തൊടുപുഴ: തുടങ്ങനാട് സർവീസ് സഹകരണ ബാങ്കിൽ കോടികളുടെ സാമ്പത്തിക ക്രമക്കേട് നടത്തിയ മുൻസെക്രട്ടറിമാരുടെ സ്വത്തുക്കൾ ജപ്തിചെയ്തു. ഇടുക്കി ജില്ലാ സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ (ജനറൽ) എം. കലാവതിയുടെ ഉത്തരവിനെത്തുടർന്നാണ് നടപടി. മുൻ സെക്രട്ടറിമാരായ ബെന്നി മാത്യു, ഭാര്യ മേരി സിബിൾ അലക്സ് എന്നിവരിൽനിന്ന് ബാങ്കിന് വരുത്തിയ നഷ്ടം ഈടാക്കുന്നതിനാണ് നടപടി. നിലവിൽ തിട്ടപ്പെടുത്തിയ ക്രമക്കേട് തുകയായ 37,01,857 രൂപയും ഇതിന്റെ 12 ശതമാനം പലിശയായ 17,71,146 രൂപയും ഉൾപ്പെടെ ആകെ 54,73,003 രൂപ ഈടാക്കുന്നതിനാണ് മുട്ടം വില്ലേജിലുള്ള ഇവരുടെ സ്വത്ത് ജപ്തിചെയ്തത്.
ബാങ്കിൽ 2014 നവംബർ ഒന്നുമുതൽ സെക്രട്ടറിയായിരുന്ന ബെന്നി മാത്യു 2023 മാർച്ച് 31-ന് വിരമിച്ചു. 2023 ഏപ്രിൽ ഒന്നുമുതൽ, അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന മേരി സിബിൾ അലക്സ് സെക്രട്ടറിയായി. 2025 മേയ് 31-ന് വിരമിച്ചു. ഇരുവരും ഔദ്യോഗികപദവി ദുരുപയോഗം ചെയ്ത് ബാങ്കിന് സാമ്പത്തികനഷ്ടം വരുത്തിയതായി വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
കാർഷിക വായ്പയെടുത്ത ഗുണഭോക്താക്കൾക്ക് സർക്കാരിൽനിന്നും നബാർഡിൽനിന്നും തിരികെ ലഭിക്കുന്ന പലിശത്തുക വിതരണം ചെയ്യാതെ, ബാങ്കിലെ സസ്പെൻസ് അക്കൗണ്ടുകളിലാണ് സൂക്ഷിച്ചിരുന്നത്. ഇത്തരത്തിൽ 121 സസ്പെൻസ് അക്കൗണ്ടുകളിൽ ഉണ്ടായിരുന്ന ഒരുകോടിയോളം രൂപ വ്യാജരേഖ ചമച്ചും ഗൂഢാലോചന നടത്തിയും ഇരുവരും പിൻവലിച്ചു. ബന്ധുക്കളുടെയും മറ്റ് പലരുടെയും വായ്പക്കണക്കുകളിലേക്കും പണംമാറ്റി.
പണം ഈടാക്കുന്നതിനായി തൊടുപുഴ അസിസ്റ്റന്റ് രജിസ്ട്രാർ മുൻപാകെ ആർബിട്രേഷൻ കേസ് ഫയൽ ചെയ്തിരുന്നു. എന്നാൽ, കേസ് നടപടികളിൽനിന്ന് രക്ഷപ്പെടുന്നതിനായി, ബെന്നി മാത്യുവിന്റെ ഉടമസ്ഥതയിലുള്ള മുട്ടം വില്ലേജിലെ ബ്ലോക്ക് 17-ൽപ്പെട്ട വസ്തുക്കൾ മറ്റുള്ളവരുെട പേരിലേക്ക് മാറ്റാനും ഇവ ഈട് നൽകി വായ്പയെടുക്കാനും ശ്രമം നടക്കുന്നതായി ബാങ്ക് ഭരണസമിതിക്ക് വിവരം ലഭിച്ചു. ഈ സാഹചര്യത്തിലാണ് അടിയന്തര ജപ്തിക്ക് ജോയിന്റ് രജിസ്ട്രാർ ഉത്തരവിട്ടത്.
നിലവിൽ നിക്ഷേപങ്ങൾപോലും തിരികെ നൽകാൻ സാധിക്കാത്തവിധം പ്രതിസന്ധിയിലാണ് ബാങ്ക് പ്രവർത്തിക്കുന്നതെന്ന് തൊടുപുഴ അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) റിപ്പോർട്ടുചെയ്തിരുന്നു. ബെന്നി മാത്യുവിന്റെ പേരിൽ മുട്ടം വില്ലേജിലുള്ള 94.22 ആർ, 53 ആർ വസ്തുവകകളാണ് ജപ്തിചെയ്തത്.
Content Highlights: Assets of former secretaries at Thodupuzha Thudanganad Co-operative Bank seized following a 54 lakh financial fraud.
Published: 03 Jul 2026, 05:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented