ചേർത്തല(ആലപ്പുഴ): യു.പി. സ്കൂളിലെ ഓണാഘോഷത്തിനുമുൻപ് ഷാപ്പിൽനിന്ന് കള്ളുവാങ്ങിക്കുടിച്ച വിദ്യാർഥിയെ അത്യാസന്നനിലയിൽ ആശുപത്രിയിലാക്കി. രണ്ടുദിവസം തീവ്രപരിചരണവിഭാഗത്തിലായിരുന്ന കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതോടെ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ വീട്ടിലേക്കുമാറ്റി. ഷാപ്പിൽനിന്ന് കള്ളുകൊടുത്ത രണ്ടുജീവനക്കാരെ എക്സൈസ് അറസ്റ്റുചെയ്തു. ഇവർക്കും ലൈസൻസികളായ നാലുപേർക്കുമെതിരേയാണ് ചേർത്തല എക്‌സൈസ് റേഞ്ച് ഓഫീസ് കേസെടുത്തത്. ഷാപ്പിന്റെ ലൈസൻസും റദ്ദാക്കി.
13-ന് പള്ളിപ്പുറം, തൈക്കാട്ടുശ്ശേരി ഭാഗങ്ങളിലായാണ് സംഭവം. നാലുകുട്ടികൾ പള്ളിച്ചന്ത ഷാപ്പിലെത്തിയതായാണു വിവരം. ജീവനക്കാർ പണംവാങ്ങി ഇവർക്കു കള്ളുകൊടുത്തുവെന്നാണ് എക്‌സൈസ് കണ്ടെത്തിയത്. പള്ളിപ്പുറം ക്ഷേത്രത്തിനുസമീപത്തെ കുറ്റിക്കാട്ടിലിരുന്ന് ഒരുകുപ്പി കള്ളുകുടിച്ചശേഷം ബാക്കി ബാഗിലാക്കി ഇവർ സ്കൂളിലെത്തി. തുടർന്ന് സ്കൂളിലെ ശൗചാലയത്തിൽവെച്ചും കുടിച്ചതായി പറയുന്നു.
അവശനിലയിലായ കുട്ടിയെ ആദ്യം തുറവൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഷാപ്പു ജീവനക്കാരനായ മനോഹരനും മാനേജർ മോഹനനുമാണ് അറസ്റ്റിലായത്. ലൈസൻസികളായ ചന്ദ്രപ്പൻ, രമാദേവി, അശോകൻ, എസ്. ശ്രീകുമാർ എന്നിവർ മൂന്നുമുതൽ ആറുവരെ പ്രതികളാണ്.
ആരോഗ്യനില സാധാരണ നിലയിലാകുന്ന മുറയ്ക്ക് കുട്ടിക്ക് കൗൺസലിങ് നൽകുമെന്ന് എക്‌സൈസ് അധികൃതർ പറഞ്ഞു.സംഭവത്തിൽ എക്‌സൈസ് പ്രത്യേക അന്വേഷണം നടത്തുന്നുണ്ട്. ശാസ്ത്രീയ പരിശോധനയടക്കം നടത്തും.
Content Highlights: employees who gave toddy to the 7th class boy were arrested
Published: 17 Sept 2024, 07:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented