
ഭോപാല്‍: ബൈക്കിലെത്തിയ രണ്ടംഗസംഘം പട്ടാപ്പകല്‍ കോളേജ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി. മധ്യപ്രദേശിലെ ഗ്വാളിയോറില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. മധ്യപ്രദേശിലെ ബാരാ സ്വദേശിനിയായ 19-കാരിയെയാണ് സഹോദരന്റെ കണ്‍മുന്നില്‍നിന്ന് തട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിയെ കണ്ടെത്താനായി പോലീസ് വ്യാപകമായ തിരച്ചില്‍ നടത്തിവരികയാണ്.
തിങ്കളാഴ്ച രാവിലെ 9.30-ഓടെ ഗ്വാളിയോറിലെ ഝാന്‍സി റോഡിലെ പെട്രോള്‍ പമ്പില്‍ സഹോദരനൊപ്പം ബസ്സിറങ്ങിയതിന് പിന്നാലെയാണ് പെണ്‍കുട്ടിയെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിയെ മുഖംമറച്ചെത്തിയ ഒരാള്‍ ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ ബൈക്കിലിരുത്തി രണ്ടംഗസംഘം കടന്നുകളയുകയും ചെയ്തു. ഈ രംഗങ്ങളെല്ലാം സമീപത്തെ സിസിടിവി ക്യാമറകളിലും പതിഞ്ഞിട്ടുണ്ട്.
കോളേജ് വിദ്യാര്‍ഥിനിയായ 19-കാരി ബന്ധുവിന്റെ ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുക്കാനായാണ് സഹോദരനൊപ്പം ഗ്വാളിയോറില്‍ എത്തിയതെന്നാണ് പോലീസ് നല്‍കുന്നവിവരം. സംഭവത്തിന് പിന്നാലെ നഗരത്തില്‍ വ്യാപകമായ പരിശോധന നടത്തിയെങ്കിലും പ്രതികളുടെ ബൈക്കോ ഇവര്‍ എങ്ങോട്ടാണ് പോയതെന്നോ പോലീസിന് കണ്ടെത്താനായിട്ടില്ല.
അതേസമയം, സംഭവത്തിന് പിന്നില്‍ പെണ്‍കുട്ടിയെ പരിചയമുള്ള ഒരു യുവാവാണെന്ന സൂചനകളും പോലീസിന് ലഭിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ ഗ്രാമത്തില്‍ താമസിക്കുന്ന ഇയാളെ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. കഴിഞ്ഞദിവസം ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി വഴക്കിട്ടിരുന്നതായി പോലീസിന് വിവരം കിട്ടിയിട്ടുണ്ട്. മാത്രമല്ല, പെട്രോള്‍ പമ്പില്‍ ബസ് എത്തുന്നതിന് മുന്‍പ് യുവാവ് സ്ഥലത്തുണ്ടായിരുന്നതായും ചിലര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. യുവാവിന്റെ ഫോട്ടോ കാണിച്ച് പോലീസ് നടത്തിയ വിവരശേഖരണത്തിലാണ് ഇയാളെ സ്ഥലത്ത് കണ്ടതായി ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയത്. ഇതോടെയാണ് തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ ഈ യുവാവാണെന്ന സംശയവും ബലപ്പെട്ടിരിക്കുന്നത്.
Content Highlights: college student kidnapped from gwalior police searching continues
Published: 20 Nov 2023, 05:29 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented