ഭോപ്പാല്‍: മധ്യപ്രദേശില്‍ ഇതര മതത്തില്‍പെട്ട യുവതിയെ വിവാഹം കഴിക്കാനെത്തിയ യുവാവിന് കോടതിയില്‍ മര്‍ദ്ദനം. ഭോപ്പാലിലെ ജില്ലാ കോടതിയില്‍വെച്ചാണ് നര്‍സിങ്പുര്‍ സ്വദേശിയായ യുവാവിന് ക്രൂരമര്‍ദനമേറ്റത്. പിപാരിയ സ്വദേശിയായ യുവതിയെ സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹം കഴിക്കാന്‍ ഭോപ്പാലിലെത്തിയതായിരുന്നു യുവാവ്. രേഖകള്‍ സാക്ഷ്യപ്പെടുത്താനായി അഭിഭാഷകനെ കാണാനെത്തിയപ്പോഴാണ് രണ്ട് പേര്‍ ചേര്‍ന്ന് മര്‍ദിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു.
തീവ്ര ഹിന്ദു സംഘടനയായ സംസ്‌കൃതി ബച്ചാവോ മഞ്ചിലെ അംഗങ്ങളാണ് യുവാവിനെ ആക്രമിച്ചത്. യുവതിയെ നിര്‍ബന്ധിച്ചാണ് യുവാവ് കോടതിയില്‍ കൊണ്ടുവന്നതെന്നും ലൗ ജിഹാദാണ് ഇതിന് പിന്നിലെന്നും ആരോപിച്ചായിരുന്നു മര്‍ദനം. അഭിഭാഷകരില്‍നിന്നാണ് തങ്ങള്‍ക്ക് വിവരം ലഭിച്ചതെന്നും മര്‍ദിച്ചവര്‍ പറയുന്നു.
യുവതിയെ മതം മാറാന്‍ നിര്‍ബന്ധിച്ചുവെന്ന കുറ്റം ചുമത്തി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തുവെന്ന് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, മര്‍ദിച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടില്ല. 'യുവാവിനേയും യുവതിയേയും ഞങ്ങള്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. തന്നെ വിവാഹം കഴിക്കാനും മതം മാറാനും നിര്‍ബന്ധിച്ചുവെന്ന് യുവതിയുടെ മൊഴിയിലുണ്ട്.' ഭോപ്പാല്‍ എ.സി.പി. അക്ഷയ് ചൗധരി വ്യക്തമാക്കി. മര്‍ദിച്ചവര്‍ക്കെതിരെ യുവാവ് മൊഴി നല്‍കിയിട്ടില്ലെന്നും അതിനാല്‍ അവര്‍ക്കെതിരെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പോലീസ് വ്യക്തമാക്കുന്നു.
യുവാവിന്റെ ഫോണില്‍ ഒന്നിലധികം ഹിന്ദു സ്ത്രീകളുടെ ഫോട്ടോയും കോണ്‍ടാക്ട് നമ്പറുമുണ്ടെന്നും യുവതിയെ നിര്‍ബന്ധിപ്പിച്ച് വിവാഹം കഴിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും സംസ്‌കൃതി ബച്ചാവോ മഞ്ച് പ്രസിഡന്റ് ശേഖര്‍ തിവാര് ആരോപിച്ചു. യുവാവിനെതിരെ ബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തണമെന്നും സംസ്‌കൃതി ബച്ചാവോ മഞ്ച് പോലീസിനോട് ആവശ്യപ്പെട്ടു.
Content Highlights: Beaten in Bhopal court over interfaith marriage, man arrested
Published: 08 Feb 2025, 02:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented