ന്യൂഡല്‍ഹി: ഗാസിപുരില്‍ സ്യൂട്ട്‌കേസിനുള്ളില്‍ കത്തിക്കരിഞ്ഞ മൃതദേഹത്തെക്കുറിച്ചുള്ള അന്വേഷണം എത്തിപ്പെട്ടത് ലിവിംഗ് ടുഗതര്‍ ബന്ധത്തെത്തുടര്‍ന്നുണ്ടായ കൊലപാതകത്തില്‍. ഞായറാഴ്ച പുലര്‍ച്ചെയാണ് ഗാസിപുരിലെ വിജനമായ സ്ഥലത്ത് ഒരു സ്യൂട്ട്കേസ് വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തിയതായി പോലീസിന് വിവരം ലഭിക്കുന്നത്. സ്ഥലത്തെത്തിയ പോലീസ് സംഘം സ്യൂട്ട്കേസിനുള്ളില്‍ നിന്നും മൃതദേഹം കണ്ടെത്തി. ശരീരം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.
''ആദ്യം ഞങ്ങള്‍ക്ക് ഒരു സൂചനയും ലഭിച്ചില്ല. കത്തിക്കരിഞ്ഞ സ്യൂട്ട്കേസും അതില്‍ കത്തിക്കരിഞ്ഞ ശരീരവും മാത്രമാണുണ്ടായിരുന്നത്. സ്യൂട്ട്കേസ് കണ്ടെത്തിയ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് അന്വേഷണം തുടങ്ങിയത്.'' - ഈസ്റ്റ് ഡല്‍ഹി ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ അഭിഷേക് ധനിയ പറഞ്ഞു.
സംശയാസ്പദമായി തോന്നിയ വാഹനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് കണ്ടെത്തി. മൃതദേഹം കണ്ടെത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഈ വാഹനം കടന്നുപോകുകയുണ്ടായി. വാഹനത്തിന്റെ നമ്പര്‍ വഴി ഉടമസ്ഥനെ കണ്ടെത്തുകയും ചെയ്തു. എന്നാല്‍ കാര്‍ അമിത് തിവാരി (22) എന്നയാള്‍ക്ക് വിറ്റതായി പഴയ കാറുടമ പറഞ്ഞു.
സിസിടിവി ദൃശ്യങ്ങള്‍ പിന്തുടര്‍ന്ന് പോലീസ് അമിത് തിവാരിയെ (22) കണ്ടെത്തി കസ്റ്റഡിയിലെടുത്തു. കാബ് ഡ്രൈവറായി ജോലി ചെയ്തിരുന്ന അമിത് ഗാസിയാബാദിലാണ് താമസിച്ചിരുന്നത്. സിസിടിവി ദൃശ്യങ്ങളില്‍ കണ്ട ഇയാളുടെ സുഹൃത്ത് അനൂജ് കുമാറിനെയും കസ്റ്റഡിയിലെടുത്തു. വെല്‍ഡിംഗ് മെക്കാനിക്കായി ജോലി ചെയ്യുന്ന അനൂജും ഗാസിയാബാദിലാണ് താമസം.
ചോദ്യം ചെയ്യലില്‍ നിന്നും മൃതദേഹം തന്റെ ബന്ധുകൂടിയായ 22-കാരിയായ ശില്‍പ പാണ്ഡെയുടേതാണെന്ന് അമിത് വെളിപ്പെടുത്തി. ശില്‍പയുമായി തനിക്ക് അടുപ്പമുണ്ടായിരുന്നുവെന്നും ഒരു വര്‍ഷമായി തങ്ങള്‍ ഒരുമിച്ചു ജീവിക്കുകയായിരുന്നുവെന്നും അമിത് പറഞ്ഞു. ശില്‍പ അയാളെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും അമിത് അവളുമായി ബന്ധം പിരിയുവാന്‍ ശ്രമിക്കുകയായിരുന്നു.
ശനിയാഴ്ച രാത്രി അമിത് മദ്യപിച്ചെത്തിയ ശില്‍പയുമായി വഴക്കിട്ടിരുന്നു. വാക്കേറ്റത്തിന്റെ ദേഷ്യത്തില്‍ അയാള്‍ അവളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അയാള്‍ ശില്‍പയുടെ മൃതദേഹം ഒരു സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. ഇതിനായി സുഹൃത്ത് അനൂജിന്റെ സഹായവും തേടി.
ഒരുമിച്ചു ജീവിക്കാന്‍ വേണ്ടി കുടുംബം വിട്ടുവരുവാന്‍ ശില്‍പ സമ്മര്‍ദം ചെലുത്തിയിരുന്നു. തന്നെയും കുടുംബത്തെയും കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നും അമിത് പോലീസിനോട് പറഞ്ഞു.
എവിടെയെങ്കിലും മൃതദേഹം ഉപേക്ഷിക്കാനായിരുന്നു അമിതിന്റെ ആദ്യ പദ്ധതി. ഇതിനായുള്ള യാത്രയില്‍ പെട്രോള്‍ പമ്പില്‍ നിന്ന് 160 രൂപയ്ക്ക് ഡീസല്‍ വാങ്ങിയതായി അമിത് പറഞ്ഞതായി പോലീസ് പറഞ്ഞു. തുടര്‍ന്ന് ആളൊഴിഞ്ഞ പ്രദേശത്തെത്തിയ ഇവര്‍ ശില്‍പയുടെ മൃതദേഹം വച്ച സ്യൂട്ട്കേസ് വലിച്ചെറിഞ്ഞ് തീകൊളുത്തുകയായിരുന്നു. ഗ്രേറ്റര്‍ നോയിഡയില്‍ നിന്നാണ് അമിതിനെ അറസ്റ്റ് ചെയ്തത്.
Content Highlights: Delhi Suitcase Murder: Live-in Partner Dispute Leads to Arrest
Published: 27 Jan 2025, 02:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented