ഈറോഡ്: ഈറോഡിനടുത്ത് പെരുന്തുറൈയിൽ നവവധുവിനെ കാറിൽ കടത്തിക്കൊണ്ടുപോയ സംഭവത്തിൽ സഹോദരിയടക്കം അഞ്ചുപേർ പോലീസ്‌ പിടിയിലായി. മഹാലക്ഷ്മിയെ (21) തട്ടിക്കൊണ്ടുപോയെന്ന കേസിൽ സഹോദരി കൗസല്യ (25), ഇവരുടെ ഭർത്താവ് സന്തോഷ്‌ (26), സുഹൃത്തുക്കളായ സാദിഖ് (27), ലോഗേശ്വരൻ (21), ധനപാൽ (45) എന്നിവരാണ് പെരുന്തുറൈ പോലീസിന്റെ പിടിയിലായത്.

To advertise here,

അന്തിയുർ മുത്തരസൻകുട്ടയിൽ താമസിക്കുന്ന സേതുരാജും മഹാലക്ഷ്മിയും വീട്ടുകാരുടെ സമ്മതമില്ലാതെ പെരുന്തുറൈയിലെ ക്ഷേത്രത്തിൽവെച്ച് സുഹൃത്തുക്കളുടെ സഹായത്തോടെ വിവാഹിതരായതായി പോലീസ് പറയുന്നു. ഇരുവരും പെരുന്തുറൈയിൽ ഒരു വാടകവീട്ടിലായിരുന്നു താമസം. സംഭവദിവസം, കൗസല്യയും മറ്റുനാലുപേരും ചേർന്ന് പെരുന്തുറൈ ബസ്‌സ്റ്റാൻഡിലേക്ക് മഹാലക്ഷ്മിയെ വിളിച്ചുവരുത്തുകയും ബലമായി ഇവർവന്ന കാറിൽക്കയറ്റി കടന്നുകളഞ്ഞതായും പറയുന്നു. തുടർന്ന്, മഹാലക്ഷ്മിക്കൊപ്പമുണ്ടായിരുന്ന സേതുരാജ് പെരുന്തുറൈ പോലീസിൽ പരാതി നൽകുകയായിരുന്നു. പോലിസന്വേഷണത്തിൽ മഹാലക്ഷ്മി സത്യമംഗലത്തുള്ള ലോകേശ്വരന്റെ വീട്ടിലുള്ളതായി വിവരംകിട്ടി. സ്ഥലത്തെത്തിയ പോലിസ്‌ നാലുപേരെയും അറസ്റ്റുചെയ്യുകയായിരുന്നു. മഹാലക്ഷ്മിയെ സേതുരാജിനൊപ്പം വിട്ടയച്ചു.