ചെന്നൈ: ചുമമരുന്ന് കഴിച്ച് കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ മരുന്ന് നിര്‍മാണ കമ്പനിയുടെ ഉടമ അറസ്റ്റിലായി. 'കോള്‍ഡ്രിഫ്' ചുമമരുന്നിന്റെ നിര്‍മാതാക്കളായ തമിഴ്‌നാട്ടിലെ ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ഉടമ രംഗനാഥന്‍ ഗോവിന്ദനെയാണ് മധ്യപ്രദേശ് പോലീസ് അറസ്റ്റ്‌ചെയ്തത്. ബുധനാഴ്ച അര്‍ധരാത്രിയോടെ ചെന്നൈയില്‍നിന്നാണ് മധ്യപ്രദേശ് പോലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.

To advertise here,

'കോള്‍ഡ്രിഫ്' ചുമമരുന്ന് കഴിച്ച് ഇരുപതോളം കുട്ടികളാണ് മധ്യപ്രദേശില്‍ മാത്രം മരിച്ചത്. രാജസ്ഥാനിലും സമാനരീതിയില്‍ മരണങ്ങളുണ്ടായി. സംഭവത്തിന് പിന്നാലെ മരണത്തിനിടയാക്കിയ 'കോള്‍ഡ്രിഫ്' മരുന്ന് നിര്‍മിച്ച കമ്പനിക്കെതിരേ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാല്‍, കുട്ടികളുടെ മരണം ചര്‍ച്ചയായതിന് പിന്നാലെ ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ഉടമ രംഗനാഥന്‍ ഒളിവില്‍പോയി. ഇയാളെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പോലീസ് 20,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചു. ഇതിനിടെയാണ് ബുധനാഴ്ച രാത്രി ചെന്നൈയില്‍നിന്ന് ഇയാളെ നാടകീയമായി പിടികൂടിയത്.

രംഗനാഥനെ പിടികൂടാനായി ഒക്ടോബര്‍ അഞ്ചാംതീയതി മുതല്‍ മധ്യപ്രദേശ് പോലീസ് സംഘം ചെന്നൈയില്‍ തിരച്ചില്‍ ആരംഭിച്ചിരുന്നതായാണ് വിവരം. ഇയാളുടെ വീടും ഇയാളുടെ പേരിലുണ്ടായിരുന്ന വാഹനങ്ങളും പോലീസ് നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്നാണ് ചെന്നൈയില്‍നിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തത്. മനഃപൂര്‍വമല്ലാത്ത നരഹത്യ, മായംചേര്‍ക്കല്‍, കുട്ടികളുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ രംഗനാഥനെ കാഞ്ചീപുരത്തെ മരുന്ന് നിര്‍മാണ കമ്പനിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇവിടെനിന്ന് കേസുമായി ബന്ധപ്പെട്ട സുപ്രധാനരേഖകളും അന്വേഷണം സംഘം കണ്ടെടുത്തിട്ടുണ്ട്.