കൊച്ചി: കൈക്കൂലിക്കേസില്‍ വിജിലന്‍സിന്റെ റിമാന്‍ഡിലുള്ള എറണാകുളം ആര്‍.ടി.ഒ. ജെര്‍സന്റെ രണ്ട് ലോക്കറുകള്‍ വിജിലന്‍സ് മരവിച്ചു. ജെര്‍സന്റെ പേരില്‍ നാല് ലോക്കറുകളും നാല് ബാങ്ക് അക്കൗണ്ടുകളുമുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തി. കീഴുദ്യോഗസ്ഥര്‍ക്ക് ജെര്‍സന്‍ ടാര്‍ഗറ്റ് നല്‍കിയിരുന്നതായും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

To advertise here,

സ്വകാര്യബസിന് റൂട്ട് പെര്‍മിറ്റ് നല്‍കാന്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിലാണ് വ്യാഴാഴ്ച വിജിലന്‍സ് സംഘം ജെര്‍സനെ അറസ്റ്റ് ചെയ്തത്. ഓരോ കാര്യത്തിനും കൈക്കൂലി വാങ്ങുന്ന ഇയാള്‍ നേരിട്ട് കൈക്കൂലി വാങ്ങുന്നത് കുറവായിരുന്നു. കൈക്കൂലി നല്‍കാത്തവരെ വലിയ തോതില്‍ ബുദ്ധിമുട്ടിക്കാറുണ്ടായിരുന്നു. കീഴുദ്യോഗസ്ഥരെ കൈക്കൂലി വാങ്ങാന്‍ പ്രേരിപ്പിക്കുകയും അതിന്റെ ഒരു വിഹിതം തനിക്ക് പടിയായി നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം ഉണ്ടാകുമെന്ന് വിജിലന്‍സ് വ്യക്തമാക്കി.

വരവില്‍ കവിഞ്ഞ വലിയതോതിലുള്ള സ്വത്ത് സമ്പാദനം ഇയാള്‍ക്കുണ്ട് എന്നാണ് പ്രാഥമികമായി കണ്ടെത്തിയിട്ടുള്ളത്. നാലിടത്ത് ഭൂമി വാങ്ങിയിട്ടുള്ളതായും കണ്ടെത്തി. കുടുംബാംഗങ്ങളുടെ പേരിലടക്കം കോടികളുടെ നിക്ഷേപങ്ങളുണ്ടെന്നാണ് വിവരം. പണത്തിന്റെ സ്രോതസ്സിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ജെര്‍സന്‍ കൃത്യമായ മറുപടി നല്‍കിയിട്ടില്ല. ഇയാള്‍ക്കായുള്ള കസ്റ്റഡി അപേക്ഷ വെള്ളിയാഴ്ച സമര്‍പ്പിക്കും. കസ്റ്റഡിയില്‍ വാങ്ങിയ ശേഷം വിശദമായി ചോദ്യം ചെയ്യും. ജെര്‍സന്‍ അറസ്റ്റിലായതോടെ കൂടുതല്‍ പേര്‍ പരാതിയുമായി എത്തിയിട്ടുണ്ടെന്നും വിജിലന്‍സ് അറിയിച്ചു.