കൊച്ചി: കംബോഡിയ കേന്ദ്രമായുള്ള ചൈനീസ് സൈബർ തട്ടിപ്പുസംഘത്തിന്റെ കൈവശമുള്ളത് മലയാളികൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിനാളുകളുടെ വിവരങ്ങൾ. ഡിജിറ്റൽ അറസ്റ്റ്, വ്യാജനിക്ഷേപ വാഗ്ദാനം, ലോൺ ആപ്പ്, പെൺകെണിയിലൂടെ പണംതട്ടൽ, വ്യാജ സമ്മാന ഓഫർ തുടങ്ങി പല വിഭാഗങ്ങളായാണ് തട്ടിപ്പുസംഘം പ്രവർത്തിക്കുന്നത്. ആവശ്യമായ ഡേറ്റകൾ കോൾ സെന്ററുകളിൽ ജോലിക്കെത്തുന്നവർക്ക് നടത്തിപ്പുകാർ നൽകും. ഇഷ്ടമുള്ളത് തിരഞ്ഞെടുത്ത് തട്ടിപ്പ് തുടരാം. അവരവരുടെ കഴിവ് തെളിയിക്കാൻ പറ്റുന്ന മേഖലകളാണ് ഓരോരുത്തരും തിരഞ്ഞെടുക്കുക.
ശബ്ദഗാംഭീരമുള്ളവർ ഡിജിറ്റൽ അറസ്റ്റ് തിരഞ്ഞെടുക്കുമ്പോൾ ചിലർ പെൺകുട്ടികളുടെ ശബ്ദം അനുകരിച്ചുള്ള തട്ടിപ്പിലേക്ക് മാറും. കൊച്ചിയിൽ അടുത്തയിടെ പിടിയിലായ അരൂർ സ്വദേശി സൂരജ് ആദ്യം ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലാണ് കേന്ദ്രീകരിച്ചത്. എന്നാൽ ശബ്ദം പോരെന്ന് പറഞ്ഞ് സ്ത്രീശബ്ദത്തിൽ ആളുകളെ കബളിപ്പിച്ച് പണം തട്ടുന്ന മേഖലയിലേക്ക് മാറി. അങ്ങനെയാണ് കൊച്ചി സ്വദേശിയായ ഡോക്ടറെ കബളിപ്പിച്ച് 37 ലക്ഷം തട്ടിയെടുത്തത്.
മുതിർന്ന പൗരന്മാർ, യുവതീ-യുവാക്കൾ, വീട്ടമ്മമാർ, തുടങ്ങി വിവിധ പ്രായത്തിലുള്ളവരുടെയും ഡേറ്റകൾ തട്ടിപ്പ് സംഘത്തിന്റെ കൈവശമുണ്ടെന്ന് പിടിയിലായവർ സൈബർ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. സ്ഥിര നിക്ഷേപമുള്ളവരുടെ ഉൾപ്പെടെ വിവരങ്ങൾ ഇവരുടെ പക്കലുണ്ടെന്ന് സൈബർ പോലീസ് സംശയിക്കുന്നു.
പണം ആദ്യമെത്തുക ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടുകളിൽ
കംബോഡിയയും ലാവോസും തട്ടിപ്പിന്റെ പ്രധാന കേന്ദ്രമാകുമ്പോഴും ഇന്ത്യക്കാരിൽനിന്ന് തട്ടിയെടുക്കുന്ന പണം ആദ്യമെത്തുക ഇന്ത്യയിലെ ഏതെങ്കിലും ബാങ്ക് അക്കൗണ്ടിലേക്കായിരിക്കും. കേരളത്തിലേയോ ഇന്ത്യയിലെ മറ്റിടങ്ങളിലോ ഉള്ള ഏജന്റുമാരുടെ സഹായത്തോടെ പിൻവലിച്ച് പണം വിദേശത്തേക്ക് അയക്കുകയാണ് പതിവ്. ഇതിനാണ് ഓരോ സംസ്ഥാനങ്ങളിൽനിന്നും ആളുകളെ റിക്രൂട്ട് ചെയ്യുന്നത്. ഇൻഡൊനീഷ്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ ജോലിക്ക് പോകുന്നുവെന്ന് പറഞ്ഞാണ് പലരും കംബോഡിയയിലെത്തുന്നത്.
ഡേറ്റകൾ കിട്ടുന്നത് ഡാർക്ക് നെറ്റിൽനിന്ന്
സൈബർ തട്ടിപ്പ് സംഘങ്ങൾക്ക് വിവരങ്ങൾ സംഘടിപ്പിച്ച് നൽകുന്ന കമ്പനികളുമുണ്ട്. ഡാർക്ക് നെറ്റിൽ ഇത്തരം ലക്ഷക്കണക്കിന് വിവരങ്ങൾ വിൽപ്പനയ്ക്ക് വെച്ചിട്ടുമുണ്ട്. ഇവരിൽനിന്ന് വിലകൊടുത്ത് വാങ്ങുന്ന വ്യക്തിവിവരങ്ങൾ ഉപയോഗിച്ചാണ് തട്ടിപ്പ്. ചില ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതിലൂടെയും സുരക്ഷിതമല്ലാത്ത സൈറ്റുകളിലൂടെയുള്ള പണമിടപാടുകളിലൂടെയും ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
തട്ടിപ്പിന്റെ തോതനുസരിച്ച് മാസം 1,000 ഡോളർ വരെയാണ് മലയാളികൾ ഉൾപ്പെടെ തൊഴിലെടുക്കുന്നവർക്കുള്ള ശമ്പളം. കൂടാതെ കമ്മിഷനും നൽകുന്നുണ്ട്.
Content Highlights: Cyber fraud syndicate in Cambodia holds millions of Indian data, including Malayalees. Learn about their tactics and how to protect yourself.
Published: 05 Feb 2026, 08:27 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented