ബെംഗളൂരു: തെക്കൻ ബെംഗളൂരുവിലെ പ്രമുഖ എൻജിനിയറിങ് കോളേജിലെ വിദ്യാർഥിനിയെ ജൂനിയർ വിദ്യാർഥി ക്യാമ്പസിലെ ആൺകുട്ടികളുടെ വാഷ്റൂമിൽവെച്ച് ബലാത്സംഗം ചെയ്തു. ഏഴാം സെമസ്റ്റർ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ ബസവനഗുഡിയിലെ ബിഎംഎസ് കോളേജ് ഓഫ് എൻജിനിയറിങ്ങിലെ അഞ്ചാം സെമസ്റ്റർ വിദ്യാർഥിയായ ജീവൻ ഗൗഡ(21) ഹനുമന്തനഗർ പോലീസ് അറസ്റ്റിലായി. ഇയാൾ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

To advertise here,

സംഭവം ഒക്ടോബർ 10-ന് നടന്നതായാണ് റിപ്പോർട്ട്. മാനസിക സംഘർഷവും ഭയവും കാരണം യുവതി പരാതി നൽകാൻ വൈകിയതായി പോലീസ് പറഞ്ഞു. പിന്നീട് മാതാപിതാക്കളെ അറിയിക്കുകയും തുടർന്ന് അവർ പോലീസിനെ സമീപിക്കുകയുമായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച്ച പെൺകുട്ടി രാവിലെ 8.55-ന് കോളേജിലെത്തിയതോടെയാണ് സംഭവം. തനിക്ക് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ജൂനിയർ വിദ്യാർഥി പെൺകുട്ടിയെ സമീപിക്കുകയായിരുന്നു. ഉച്ചയ്ക്ക് ശേഷം കാണാമെന്ന് പെൺകുട്ടി പറയുകയും ചെയ്തു. ഉച്ചഭക്ഷണ സമയത്ത് ഇയാൾ തുടർച്ചയായി പെൺകുട്ടിയെ ഫോണിൽ വിളിച്ച് ഏഴാം നിലയിലുള്ള ആർക്കിടെക്ചർ ബ്ലോക്കിലേക്ക് വരാൻ ആവശ്യപ്പെട്ടു.

ഏഴാം നിലയിലെത്തിയപ്പോൾ ഇയാൾ പെൺകുട്ടിയെ ചുംബിക്കാൻ ശ്രമിച്ചു. ഭയന്നുപോയ പെൺകുട്ടി ഉടൻ ലിഫ്റ്റിൽ കയറി ആറാം നിലയിലേക്ക് പോയി. എന്നാൽ, ആൺകുട്ടികളുടെ വാഷ്റൂമിന് സമീപം ഇയാൾ പെൺകുട്ടിയെ ബലമായി അകത്തേക്ക് വലിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നാണ് ആരോപണം. അതിക്രമത്തിനിടെ, സുഹൃത്തിന്റെ ഫോൺ കോൾ വന്നപ്പോൾ പെൺകുട്ടിയുടെ ഫോൺ പിടിച്ചുവാങ്ങി പോക്കറ്റിലിട്ടു.

ഉച്ചയ്ക്ക് 1.30 നും 1.50 നും ഇടയിലാണ് സംഭവം. ഇതിന് ശേഷം ഇയാൾ പെൺകുട്ടിയെ വിളിച്ച് ഗർഭനിരോധന ഗുളിക വേണോ എന്ന് ചോദിച്ചതായി എഫ്‌ഐആറിൽ ഉണ്ട്.  പിന്നീട് പുറത്തുവന്ന് സുഹൃത്തുക്കളെ വിവരമറിയിച്ചു. 'മാതാപിതാക്കൾ വിഷമിക്കുമെന്ന് കരുതി ആദ്യം ഞാൻ അവരോട് പറഞ്ഞില്ല. എനിക്ക് നാണക്കേടും തോന്നി. സുഹൃത്തുക്കൾ എനിക്ക് പിന്തുണ നൽകി, അതിനുശേഷമാണ് ഞാൻ മാതാപിതാക്കളെ വിവരമറിയിക്കുകയും നടപടി ആവശ്യപ്പെട്ട് പോലീസിനെ സമീപിക്കുകയും ചെയ്തത്.' പെൺകുട്ടി മൊഴിയിൽ പറഞ്ഞു.

കുറ്റകൃത്യം നടന്ന കോളേജ് നിലയിൽ സിസിടിവി ക്യാമറകളുണ്ടോയെന്ന് വ്യക്തമല്ല. ബിഎൻഎസ് സെക്ഷൻ 64 (ബലാത്സംഗത്തിനുള്ള ശിക്ഷ) പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്.