
വൈത്തിരി : സ്വർണക്കടത്തുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ആയുധങ്ങളുമായി ഗുണ്ടാസംഘങ്ങൾ നടുറോഡിൽ ഏറ്റുമുട്ടിയ സംഭവത്തിൽ നാലുപേർകൂടി അറസ്റ്റിൽ.
മലപ്പുറം സ്വദേശികളായ അരീക്കോട്, മൂർക്കനാട്, നടുത്തൊടിക വീട്ടിൽ ഹാരിസ് (29), അരീക്കോട്, കരിക്കാടൻ വീട്ടിൽ ഷറഫുദ്ദീൻ (38), കരിക്കാടൻ വീട്ടിൽ ഷിഹാബുദീൻ (35), ഉരങ്ങാട്ടേരി, കാരാത്തോടി വീട്ടിൽ ഷഫീർ (35) എന്നിവരാണ് പിടിയിലായത്.
ലക്കിടിയിൽനിന്നാണ് വൈത്തിരി പോലീസ് ഇവരെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം പത്തായി. ആറുപേരെ ശനിയാഴ്ചതന്നെ പോലീസ് അറസ്റ്റുചെയ്തിരുന്നു.
വെള്ളിയാഴ്ച രാവിലെ പൊഴുതന പെരുങ്കോടയിലായിരുന്നു ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടൽ. മലപ്പുറം സ്വദേശിയായ ശിഹാബിൽനിന്ന് പൊഴുതന സ്വദേശി റാഷിദ് മുംബൈയിൽനിന്ന് സ്വർണം തട്ടിയെടുത്തതിലുള്ള വിരോധമാണ് ഏറ്റുമുട്ടലിനുപിന്നിൽ.
സ്വർണംതട്ടിയത് ചോദിക്കാൻ മലപ്പുറത്തുനിന്നെത്തിയ ശിഹാബും കൂട്ടാളികളും റാഷിദും കൂട്ടാളികളും തമ്മിലാണ് ഏറ്റുമുട്ടിയത്. കാറിൽ പിന്തുടർന്നായിരുന്നു ആക്രമണം.
റാഷിദ് സഞ്ചരിച്ചിരുന്ന കാറിനെ ശിഹാബിന്റെ നേതൃത്വത്തിലുള്ള സംഘം രണ്ടുകാറുകളിലായി പിന്തുടർന്ന് തടഞ്ഞു. തുടർന്ന് ആയുധങ്ങളുമായി ആക്രമണം തുടങ്ങി. അപ്പോഴേക്കും റാഷിദിന്റെ കൂട്ടാളികൾ മാരകായുധങ്ങളുമായി സ്ഥലത്തെത്തുകയും ഇരുകൂട്ടരും തമ്മിൽ പരസ്പരം ഏറ്റുമുട്ടുകയുമാണുണ്ടായത്. ഒടുവിൽ ശിഹാബിന്റെ സംഘം പിൻവലിഞ്ഞ് ഓടിരക്ഷപ്പെട്ടു.
ശിഹാബിന്റെ സംഘത്തിലെ കാർ ഓടിച്ചിരുന്ന അരീക്കോട്, മൂർക്കനാട്, നടുത്തൊടിക വീട്ടിൽ ഹാരിസി(29)നെ റാഷിദിന്റെ കൂട്ടാളികൾ ഡ്രൈവർസീറ്റിൽനിന്ന് വലിച്ചിറക്കി കാർ തല്ലിപ്പൊളിച്ചു. തുടർന്ന് ഇയാളെ കാറിൽ കയറ്റിക്കൊണ്ടുപോയി ആളൊഴിഞ്ഞ തേയിലത്തോട്ടത്തിലെത്തിച്ച് ഇരുമ്പുവടിയടക്കമുള്ള ആയുധങ്ങളുപയോഗിച്ച് അതിക്രൂരമായി മർദിക്കുകയും ചെയ്തു.
എൻ.ടി. ഹാരിസിന്റെ പരാതിപ്രകാരം റാഷിദിനെയും കൂട്ടാളികളെയും വെള്ളിയാഴ്ചതന്നെ അറസ്റ്റുചെയ്തിരുന്നു. റാഷീദിന്റെ പരാതിയിലാണ് ഹാരിസിനെയടക്കം നാലുപേരെ ഞായറാഴ്ച അറസ്റ്റു ചെയ്തത്. മറ്റുള്ളവർക്കായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു.
Content Highlights: Clash between gangs: Four more arrested
Published: 10 Jun 2024, 07:50 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented