
ന്യൂഡൽഹി: സഹോദരി ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പായയില്‍പ്പൊതിഞ്ഞ് മുറിയിൽ വെയ്ക്കുകയും കൊലപാതക വിവരം പോലീസിനെ അറിയിക്കുകയും ചെയ്ത് 24-കാരൻ. ഈസ്റ്റ് ഡൽഹിയിലെ ഖിച്രിപൂരിലാണ് സംഭവം. മനീഷ് കുമാർ എന്ന ചെറുപ്പക്കാരനാണ് സഹോദരീ ഭർത്താവ് അഭിഷേക് എന്ന ഹലാനെ കൊലപ്പെടുത്തിയത്.
നവംബർ രണ്ടിനാണ് സംഭവം. മനീഷ് കുമാറിന്റെ സഹോദരി കോമളും അഭിഷേകും രണ്ടുവർഷം മുൻപ് വീട്ടുകാരുടെ സമ്മതമില്ലാതെയാണ് വിവാഹിതരായത്. എന്നാൽ വിവാഹശേഷം പണവും മറ്റുപലകാര്യങ്ങളും ആവശ്യപ്പെട്ട് കോമളിനെ ഉപദ്രവിക്കാൻ ആരംഭിച്ചു. ശാരീരികമായ ഉപദ്രവം കൂടിയതോടെ കോമൾ തിരികെ വീട്ടിലേക്ക് വന്നു. സംഭവദിവസം കോമളിനെ അന്വേഷിച്ച് മദ്യപിച്ച് അഭിഷേക് വീട്ടിലെത്തി. ഒപ്പം പോകില്ലെന്ന് കോമൾ പറഞ്ഞതോടെ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് എല്ലാവരേയും വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്നുണ്ടായ സംഘട്ടനത്തിൽ മനീഷ് അഭിഷേകിന്റെ തലയ്ക്ക് അടിച്ച് വീഴ്ത്തുകയും കത്തികൊണ്ട് പലതവണ കുത്തിയെന്നും ഡി.സി.പി അപൂർവ ഗുപ്ത പറഞ്ഞു.
സംഭവത്തേക്കുറിച്ച് രാവിലെ പത്തരയ്ക്കാണ് പോലീസിന് വിവരം ലഭിച്ചത്. ഖിച്രിപൂരിലെ എട്ടാം നമ്പർ ബ്ലോക്കിൽ സംഘട്ടനം നടക്കുന്നുവെന്നായിരുന്നു ഫോൺ വിളിച്ചയാൾ പറഞ്ഞത്. തുടർന്ന് ഇവിടെയെത്തിയ പോലീസ്, കെട്ടിടത്തിന്റെ മൂന്നാം നിലയിലെ അടുക്കളയിൽനിന്നാണ് വിളി വന്നതെന്ന് തിരിച്ചറിഞ്ഞു. പുറത്തുനിന്നുപൂട്ടിയ മുറി തകർത്ത് അകത്തുകയറിയ പോലീസ് കണ്ടത് രക്തപ്രളയമായിരുന്നു. മരിച്ച അഭിഷേകിന്റെ കഴുത്തിനും തലയ്ക്കുമാണ് പരിക്കുകളുള്ളതെന്നും പോലീസ് വ്യക്തമാക്കി.
മനീഷിനൊപ്പം മുകേഷ് കുമാർ എന്നയാളും അറസ്റ്റിലായിട്ടുണ്ട്. മുകേഷും അഭിഷേകിനെ മർദിച്ചിട്ടുണ്ടെന്നാണ് പോലീസ് കണ്ടെത്തൽ. രണ്ടുപേരും ചേർന്നാണ് അഭിഷേകിന്റെ മൃതദേഹം പായിൽപ്പൊതിഞ്ഞതെന്നും മൃതശരീരം എവിടെയെങ്കിലും ഉപേക്ഷിക്കാനായിരുന്നു ഇവരുടെ പദ്ധതിയെന്നും ഡി.സി.പി വ്യക്തമാക്കി. മുകേഷാണ് മുറി പുറത്തുനിന്ന് പൂട്ടി താക്കോലുമായി പോയതെന്നും ഡി.സി.പി അറിയിച്ചു. കൃത്യം നടന്നയിടത്തുനിന്ന് രക്തംപുരണ്ട ആയുധവും വസ്ത്രങ്ങളും വലിയ കല്ലും പായയും ബെഡ്ഷീറ്റും കണ്ടെടുത്തിട്ടുണ്ട്.
കുമാറിനൊപ്പം ഈ വീട്ടിലാണ് സഹോദരിമാരായ കോമളും പായലും പിതാവ് സാന്ത് റാമും മാതാവ് സീമയും കഴിഞ്ഞുവന്നിരുന്നത്.
Content Highlights: A 24-year-old man in Delhi killed his brother-in-law, wrapped the body in a mat
Published: 05 Nov 2024, 03:37 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented