അരൂർ: അരൂർ കാളിയാർ മഠം വളപ്പിൽ യുവാവിന് ക്രൂര മർദനമേറ്റു. പരിക്കേറ്റ അരൂർ പല്ലാക്കൽ വീട്ടിൽ സുൽഫിക്കറിനെ (40) ആദ്യം തുറവൂർ ആശുപത്രിയിലും പിന്നീട് എറണാകുളം ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ നാലുപേരെ അരൂർ പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം.

To advertise here,

കാളിയാർ മഠത്തിനരികിൽ മധു പി. നായർ എന്നയാളുടെ ഉടമസ്ഥതയിലുള്ള കോനാട്ടുപുരയിടത്തിൽ കയറിയ സുൽഫിക്കറുമായി ചിലർ തർക്കമുണ്ടാക്കുകയും ഇയാളെ ബലമായി വലിച്ചിഴച്ച് കൊണ്ടുപോയി മർദിക്കുകയുമായിരുന്നു. മറ്റൊരാൾ മൊബൈലിൽ പകർത്തിയ വീഡിയോയിൽ ഇത് വ്യക്തമാണ്.

സംഭവം അറിഞ്ഞ് അരൂർ പോലീസ് സ്ഥലത്തെത്തി, സുൽഫിക്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ നാലുപേരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വീഡിയോ പരിശോധിച്ച് ഇവരുടെ പേരിൽ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. ഉടമയുടെ അറിവോടെയാണ് ആൾത്താമസമില്ലാത്ത പുരയിടത്തിൽ താൻ പ്രവേശിച്ചതെന്നാണ് സുൽഫിക്കർ പറയുന്നത്. ഇവിടെനിന്നും തിരിച്ചിറങ്ങുമ്പോഴാണത്രെ തർക്കം ഉണ്ടായത്.