ബെംഗളൂരു: ബെംഗളൂരുവില്‍ മോഷ്ടിച്ച എ.ടി.എം. തുറക്കാനാകാത്തതിനാല്‍ പ്രതികള്‍ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ അത്തിബെലെക്ക് സമീപം മഞ്ചനഹള്ളി ഗ്രാമത്തിലാണ് സംഭവം.

To advertise here,

പൊതുമേഖലാ ബാങ്കിന്റെ എ.ടി.എം. ആണ് മോഷ്ടിച്ചത്. പ്രദേശവാസികള്‍ എ.ടി.എം. മെഷീന്‍ കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടതിനെത്തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പ്രതികള്‍ ആദ്യം എ.ടി.എം. കൗണ്ടറില്‍നിന്ന് പണം മോഷ്ടിക്കാന്‍ ശ്രമിച്ചു.എന്നാല്‍, പണമെടുക്കാന്‍ സാധിക്കാത്തതിനാല്‍ കൗണ്ടറില്‍നിന്ന് മെഷീന്‍ എടുത്തുകൊണ്ടു പോയി. സമീപത്തെ യൂക്കാലിപ്റ്റസ് തോട്ടത്തിലെത്തിച്ച മെഷീന്‍ ഹാക്‌സോ ബ്ലേഡും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ച് മുറിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

ഇതേത്തുടര്‍ന്ന് കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. രണ്ടു ദിവസംമുന്‍പ് പത്തു ലക്ഷം രൂപ മെഷീനില്‍ നിക്ഷേപിച്ചിരുന്നതായി ബാങ്കധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ അത്തിബെലെ പോലീസ് കേസെടുത്തു. പ്രതികളെ കണ്ടെത്താന്‍ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ് പോലീസ്.