം അറിയില്ലെന്നും പറയുന്നു. ഇത്തരം സംഘങ്ങളെക്കുറിച്ച് പോലീസിനും സ്‌പെഷ്യൽ സ്‌ക്വാഡിനും ധാരണയുണ്ടെന്നാണ് വിവരം. മാസങ്ങളായി നിരീക്ഷിച്ചുവരികയാണെന്നും സൂചനയുണ്ട്. കണ്ടെടുത്ത സ്‌ഫോടകവസ്തുക്കൾ രാത്രിതന്നെ സുരക്ഷിതസ്ഥലത്തേക്ക് മാറ്റി.
Content Highlights: Police seize 18,000 gelatin sticks & 4,800 detonators hidden in a watermelon truck from Tamil Nadu in Palakkad. Driver arrested.
Published: 05 Feb 2026, 10:13 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented