
അയൽവാസികളായ മൂന്നുപേരെ നിഷ്ഠൂരമായി കൊലപ്പെടുത്തിയാണ് ചെന്താമര എന്ന കൊടുകുറ്റവാളി ജയിലിലായത്. ഒന്നരവർഷത്തിനുശേഷം കേസിൽ ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നു. അയൽവാസിയായ സജിത എന്ന സ്ത്രീയെ കൊലപ്പെടുത്തി ശിക്ഷയിൽ കഴിയുന്നതിനിടെ ജാമ്യത്തിലിറങ്ങിയപ്പോഴായിരുന്നു സജിതയുടെ ഭർത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. ചെന്താമരയുടെ ഭാര്യ അയാളുമായി പിരിയാൻ കാരണം സജിതയും കുടുംബവുമാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
തിരുപ്പൂരിൽ ഡ്രൈവറായിരുന്നു കൊല്ലപ്പെട്ട സുധാകരൻ. ഞായറാഴ്ചകളിൽ വീട്ടിലെത്തി പിറ്റേന്ന് തിരിച്ചുപോകുകയാണ് പതിവ്. തിങ്കളാഴ്ച രാവിലെ ഒൻപതരയോടെ സുധാകരൻ സ്‌കൂട്ടറിൽ വീട്ടിൽനിന്ന് ഇറങ്ങുമ്പോൾ ചെന്താമര ഓടിവന്ന് കൊടുവാളുകൊണ്ട് വെട്ടിവീഴ്ത്തുകയായിരുന്നു. കൈയിലും കാലിലും കഴുത്തിലും ആഴത്തിൽ മുറിവേറ്റ സുധാകരൻ തത്ക്ഷണം മരിച്ചു. നിലവിളികേട്ട് തടസ്സം പിടിക്കാനെത്തിയ ലക്ഷ്മിയുടെ ദേഹമാസകലം വെട്ടേറ്റു. അയൽക്കാർ ഓടിയെത്തിയപ്പോഴേക്കും ചെന്താമര സ്വന്തം വീട്ടിലേക്ക് ഓടിക്കയറി വാതിലടച്ചു. കൊടുവാൾ അലമാരയിൽ വെച്ചശേഷം പിൻവാതിലിലൂടെ പാടത്തേക്ക് ചാടി രക്ഷപ്പെട്ടു. നീണ്ട തിരിച്ചിലിനൊടുവിലാണ് പോലീസ് പ്രതിയെ പിടികൂടിയത്.
ജയിലിൽനിന്നിറങ്ങിയ ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചാണ് പോത്തുണ്ടിയിലെ വീട്ടിലെത്തി കൊലപാതകം നടത്തി രക്ഷപ്പെട്ടത്.
കുടുംബജീവിതം തകർത്തതിൽ സജിതയോട് പക, കൊലപാതകം
2019 ഓഗസ്റ്റ് 30-നാണ് സജിത കൊല്ലപ്പെട്ടത്. തന്റെ കുടുംബജീവിതം തകർന്നതിൽ അയൽവാസി സജിതയ്ക്ക് പങ്കുണ്ടെന്ന തെറ്റിദ്ധാരണയിൽനിന്നുണ്ടായ പകയാണ് കൊലപാതകത്തിലേക്കു നയിച്ചത്. കുറ്റകൃത്യവും ആസൂത്രണവും പ്രതി ഒറ്റയ്ക്കാണ് നടത്തിയത്. നാട്ടുകാരി തന്നെയായിരുന്ന യുവതിയെ ചെന്തമാര പ്രേമിച്ച് വിവാഹം കഴിച്ചതാണ്. എന്നാൽ മോശം അനുഭവങ്ങളെ തുടർന്ന് ഭാര്യയും മകളും ചെന്താമരയെ ഉപേക്ഷിച്ചു. സുധാകരന്റെ ഭാര്യ സജിത കാരണമാണ് ഭാര്യ പിരിഞ്ഞുപോയത് എന്നാണ് ചെന്തമാര ധരിച്ചിരുന്നത്. ഇതാണ് സജിതയോടുള്ള പകയിലേക്കെത്തിയത്.
തന്നിൽനിന്ന് പിരിഞ്ഞുപോയ ഭാര്യയെയും കൊല്ലാൻ പദ്ധതിയിട്ടി സജിതയെ കൊലപ്പെടുത്തിയ തന്നോട് സുധാകരൻ പകരം വീട്ടുമെന്ന ഭയം ചെന്തമാരയ്ക്കുണ്ടായിരുന്നു. അത് സുധാകരന്റേയും അമ്മയുടേയും കൊലപാതകത്തിലേക്കും നയിച്ചു. മാരകമുറിവുകളാണ് കൊല്ലപ്പെട്ട സുധാകരനും ലക്ഷ്മിക്കുമേറ്റത്. സുധാകരന് കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമായത്.കൂടാതെ, വലതുകാലിലും വെട്ട് തടുക്കുന്നതിനിടെ വലതുകൈത്തണ്ടയിലും ഉൾപ്പെടെ എട്ട് വെട്ടേറ്റാണ് സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടത്. ലക്ഷ്മിക്ക് ചെവിക്കും കണ്ണിനും മധ്യേ ആഴത്തിലുള്ള മുറിവാണ് മരണകാരണമായത്. കാൽമുട്ടിലുൾപ്പെടെ 12 വെട്ടേറ്റിട്ടുണ്ടെന്ന് ജില്ലാ ആശുപത്രിയിലെ മൃതദേഹ പരിശോധനയിൽ കണ്ടെത്തിയിരുന്നു.
ബോയൻ കോളനിയിലെ ഇടവഴിയിൽ ഇരുവശത്തുമായിരുന്നു ചെന്തമാരയുടെയും കൊല്ലപ്പെട്ട സുധാകരന്റെയും വീടുകളുണ്ടായിരുന്നത്. സുധാകരന്റെയും ലക്ഷ്മിയുടെയും വീടാണ് ഇടവഴിയിലെ അവസാനത്തെ വീട്. തൊട്ടടുത്താണ് പ്രതി ചെന്താമര താമസിച്ചിരുന്നത്. വലിയവാഹനങ്ങൾ ഉൾപ്പെടെ ഓടിച്ചുശീലമുള്ള ചെന്താമര നെല്ലിയാമ്പതി-പൊള്ളാച്ചി റൂട്ടിൽ സർവീസ് നടത്തിയിരുന്ന സ്വകാര്യബസിലെ ഡ്രൈവറായിരുന്നു. ഇക്കാലത്താണ് നെല്ലിച്ചോടുള്ള യുവതിയുമായി പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. വിവാഹശേഷം പ്രണയം സംശയത്തിലേക്ക് നീങ്ങിയതായി പ്രദേശവാസികൾ മൊഴി നൽകിയിരുന്നു. ഭാര്യ തൊഴിലുറപ്പ് തൊഴിലിനുൾപ്പെടെ പോകുന്നത് മുടക്കിയിരുന്നതായും, ഇതേച്ചൊല്ലി തർക്കങ്ങളുണ്ടാകുന്നതും പതിവായിരുന്നെന്നും സമീപവാസികൾ പറഞ്ഞിട്ടുണ്ട്.
മിക്കസമയവും വീടിന്റെ വാതിൽ പൂട്ടി അകത്തിരിക്കുകയായിരുന്നു ചെന്താമരയുടെ ശീലം. കടുത്ത അന്ധവിശ്വാസിയും സംശയരോഗിയുമായിരുന്നു. മുടി നീട്ടി വളർത്തിയ ഒരു സ്ത്രീയാണ് തന്റെ കുടുംബപ്രശ്നങ്ങളുടെ കാരണമെന്ന് അയാൾ വിശ്വസിച്ചു. സജിതയെയും കുടുംബത്തെയും ഇയാൾ ഇടയ്ക്കിടെ ഭീഷണിപ്പെടുത്തുമായിരുന്നു. അത് കൊലപാതകത്തിൽ കലാശിക്കുമെന്ന് ആരും കരുതിയില്ല. 2019 ഓഗസ്റ്റ് 31-ന് ഉച്ചയ്ക്ക് 12 മണിയോടെ ചെന്താമര സജിതയുടെ വീട്ടിലെത്തി. സജിത വീട്ടിൽ ഒറ്റയ്ക്കാണെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമായിരുന്നു എത്തിയത്. വീടിനകത്ത് കയറിയ ഇയാൾ സജിതയെ ആഞ്ഞു വെട്ടി. കഴുത്തിന്റെ പിൻഭാഗത്തും തോളിലും മാരമായി പരിക്കേറ്റ സജിത സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിസരപ്രദേശങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ എല്ലാ വിരലുകളും ചൂണ്ടിയത് ചെന്താമരയിലേക്കാണ്. പോലീസിന് പിടികൊടുക്കാതിരിക്കാൻ നെല്ലിയാമ്പതി കാട്ടിലേക്ക് ഓടിയൊളിച്ച ചെന്താമര ദിവസങ്ങൾക്ക് ശേഷമാണ് പിടിയിലാകുന്നത്.
സജിതയെ കൊലപ്പെടുത്തി ജയിലിൽ കഴിയുന്പോൾ തന്നെ എന്റെ കുടുംബം തകർത്തവരിൽ ഇനി രണ്ട് സ്ത്രീകൾകൂടി ബാക്കിയുണ്ട്, ഇറങ്ങിയാൽ അവരെയും തീർക്കുമെന്ന് സഹതടവുകാരോട് ചെന്തമാര പറഞ്ഞിരുന്നു.
ജാമ്യത്തിലിറങ്ങി ഇരട്ടക്കൊലപാതകം
സജിത കൊലക്കേസിൽ വിയ്യൂർ സെൻട്രൽ ജയിലിൽ വിചാരണ തടവുകാരനായിരിക്കുമ്പോഴും ചെന്താമരയുടെ പകയടങ്ങിയില്ല. സജിതയുടെ കുടുംബത്തിലെ എല്ലാവരെയും കൊല്ലണമെന്ന ചിന്തയിലാണ് ജാമ്യത്തിലിറങ്ങിയത്. ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ നെന്മാറ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കുന്നത് വിലക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും നെന്മാറ ഗ്രാമപ്പഞ്ചായത്തിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥയേ ഉൾപ്പെടുത്തിയുള്ളൂ. ഈ വ്യവസ്ഥ ലംഘിച്ചാണ് പോത്തുണ്ടിയിലെ വീട്ടിലെത്തി സുധാകരനെയും ലക്ഷ്മിയെയും കൊലപ്പെടുത്തിയതും. സുധാകരന്റെയും സജിതയുടെയും മക്കൾ വീട്ടിൽ ഇല്ലാതിരുന്നതിനാൽ രക്ഷപ്പെടുകയായിരുന്നു. വളരെ ആസൂത്രിതമായാണ് ചെന്താമര കൃത്യം ചെയ്തത്. കൊലപാതകത്തിന് പിന്നാലെ ചെന്താമര പോത്തുണ്ടി മേഖലയിലെ വനത്തിൽ ഒളിച്ചു. പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ വ്യാപകമായ തിരച്ചിലിൽ അതേ ദിവസം രാത്രി തന്നെ അയാൾ പോലീസിന്റെ പിടിയിലായി.
ജാമ്യത്തിലിറങ്ങി നാല് പേരെ കൊലപ്പെടുത്തി തിരികെ ജയിലിലേക്ക് പോകാനായിരുന്നു ചെന്തമാരയുടെ പദ്ധതി. എന്നാൽ രണ്ടുപേരെ കൊലപ്പെടുത്താൻ മാത്രമേ സാധിച്ചുള്ളൂ. സുധാകരന്റെ മക്കൾ വീട്ടിലില്ലാതിരുന്നതിനാൽ പദ്ധതി നടന്നില്ല.
58-ാം നാൾ കുറ്റപത്രം
നെന്മാറ ഇരട്ടക്കൊലപാതക കേസിൽ രണ്ട് മാസത്തിനുള്ളിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു.133 സാക്ഷികളാണ് സുധാകരൻ-ലക്ഷ്മി വധക്കേസിൽ ചെന്താമരയ്ക്കെതിരേ രംഗത്ത് വന്നത്. സുധാകരന്റെ വീടിന് തൊട്ടടുത്ത പാടത്ത് ആടു മേയ്ക്കുമ്പോൾ കൊലപാതകം നേരിൽ കണ്ട ഗിരീഷെന്ന യുവാവാണ് ഇരട്ടക്കൊലപാതകത്തിന്റെ ദൃക്‌സാക്ഷി. 480 പേജുള്ള കുറ്റപത്രത്തിനൊപ്പം അറുപതോളം തെളിവുകളും രേഖകളുമുണ്ട്.
പ്രതി ഇടംകൈയനാണെങ്കിലും ഇരുകൈകളും ഒരേപോലെ ഉപയോഗിക്കാൻ കഴിവുണ്ടെന്ന് കുറ്റപത്രത്തിൽ ഡോക്ടർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ ശരീരത്തിലെ മുറിവുകൾ ഇടതു കൈപ്പാങ്ങുള്ളയാളുടെ വെട്ടുകൊണ്ടുള്ളതാണെങ്കിൽ എത്ര ആഴവും മാരകവുമാകുമെന്നതും ശാസ്ത്രീയമായി വിലയിരുത്തി. പ്രതി ഇടംകൈയനാണെന്ന കാര്യം അന്വേഷണസംഘം വൈകിയാണ് അറിഞ്ഞത്. ഇത് അറിയാതെപോയിരുന്നെങ്കിൽ ആയുധം ഉപയോഗിച്ചതിലെ പ്രത്യേകത ചൂണ്ടിക്കാട്ടി പ്രതിഭാഗത്തിന് എതിർവാദം ഉന്നയിക്കാമായിരുന്നു. പ്രതി മാനസികരോഗിയല്ലെന്ന തെളിവുകളും കുറ്റപത്രത്തിലുണ്ട്.
Content Highlights: Chethamara convicted for the murders of Sudhakaran and Lakshmi., The crime was fueled by a long-standing grudge and domestic disputes., The accused violated bail conditions to commit the double homicide., Police submitted a 480-page chargesheet with 133 witnesses., Scientific evidence confirmed the accused was not mentally ill at the time of the crime.
Published: 13 Jul 2026, 12:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented