ബെംഗളൂരു: ബെംഗളൂരുവില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടവരെന്ന് കരുതുന്ന സംഘത്തിലെ പ്രധാനി അഫ്ഗാനിസ്ഥാനിലെന്ന് റിപ്പോര്‍ട്ട്. കര്‍ണാടകയിലെ സുല്‍ത്താന്‍പാളയ സ്വദേശിയായ മുഹമ്മദ് ജുനൈദാണ് നിലവില്‍ അഫ്ഗാനിസ്ഥാനിലുള്ളത്. അഫ്ഗാന്‍ അതിര്‍ത്തിപ്രദേശങ്ങളില്‍നിന്നാണ് ഇയാള്‍ ഇന്ത്യയിലെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതെന്നും ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നും ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

To advertise here,

ബെംഗളൂരുവിലെ ഭീകരാക്രമണപദ്ധതിയുടെ മുഖ്യസൂത്രധാരന്‍ ജുനൈദാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്നവിവരം. ലഷ്‌കര്‍ ഭീകരരുമായി ഇയാള്‍ക്ക് നേരിട്ട് ബന്ധമുണ്ട്. 2021-ല്‍ ഇന്ത്യയില്‍നിന്ന് കടന്നുകളഞ്ഞ ഇയാള്‍ അഫ്ഗാനില്‍നിന്നാണ് ബെംഗളൂരുവിലെ കൂട്ടാളികള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നതെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. നിലവില്‍ കര്‍ണാടക പോലീസ് ജുനൈദിനെ സംബന്ധിച്ചുള്ള എല്ലാവിവരങ്ങളും ഇന്റര്‍പോളിന് കൈമാറിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

ഹെബ്ബാള്‍ സുല്‍ത്താന്‍പാളയയില്‍ കന്നുകാലി കച്ചവടക്കാരനായിരുന്നു മുഹമ്മദ് ജുനൈദ്. 2017-ല്‍ നൂര്‍ മുഹമ്മദ് എന്നയാള്‍ ഭാര്യയുടെ മുന്നിലിട്ട് ജുനൈദിനെ അര്‍ധനഗ്നനാക്കി ക്രൂരമായി മര്‍ദിച്ചു. സാമ്പത്തികത്തര്‍ക്കമായിരുന്നു മര്‍ദനത്തിന് കാരണം. ഇതിന് പ്രതികാരമായി 2017 സെപ്റ്റംബറിലാണ് ജുനൈദും കൂട്ടാളികളും നൂര്‍ മുഹമ്മദിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ഈ കേസില്‍ ജുനൈദ് അടക്കം 21 പേര്‍ അറസ്റ്റിലായി. 

കൊലക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്നതിനിടെയാണ് ബെംഗളൂരു സ്‌ഫോടനക്കേസിലെ പ്രതിയായ തടിയന്റവിട നസീറുമായി ജുനൈദ് പരിചയത്തിലാകുന്നത്. തടിയന്റവിട നസീറാണ് ജുനൈദിനെ തീവ്ര ആശയങ്ങളിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. 2019-ല്‍ ജാമ്യംകിട്ടി പുറത്തിറങ്ങിയ ജുനൈദ് പിന്നീട് തീവ്രവാദപ്രവര്‍ത്തനങ്ങളിലേക്ക് തിരിഞ്ഞു. രക്തചന്ദനം കടത്തിയ കേസില്‍ ഇടയ്ക്ക് അറസ്റ്റിലായെങ്കിലും പുറത്തിറങ്ങി. തുടര്‍ന്ന് 2021-ല്‍ തീവ്രവാദബന്ധങ്ങള്‍ ഉപയോഗിച്ചാണ് ഇയാള്‍ ഇന്ത്യയില്‍നിന്ന് അഫ്ഗാനിലേക്ക് കടന്നതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. 

ബെംഗളൂരുവില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട അഞ്ചുപേരെയാണ് കഴിഞ്ഞദിവസം കര്‍ണാടക സെന്‍ട്രല്‍ ക്രൈംബ്രാഞ്ച്(സി.സി.ബി) അറസ്റ്റ് ചെയ്തത്. ബെംഗളൂരു സ്വദേശികളായ സയ്യിദ് സുഹൈല്‍ ഖാന്‍(24), മുഹമ്മദ് ഒമര്‍(29), സാഹിദ് തബ്രാസ്(25), സയ്യിദ് മുദസ്സിര്‍ പാഷ(28), മുഹമ്മദ് ഫൈസല്‍(30) എന്നിവരാണ് പിടിയിലായത്. ബെംഗളൂരു സ്ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന തടിയന്റവിട നസീറുമായി ബന്ധമുള്ളവരാണ് അഞ്ചുപേരും. ഇവരില്‍നിന്ന് സ്ഫോടകവസ്തുക്കളും ഏഴ് നാടന്‍ത്തോക്കുകളും വോക്കിടോക്കികളും 12 മൊബൈല്‍ഫോണുകളും പിടിച്ചെടുത്തിരുന്നു. അതേസമയം, സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേസ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ)ക്ക് കൈമാറിയേക്കുമെന്നും സൂചനയുണ്ട്.