കൊച്ചി: തേവര ഫെറിയിലെ ഫ്ലാറ്റിൽനിന്ന് രണ്ട് തവണയായി 1.20 കോടി രൂപ വിലവരുന്ന രണ്ട് ജോഡി വജ്രക്കമ്മലുകൾ മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. ഫ്ലാറ്റിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് അതിവിദഗ്‌ധമായി പ്രതി നടത്തിയ മോഷണം പോലീസ് ഒരുക്കിയ കെണിയിലൂടെയാണ് പുറത്തായത്. കേസിൽ ആലപ്പുഴ കുത്തിയതോട് കോടംതുരുത്ത് അഴീക്കൽ വീട്ടിൽ എ.എക്സ്. ഷാജി (49) യെ എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു.

To advertise here,

സംഭവം ഇങ്ങനെ: സ്ത്രീ തനിച്ചു താമസിക്കുന്ന ഫ്ലാറ്റിൽ നിന്ന് മാർച്ചിലാണ് 80 ലക്ഷത്തോളം രൂപ വിലവരുന്ന ഒരു ജോഡി വജ്രക്കമ്മൽ കിടപ്പുമുറിയിലെ അലമാരിയിൽനിന്നു മോഷണം പോയത്. കുറച്ചു ദിവസം കഴിഞ്ഞാണ് മോഷണ വിവരം ഉടമ അറിയുന്നത്. ഇതോടെ പോലീസിൽ പരാതി നൽകി. അന്വേഷണം ആരംഭിച്ചെങ്കിലും വ്യക്തമായ തെളിവുകൾ ലഭിച്ചില്ല. ഫ്ലാറ്റിൽ സ്ഥിരമായെത്തുന്നവരുെടയും മറ്റും ഫോൺ വിളികൾ പരിശോധിച്ചു. സംശയമുള്ളവരെ പ്രത്യേകം നിരീക്ഷിക്കുകയും ചെയ്തു. ഷാജിയെ സംശയമുണ്ടായിരുന്നെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ല.

ഇതിനിടെ പോലീസിന്റെ നേതൃത്വത്തിൽ രഹസ്യമായി ഫ്ലാറ്റിനുള്ളിൽ സിസിടിവി സ്ഥാപിച്ചു. മുൻപ്‌ ഫ്ലാറ്റിൽ ആളില്ലാത്ത സമയത്താണ് മോഷണം നടന്നത്. അതേ സാഹചര്യം വീണ്ടും സൃഷ്ടിച്ച് സിസിടിവി നിരീക്ഷിച്ചു.

അതിനിടെ ഒക്ടോബറിൽ ഷാജി വീണ്ടും ഫ്ലാറ്റിലെത്തി. അലമാരയിൽനിന്ന് 40 ലക്ഷംരൂപ വിലവരുന്ന വജ്രക്കമ്മൽ മോഷണം നടത്തുന്നതിന്റെ ദൃശ്യവും പോലീസിനു ലഭിച്ചു. ഈ വിവരങ്ങളും സിസിടിവി തെളിവുകളും വെച്ച് ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിച്ചു.

മോഷണം നടന്ന ഫ്ലാറ്റിന്റെ ഉടമസ്ഥയുടെ അച്ഛന്റെ ഡ്രൈവറായി ജോലി ചെയ്തിരുന്നയാളാണ് പ്രതി. ആറുമാസം മുൻപ്‌ ഇയാളെ ജോലിയിൽനിന്ന് മാറ്റിയിരുന്നു. അതിനിടെ പ്രതി ഡ്യൂപ്ലിക്കേറ്റ് താക്കോൽ നിർമിച്ചിരുന്നു. പ്രതിയിൽനിന്ന് ഒരു ജോഡി കമ്മൽ കണ്ടെടുത്തു.