കൊച്ചി: കേരളത്തെ ഞെട്ടിച്ച ചന്ദ്രബോസ് കൊലക്കേസില് ശിക്ഷിക്കപ്പെട്ട മുഹമ്മദ് നിഷാമിന് ഹൈക്കോടതി പരോള് അനുവദിച്ചു. 15 ദിവസത്തേക്കാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് നിഷാമിന് പരോള് അനുവദിച്ചത്. നിഷാമിന്റെ ഭാര്യ നല്കിയ അപേക്ഷയിലാണ് കോടതി പരോള് നല്കിയത്.
മാതാവിന്റെ ചികിത്സ ഉള്പ്പെടെയുള്ള കാര്യങ്ങള് ചൂണ്ടിക്കാണിച്ച് നിഷാമിന് 30 ദിവസത്തെ പരോള് അനുവദിക്കണമെന്നാണ് ഭാര്യ നല്കിയ അപേക്ഷയില് ആവശ്യപ്പെട്ടിരുന്നത്. എന്നാല്, അപേക്ഷ ആദ്യം പരിഗണിച്ച ഹൈക്കോടതി സിംഗിള് ബെഞ്ച് പരോള് നിഷേധിച്ചു. പോലീസ് റിപ്പോര്ട്ട് എതിരായതിനാലാണ് സിംഗിള് ബെഞ്ച് പരോള് നിഷേധിച്ചത്. ഇതോടെ പരോളിനായി ഡിവിഷന് ബെഞ്ചില് അപ്പീല് നല്കുകയായിരുന്നു. ഈ അപ്പീലാണ് ഡിവിഷന് ബെഞ്ച് അംഗീകരിച്ചത്.
പരോള് അനുവദിച്ചെങ്കിലും ഇതിലെ വ്യവസ്ഥകള് തീരുമാനിക്കേണ്ടത് ജയില്വകുപ്പാണ്. നിലവില് മുഹമ്മദ് നിഷാം വിയ്യൂര് ജയിലില് ശിക്ഷ അനുഭവിച്ചുവരികയാണ്. പരോള് അനുവദിച്ചുള്ള ഹൈക്കോടതി ഉത്തരവ് ജയില് അധികൃതര് ഇനി സര്ക്കാരിന് കൈമാറും. മുഹമ്മദ് നിഷാം നേരത്തെയും പരോള് നേടി വിവിധസമയങ്ങളില് ജയിലില്നിന്ന് പുറത്തിറങ്ങിയിരുന്നു.
സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയതിനാണ് വ്യവസായിയായ മുഹമ്മദ് നിഷാമിനെ കോടതി ശിക്ഷിച്ചത്. 2015 ജനുവരി 29-ന് തൃശ്ശൂര് ശോഭ സിറ്റിയിലായിരുന്നു സംഭവം. ഗേറ്റ് തുറക്കാന് വൈകിയതിനാണ് സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ നിഷാം ആക്രമിച്ചത്. പിന്നാലെ ഹമ്മര് കാറിടിപ്പിച്ച് വീഴ്ത്തി. തുടര്ന്ന് വീണ്ടും ചന്ദ്രബോസിനെ മര്ദിക്കുകയും ചന്ദ്രബോസ് കൊല്ലപ്പെടുകയുമായിരുന്നു.
ചന്ദ്രബോസ് കൊലക്കേസില് ജീവപര്യന്തം തടവിനാണ് വിചാരണ കോടതി നിഷാമിനെ ശിക്ഷിച്ചത്. ഇതിനുപുറമേ വിവിധ വകുപ്പുകളിലായി 24 വര്ഷം തടവും 80.30 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. പിഴത്തുകയില് 50 ലക്ഷം രൂപ ചന്ദ്രബോസിന്റെ കുടുംബത്തിന് നല്കാനും നിര്ദേശിച്ചു. വിചാരണ കോടതിയുടെ വിധി പിന്നീട് ഹൈക്കോടതിയും ശരിവെച്ചു. നിഷാമിന് വധശിക്ഷ നല്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്ക്കാര് സുപ്രീംകോടതിയെയും സമീപിച്ചിരുന്നു.
Content Highlights: Muhammed Nisham, convicted in the Chandrabos murder case, granted 15-day parole by Kerala High Court
Published: 08 Apr 2025, 12:47 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented