ചെന്നൈ: കോയമ്പത്തൂരിൽ കാണാതായ പത്തുവയസ്സുകാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച വൈകിട്ടോടെയാണ് പെൺകുട്ടിയെ കാണാതായത്. തുടർന്ന് വെള്ളിയാഴ്ച, സുലൂർ പ്രദേശത്തെ കണ്ണംപാളയം തടാകത്തിന് സമീപത്തുനിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. ദേഹത്ത് മുറിവുകളുമുണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കാർത്തിക്, മോഹൻരാജ് എന്നിങ്ങനെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സാധനങ്ങൾ വാങ്ങാനിറങ്ങിയ പെൺകുട്ടിയെ ഇവർ തട്ടിക്കൊണ്ടുപോവുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നെന്നാണ് വിവരം.
സംഭവത്തിന് പെൺകുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും നീതി ആവശ്യപ്പെട്ട് സുലൂരിലെ പോലീസ് സ്‌റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു. മുഖ്യമന്ത്രി വിജയ്‌യിൽനിന്ന് ഉറപ്പുലഭിക്കാതെ മൃതദേഹം മോർച്ചറിയിൽനിന്ന് ഏറ്റുവാങ്ങില്ലെന്നായിരുന്നു കുട്ടിയുടെ മാതാപിതാക്കളുടെ നിലപാട്.
‘മാറ്റത്തിന് വേണ്ടിയാണ് തങ്ങൾ വോട്ടുചെയ്തത്. എന്നാൽ അദ്ദേഹം (വിജയ്) ഇപ്പോൾ പ്രസ്താവന നടത്തുകയോ ഉറപ്പുനൽകുകയോ ചെയ്യുന്നില്ല എന്നായിരുന്നു പെൺകുട്ടിയുടെ കുടുംബത്തിന്റെ വിമർശനം. പിന്നാലെ സാമൂഹികമാധ്യമമായ എക്‌സിലൂടെ വിജയ്‌യുടെ പ്രതികരണമെത്തി.
ഇത്തരം സംഭവങ്ങൾ ക്ഷമിക്കാനാകില്ലെന്ന് വിജയ് കുറിപ്പിൽ പറയുന്നു. കോയമ്പത്തൂരിൽ ഇന്നലെ പത്തു വയസ്സുകാരിക്കുണ്ടായ ഭീകരമായ അനുഭവം കടുത്ത ദുഃഖവും ഞെട്ടലുമുണ്ടാക്കുന്നു. ഇത്തരം മനുഷ്യത്വരഹിതവും ക്ഷമിക്കാനാകാത്തതുമായ ക്രിമിനൽ പ്രവൃത്തികൾ നമ്മുടെ സമൂഹത്തിൽ ഒരിക്കലും പൊറുക്കാനാവുന്നതല്ല, എന്നായിരുന്നു വിജയ്‌യുടെ കുറിപ്പ്.
തമിഴ്‌നാട് ഡിജിപി സന്ദീപ് റായ് റാഥോഡ് കേസ് അന്വേഷണം വിലയിരുത്താൻ കോയമ്പത്തൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മന്ത്രി എം.എസ്. സമ്പത്ത് ആശുപത്രിയിലെത്തി പെൺകുട്ടിയുടെ ബന്ധുക്കളെ കണ്ടു. സുലൂരിനെ പ്രതിനിധീകരിക്കുന്ന ടിവികെ എംഎൽഎ എൻ.എം. സുകുമാറും കുടുംബത്തെ കാണുകയും കുറ്റക്കാർക്ക് കടുത്ത ശിക്ഷ ഉറപ്പുവരുത്തുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.
അതേസമയം, ഡിഎംകെ അതിരൂക്ഷ വിമർശനമാണ് ടിവികെ സർക്കാരിനെതിരേ ഉയർത്തിയത്. ടിവികെ സർക്കാർ അധികാരത്തിലെത്തി വെറും 12 ദിവസത്തിനകംതന്നെ ലൈംഗിക അതിക്രമം, കഞ്ചാവുകടത്ത് ഉൾപ്പെടെ 30-ൽ അധികം വലിയ സംഭവങ്ങളുണ്ടായിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ ആരോപിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നിലയിൽ ഗുരുതര ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു.
Content Highlights: 10-year-old girl kidnapped and murdered in Sulur, Coimbatore., Two suspects, Karthik and Mohanraj, arrested by police., Family refuses to accept the body demanding direct assurance from CM Vijay., CM Vijay condemned the incident on X, calling it unforgivable., Opposition leader Udhayanidhi Stalin criticized the 12-day-old TVK government's law and order record.
Published: 23 May 2026, 04:34 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented