കണ്ണൂർ: ക്രമിനൽ കേസ് പ്രതി അർജുൻ ആയങ്കിക്കായി സംസ്ഥാനത്തിനകത്തും പുറത്തും വ്യാപക അന്വേഷണവുമായി പോലീസ്. ദിവസങ്ങളായി നടത്തുന്ന അന്വേഷണത്തിന് ഇടയിലും ഇയാൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രകോപനം തുടരന്ന പശ്ചാത്തലത്തിലാണ് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. ‘ഓപ്പറേഷൻ ഗ്രിപ്പ്’ എന്നപേരിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന ഗുണ്ടാവേട്ടയുടെ ഭാഗമായാണ് ആയങ്കിയെ പിടികൂടാനുള്ള അന്വേഷണവും നടക്കുന്നത്.
വാഹനങ്ങൾ മാറിമാറി ഉപയോഗിച്ചും മൊബൈൽ ഫോൺ വഴിതെറ്റിച്ചും അന്വേഷണ സംഘത്തിന്റെ കണ്ണുവെട്ടിച്ചാണ് നിലവിൽ ആയങ്കിയുടെ യാത്ര. കഴിഞ്ഞദിവസം ഇയാൾ തൃശ്ശൂരിൽ ഉണ്ടായിരുന്നുവെന്ന സൂചന ലഭിച്ചെങ്കിലും പോലീസിന് കണ്ടെത്താൻ സാധിച്ചില്ല. ഒടുവിൽ ആയങ്കിയുടെ സഹോദരൻ അഖിലിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പാലക്കാട്ടേക്കും തിരച്ചിൽ വ്യാപിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. പോലീസ് തിരച്ചിൽ നടത്തുന്ന സമയത്തുതന്നെ താൻ താൻ ഇന്നയിടത്ത് ഉണ്ടെന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ ഇയാൾ അവകാശപ്പെടുകയും ചെയ്യുന്നത് പോലീസിന് നാണക്കേടാകുന്നു.
ആയങ്കിയുടെ ഒളിവിന് എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്നത് സുഹൃത്തുക്കളാണെന്ന നിഗമനത്തിലാണ് പോലീസ്. സ്വർണംപൊട്ടിക്കൽ കേസിലടക്കം പ്രതിചേർക്കപ്പെട്ട ആയങ്കിയ്ക്ക് സാമൂഹിക മാധ്യമങ്ങളിലും അല്ലാതെയും വലിയ ആരാധക, സുഹൃദ് ബന്ധമുണ്ട്. ഒളിവിൽ പോകാൻ ഇത് സഹായകരമാകുന്നുണ്ടെന്നാണ് പോലീസ് കരുതുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസങ്ങളിലായി ആറ് സുഹൃത്തുക്കളേയും ആയങ്കിയുടെ സഹോദരൻ അഖിലിനേയും പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരെ ചോദ്യംചെയ്തെങ്കിലും ആയങ്കി എവിടെയാണെന്ന കാര്യത്തിൽ ഇതുവരെ തുമ്പ് ലഭിച്ചിട്ടില്ല.
സിസിടിവി പരിശോധിച്ചുള്ള അന്വേഷണവും പോലീസ് നടത്തിയിരുന്നു. പോകാൻ സാധ്യതയുള്ളിടങ്ങളിലെ സിസിടിവികളൊക്കെ അരിച്ചു പെറുക്കിയതിൽനിന്നാണ് പാലിയേക്കര ടോൾ ബൂത്ത് കടക്കുന്ന ആയങ്കിയുടെ ദൃശ്യം ലഭിച്ചത്. എന്നാൽ, വാഹനം മാറിമാറിക്കയറിയാണ് യാത്ര. ഇത് അന്വേഷണ സംഘത്തെ വട്ടംകറക്കുകയാണ്. ഒരേ വാഹനത്തിൽ അല്ലാത്തതിനാൽ സിസിടിവി ദൃശ്യങ്ങളുടെ തുടർച്ചയും ലഭിക്കാത്ത സാഹചര്യമുണ്ട്.
അതേസമയം, ആയങ്കി കേരളം വിട്ട് മറ്റു സംസ്ഥാനങ്ങളിലെത്തിയോ എന്നും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. ഇതേത്തുടർന്ന് അയൽ സംസ്ഥാനങ്ങളിലേക്കും തിരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്.
അമലാനഗർ പരിധിയിൽവെച്ചാണ് ആയങ്കിയുടെ ഫോൺ ടവർ ലൊക്കേഷൻ അവസാനമായി ലഭിച്ചത്. എന്നാൽ, ഇതിന് ശേഷവും ഇയാൾ സാമൂഹിക മാധ്യമങ്ങളിൽ സജീവമാണ്. അർജുൻ ആയങ്കിക്ക് വേണ്ടി മറ്റാരെങ്കിലും ആണോ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.
സുഹൃത്തുക്കളാരെങ്കിലും ആണ് ഇത്തരത്തിൽ സാമൂഹിക മാധ്യമം കൈകാര്യം ചെയ്യുന്നതെങ്കിൽ അവരിലേക്ക് എത്താനുള്ള സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്. ഇതിന് പിന്നിലുള്ള ആളെ കണ്ടെത്തി അവരിൽക്കൂടി ആയങ്കിയിലേക്ക് എത്താൻ സാധിക്കുമെന്നും അന്വേഷണ സംഘം കരുതുന്നു.
ആയങ്കിയെ പിടികൂടാൻ ഏത് വഴിയും സ്വീകരിക്കാം എന്നാണ് പോലീസിന് ആഭ്യന്തരവകുപ്പ് നൽകിയിരിക്കുന്ന നിർദേശം. ആയുധം ഉപയോഗിക്കാമെന്നടക്കം അന്വേഷണ സംഘത്തിന് നിർദേശം നൽകിയതായും കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ 'മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല' എന്നായിരുന്നു ഇതിന് അർജുൻ ആയങ്കി നൽകിയ മറുപടി.
'മുറിവേറ്റവന്റെ, സ്വപ്നങ്ങൾ തകർന്നവന്റെ, ജീവിതം താറുമാറായവന്റെ, സ്വന്തം മകനെ ഒപ്പംനിർത്തി ലാളിക്കാൻ അവസരം നിഷേധിക്കപ്പെട്ടവന്റെ വേദന പകയാവും പ്രതികാരമാവും പിന്നെയായവനു ചത്താലും ഭയപ്പാടില്ല, മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല', എന്നായിരുന്നു അർജുൻ ആയങ്കി ഫേയ്സ്ബുക്കിൽ കുറിച്ചത്.
ഇതിനിടെആഭ്യന്തര വകുപ്പിനെതിരേയും ആഭ്യന്തര മന്ത്രിക്കെതിരേയും വെല്ലുവിളി ഉയർത്താനും അർജുൻ ആയങ്കി തയ്യാറായി. മുഖ്യമന്ത്രി വി.ഡി. സതീശനെ അവഹേളിച്ചതിന് മറ്റൊരു കേസ് കൂടി ആയങ്കിയ്ക്കെതിരേ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എറണാകുളം റൂറൽ സൈബർ പോലീസ് ആണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കലാപാഹ്വാന ശ്രമം നടത്തിയെന്നടക്കം ചൂണ്ടിക്കാട്ടി സൈബർ പോലീസ് ആണ് സ്വമേധയാ കേസെടുത്തിരിക്കുന്നത്.
Content Highlights: Police are conducting a state-wide search for Arjun Ayanki., Ayanki remains active on social media, taunting investigators., Investigators suspect friends are assisting his evasion and social media activity., CCTV footage shows Ayanki switching vehicles to avoid detection., The search has expanded to neighboring states.
Published: 08 Aug 2026, 07:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented