കുമ്മനം (കോട്ടയം) : രണ്ടരമാസം പ്രായമുള്ള ആൺകുട്ടിയെ വിൽക്കാൻ ശ്രമിച്ച അസം സ്വദേശിയായ അച്ഛനും വാങ്ങാനെത്തിയ യുപി സ്വദേശികളും പോലീസ് പിടിയിൽ. തിരുവാർപ്പ് കുമ്മനത്ത്‌ താമസിക്കുന്ന കൂദ്ദൂസ് അലി (25) ആണ് മകനെ വിൽക്കാൻ ശ്രമിച്ചത്. കുട്ടിയെ വാങ്ങാനെത്തിയ ഈരാറ്റുപേട്ടയിൽ താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശി അർമാൻ (31), ഇടനിലക്കാരനായ മോഹ്‌ദ്‌ ദാനിഷ്‌ ഖാൻ(32) എന്നിവരെ കുമരകം പോലീസ് അറസ്റ്റുചെയ്തു. 50,000 രൂപ വില ഉറപ്പിച്ചാണ് കുട്ടിയെ വിൽക്കാൻ ശ്രമിച്ചത്. 1000 രൂപ അഡ്വാൻസ് വാങ്ങി. എന്നാൽ കുട്ടിയുടെ അമ്മയുടെ ഇടപെടലിൽ അച്ഛനും കൂട്ടാളികളും പിടിയിലാകുകയായിരുന്നു.

To advertise here,

നാല് വർഷം മുൻപാണ് അസം സ്വദേശിയായ കൂദ്ദൂസ് അലി കുമ്മനത്ത് കൂലിപ്പണിക്കായി എത്തിയത്‌. അഞ്ചുവയസ്സുകാരിയായ മൂത്തമകളെയും രണ്ടര മാസം പ്രായമുള്ള ആൺകുട്ടിയെയുംകൂട്ടി ഒന്നരമാസം മുൻപ് ഭാര്യ സബീനയും എത്തി. തൊണ്ടമ്പ്രാൽ റോഡിൽ ഹോമിയോ ആശുപത്രിക്ക് സമീപം 12 അതിഥിത്തൊഴിലാളികൾ ഒന്നിച്ചുതാമസിക്കുന്ന കെട്ടിടത്തിന്റെ ഒരു ഭാഗത്തെ മുറിയിലാണ് ഈ കുടുംബം താമസിച്ചിരുന്നത്.

കൂദ്ദൂസ് അലി മിക്കദിവസവും ജോലിക്ക്‌ പോകാറില്ല. 50,000 രൂപ കടംവീട്ടാനാണ്‌ മകനെ വിൽക്കാനുള്ള ശ്രമം നടത്തിയത്. ഏതാനും ദിവസം മുൻപ്‌ ഇടനിലക്കാരനായ ബാർബർഷോപ്പ് ജീവനക്കാരൻ ദാനിഷിനെ സമീപിച്ചു. തുടർന്ന് ദാനിഷിന്റെ ഭാര്യാ സഹോദരിയുടെ ഭർത്താവ് അർമാൻ ഈ ആൺകുട്ടിയെ വാങ്ങാൻ തീരുമാനിച്ചു. അർമാന്‌ മൂന്ന്‌ പെൺകുട്ടികളാണുള്ളത്‌. ആൺകുട്ടിയില്ലാത്തതുകൊണ്ടാണ്‌ കുഞ്ഞിനെ വാങ്ങാൻ അർമാൻ തീരുമാനിച്ചതെന്ന്‌ പറയുന്നു.

ഇതിനായി കൂദ്ദൂസ് അലിക്ക്‌ 1000 രൂപ അഡ്വാൻസും നൽകി. ഇതിനിടയിൽ കുട്ടിയെ കാണാനായി ദാനിഷും അർമാനും ശനിയാഴ്ച കുമ്മനത്തെ വീട്ടിലെത്തി. കുട്ടിയുടെ അമ്മയുടെ എതിർപ്പിനെ തുടർന്ന് ഇവർ മടങ്ങി. എല്ലാവരും ജോലിക്ക്‌ പോയശേഷം ഞായറാഴ്ച രാവിലെ കുട്ടിയെ കൊണ്ടുപോകാൻ എത്തണമെന്നായിരുന്നു ധാരണ. ഇത്‌ മനസ്സിലാക്കിയ ഭാര്യ സബീന സമീപത്ത്‌ താമസിക്കുന്ന അതിഥിത്തൊഴിലാളികളായ അർഷാദ് ഹക്ക്, ഷെയ്ക്ക് ഹമീദ് എന്നിവരോട്‌ സഹായം ആവശ്യപ്പെട്ടു. ഇവർ തങ്ങളുടെ കോൺട്രാക്ടറായ കുമ്മനം സ്വദേശി അൻസിൽ പാഴൂരിനെ വിവരം ധരിപ്പിച്ചു. അൻസിൽ സുഹൃത്തായ സ്പെഷ്യൽ ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥനെ അറിയിച്ചു. കുമരകം എസ്‌എച്ച്‌ഒ കെ.ഷിജിയുടെ നേതൃത്വത്തിൽ ഞായറാഴ്‌ച രാവിലെ താമസസ്ഥലത്തെത്തി കൂദ്ദൂസ് അലിയെ പിടികൂടി. മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധിച്ച്‌ അർമാൻ, ദാനിഷ് ഖാൻ എന്നിവരെയും ഒരു മണിക്കൂറിനുള്ളിൽ കുമ്മനം പ്രദേശത്തുനിന്ന്‌ പിടികൂടി.