ഫരീദാബാദ്: വധുവിന്റെ വീട്ടുകാർ മാരുതി ബ്രെസ്സ കാർ നൽകാത്തതിനെത്തുടർന്ന് വിവാഹദിവസം വിവാഹത്തിൽനിന്ന് പിന്മാറിയ ഡൽഹി പോലീസ് കോൺസ്റ്റബിൾ കുൽദീപിനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു. ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അച്ചടക്കലംഘനം പരിഗണിച്ചാണ് സസ്പെൻഷൻ നടപടി സ്വീകരിച്ചതെന്നും സംഭവത്തിൽ വിശദമായ വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഡൽഹി പോലീസ് അറിയിച്ചു.
ഹരിയാണയിലെ സോനപത്തിൽ നവംബർ 20-നായിരുന്നു സംഭവം. വധുവിന്റെ പിതാവ് നൽകിയ പരാതി അനുസരിച്ച്, ഏകദേശം 9.5 ലക്ഷം രൂപ വിലവരുന്ന 'ഹ്യുണ്ടായ് ഔറ' കാർ സ്ത്രീധനമായി നൽകാനാണ് നേരത്തെ ഇരു കുടുംബങ്ങളും തമ്മിൽ ധാരണയായിരുന്നത്.
എന്നാൽ, വിവാഹദിവസം 13 ലക്ഷത്തോളം രൂപ വിലവരുന്ന 'മാരുതി ബ്രെസ്സ' തന്നെ വേണമെന്ന് വരനായ കുൽദീപ് വാശിപിടിക്കുകയായിരുന്നു. വിവാഹവേദിയിലെത്തിയ വരൻ, താൻ ആവശ്യപ്പെട്ട ബ്രെസ്സ കാർ ഏർപ്പാടാക്കിയിട്ടില്ലെന്ന് കണ്ടതോടെ വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കാൻ വിസമ്മതിക്കുകയും തുടർന്ന് വധുവിന്റെ വീട്ടുകാരോട് തർക്കത്തിലേർപ്പെടുകയും വിവാഹത്തിൽ നിന്ന് പിന്മാറുകയുമായിരുന്നു. തടയാൻ ശ്രമിച്ച ബന്ധുക്കളെയും വീട്ടുകാരെയും ഇയാൾ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയിൽ പറയുന്നു.
ആറുമാസം മുൻപ് വിവാഹനിശ്ചയം കഴിഞ്ഞത് മുതൽ സ്വർണാഭരണങ്ങളും മറ്റ് സാധനങ്ങളും ആവശ്യപ്പെട്ട് വരന്റെ കുടുംബം സമ്മർദം ചെലുത്തിയിരുന്നതായി വധുവിന്റെ ബന്ധുക്കൾ ആരോപിക്കുന്നു. വിവാഹച്ചടങ്ങുകൾക്കായി കല്യാണഹാൾ, ഭക്ഷണം, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ഫർണിച്ചറുകൾ എന്നിവയ്ക്കായി വൻ തുക ചെലവഴിച്ചിട്ടുണ്ടെന്നും ഈ തുക തിരികെ വാങ്ങി നൽകണമെന്നും പെൺകുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടു.
Published: 23 Nov 2026, 05:53 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented