കൊച്ചി: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തിൽ സജീവ ചർച്ചയായ വിഷയമാണ് അർജുൻ ആയങ്കി ആഭ്യന്തരവകുപ്പ് വാക്പോര്. പോലീസിനെതിരെ ഭീഷണി മുഴക്കി രംഗത്തെത്തിയ അർജുൻ പിന്നീട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിക്കുന്നതിലേക്കും മുഖ്യമന്ത്രി വിഡി സതീശനെ പരിഹസിക്കുന്നതിലേക്കും നീങ്ങി. ഒടുവിൽ പോലീസ് വലയിൽ ആയങ്കി കുടുങ്ങി.
ധൈര്യമുണ്ടെങ്കിൽ പോലീസ് തന്നെ പിടിക്കട്ടെയെന്നായിരുന്നു അർജുൻ ആയങ്കിയുടെ വെല്ലുവിളി. ഇതിനുമറുപടിയായി പോലീസിനെ വെല്ലുവിളിച്ചവർക്ക് ഇനി എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് കാണാമെന്നായിരുന്നു ചെന്നിത്തലയുടെ ആദ്യ പ്രതികരണം. ഗുണ്ടകളെയും ക്രിമിനലുകളെയും നേരിടാൻ സർക്കാർ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
'വീരപരിവേഷം തത്ക്കാലത്തേക്കുള്ള ഷോ, പോലീസിനെ വെല്ലുവിളിക്കാൻ ഒരു ആയങ്കിയേയും അനുവദിക്കില്ല'
അർജുൻ ആയങ്കിയുടെ അറസ്റ്റിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കവെ എഡിജിപി പി. വിജയൻ കടുത്ത നിലപാടുകൾ വ്യക്തമാക്കി. ആയങ്കി സോഷ്യൽ മീഡിയയിലൂടെ നടത്തുന്ന വീരപരിവേഷം കേവലം താൽക്കാലികമായ ഒരു ഷോ മാത്രമാണെന്നും, പോലീസിനെ വെല്ലുവിളിക്കുന്നത് യഥാർത്ഥത്തിൽ സമൂഹത്തെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിന്റെ സുരക്ഷിതത്വത്തിനായി പ്രവർത്തിക്കുന്ന പോലീസിനെ വെല്ലുവിളിക്കുന്നതിൽ ആഹ്ലാദം കണ്ടെത്തുന്നത് ശരിയല്ലെന്നും, ഇത്തരം പ്രവർത്തികൾക്ക് സോഷ്യൽ മീഡിയയിൽ പിന്തുണ നൽകുന്നവരും നിരീക്ഷണത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആയങ്കി പരിധി വിട്ടു വളരുന്നു എന്ന് പോലീസിന് ബോധ്യപ്പെട്ടപ്പോൾ തന്നെ അയാളെ നിയമപരമായി നേരിടാനുള്ള നടപടികൾ ആരംഭിച്ചിരുന്നു. കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ഇയാൾ മുങ്ങി നടക്കുകയായിരുന്നു. വിവിധ ലൊക്കേഷനുകൾ മാറി മാറി ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നുവെങ്കിലും പോലീസിന്റെ കൃത്യമായ നിരീക്ഷണ വലയത്തിലായിരുന്നു ഇയാളെന്നും എഡിജിപി വിശദീകരിച്ചു. ആഭ്യന്തര മന്ത്രിയുടെ കൃത്യമായ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട്, മനുഷ്യാവകാശ ലംഘനങ്ങൾ ഉണ്ടാകാത്ത വിധം നിയമപരമായ മാർഗ്ഗങ്ങളിലൂടെയാണ് അറസ്റ്റ് നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിയെ വെടിവെക്കാൻ പോലീസ് തീരുമാനിച്ചു എന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് പി. വിജയൻ പറഞ്ഞു. ഗുണ്ടകൾ ബർത്ത്ഡേ പാർട്ടികളും മറ്റും നടത്തി അതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച് ഒരു 'ഹീറോയിസം' സൃഷ്ടിക്കാൻ ശ്രമിക്കാറുണ്ട്. യുവാക്കളെ ഇത്തരം പ്രവർത്തനങ്ങളിലൂടെ തെറ്റിദ്ധരിപ്പിക്കുന്നത് സമൂഹത്തിന്റെ സുരക്ഷയ്ക്ക് ഗുണകരമല്ല. ഒരു പോലീസ് ഉദ്യോഗസ്ഥനെ വെല്ലുവിളിക്കുക എന്നാൽ സമൂഹത്തിന്റെ സുരക്ഷിതത്വത്തെ തന്നെ വെല്ലുവിളിക്കുന്നതാണ്. ഇത് ഒരു കാരണവശാലും കേരളത്തിൽ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഗുണ്ടകളെ അടിച്ചമർത്തുന്നതിനായി 'ഓപ്പറേഷൻ ഗ്രിപ്പ്' എന്ന പേരിൽ മാരത്തോൺ റെയ്ഡുകൾ തുടരുകയാണെന്നും അതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം 55-ഓളം പേരെ കസ്റ്റഡിയിൽ എടുത്തതായും എഡിജിപി അറിയിച്ചു. സമൂഹ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഇത്തരം ക്രിമിനൽ പ്രവർത്തനങ്ങളെ പോലീസ് ശക്തമായി നേരിടുക തന്നെ ചെയ്യുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വെടിവെച്ചാലും മുട്ടുകുത്തില്ലെന്ന് അർജുൻ ആയങ്കി, നോക്കാം എന്ന് ആഭ്യന്തരമന്ത്രി
തനിക്കായി കേരള പോലീസ് നടത്തുന്ന അന്വേഷണങ്ങളെ പരിഹസിച്ച് വെള്ളിയാഴ്ച രാത്രിയും അർജുൻ ആയങ്കി ഫെയ്സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. കടലിലകപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബോട്ടിലാണ് ഞാനുള്ളത് എന്ന് പറഞ്ഞിരുന്നെങ്കിൽ റോഡിലിരുന്ന് കരയുന്ന ആ സഹോദരിക്ക് അവരുടെ ഭർത്താവിനെ നേരത്തേ കിട്ടുമായിരുന്നുവെന്നും വെറും നാല് കേസ് മാത്രം അവശേഷിക്കുന്ന എന്നെ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ തീവ്രവാദിയാക്കി മാറ്റി വെടിവെയ്ക്കാനൊക്കെയാണ് ഉത്തരവിട്ടതെന്നും അർജുൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
കള്ളക്കേസിൽ ജയിലിലാക്കിയപ്പോൾ ജീവിതം താറുമാറായ ആളാണ് ഞാൻ. എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ്. മാനസികരോഗത്തിലോ മദ്യലഹരിയിലോ അല്ല. പൂർണബോധത്തോടെ തന്നെയാണ് പ്രതികരിച്ചത്. എന്നെ കള്ളക്കേസിൽ ജയിലിലടച്ച കേസ് പുനരന്വേഷണം നടത്തണം അയാളെന്തിനങ്ങനെ ചെയ്തു ഞങ്ങളെയാറുപേരെ ജയിലിലടച്ച് ദ്രോഹിച്ചു എന്ന് അയാൾ മറുപടി പറഞ്ഞേ മതിയാകൂ… മുറിവേറ്റവന്റെ, സ്വപ്നങ്ങൾ തകർന്നവന്റെ, ജീവിതം താറുമാറായവന്റെ, സ്വന്തം മകനെ ഒപ്പം നിർത്തി ലാളിക്കാൻ അവസരം നിഷേധിക്കപ്പെട്ടവന്റെ വേദന പകയാവും പ്രതികാരമാവും പിന്നെയായവനു ചത്താലും ഭയപ്പാടില്ല, മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല. അർജുൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
ഈ കുറിപ്പ് മാധ്യമപ്രവർത്തകർ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ, നോക്കാം എന്നായിരുന്നു മറുപടി. ഒരാൾ റോഡിലിറങ്ങി ആളുകളെ ആക്ഷേപിക്കുന്ന സംഭവങ്ങളുണ്ടായാൽ അതിനെ നേരിടാൻ പോലീസിന് പ്രത്യേക നടപടിക്രമങ്ങളുണ്ട്. ഈ വിഷയത്തെ അമിത പ്രാധാന്യത്തോടെയോ ഗൗരവത്തോടെയോ സർക്കാർ കാണുന്നില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. കേസുകൾ അതിന്റെ സ്വഭാവം അനുസരിച്ചാണ് മുന്നോട്ട് പോകുന്നതെന്നും, അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു. പോലീസിന്റെ ഓരോ നടപടിയും ജുഡീഷ്യൽ പരിശോധനയ്ക്ക് വിധേയമാണെന്നും നിയമപരമായ രീതിയിലല്ലാതെ ഒരാളെ അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
അഴീക്കോട് കപ്പക്കടവ് സ്വദേശിയായ അർജുൻ ആയങ്കി ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയായിട്ടാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് സി.പി.എം സൈബർ പോരാളിയായി സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു. സൈബർ ഇടങ്ങളിൽ രാഷ്ട്രീയ എതിരാളികളെ വെല്ലുവിളിച്ചും ഭീഷണിപ്പെടുത്തിയും വലിയൊരു ആരാധകവൃന്ദത്തെ തന്നെ അർജുൻ ആയങ്കി സൃഷ്ടിച്ചെടുത്തിരുന്നു. എന്നാൽ രാഷ്ട്രീയ പ്രവർത്തനങ്ങൾക്കപ്പുറം വലിയൊരു കുറ്റകൃത്യ ശൃംഖലയുടെ സൂത്രധാരനായാണ് ഇയാൾ പിന്നീട് പുറംലോകത്തിന് മുന്നിലെത്തിയത്.
കുപ്രസിദ്ധൻ അർജുൻ ആയങ്കി
കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിലൂടെയാണ് അർജുൻ ആയങ്കി കുപ്രസിദ്ധി നേടുന്നത്. വിദേശത്തുനിന്ന് കടത്തിക്കൊണ്ടുവരുന്ന സ്വർണ്ണം വഴിയിൽ വെച്ച് തട്ടിയെടുക്കുന്ന സംഘങ്ങളുടെ പ്രധാനിയായിരുന്നു ഇയാൾ. നാടിനെ നടുക്കിയ അഞ്ചു പേരുടെ മരണത്തിനിടയാക്കിയ രാമനാട്ടുകര സ്വർണ്ണം പൊട്ടിക്കൽ കേസിലെ പ്രധാന പ്രതിയാണ് അർജുൻ. സ്വർണ്ണക്കടത്ത് സംഘത്തെ വാഹനം ഇടിച്ച് വീഴ്ത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസും കസ്റ്റംസ് എടുത്ത സ്വർണ്ണക്കടത്ത് കേസുകളും ഇയാൾക്കെതിരെയുണ്ട്. കണ്ണൂരിലെ രാഷ്ട്രീയ സംഘർഷങ്ങൾ കുറഞ്ഞപ്പോൾ ചില ക്വട്ടേഷൻ സംഘങ്ങൾ സ്വർണ്ണക്കള്ളക്കടത്തിലേക്ക് തിരിഞ്ഞത് അർജുൻ ആയങ്കിക്ക് പുതിയ വഴികൾ തുറന്നുകൊടുത്തു.അർജുൻ ആയങ്കിയുടെ ക്രിമിനൽ പശ്ചാത്തലം പുറത്തുവന്നതോടെ ഡി.വൈ.എഫ്.ഐ ഇയാളെ സംഘടനയിൽ നിന്ന് പുറത്താക്കി. സൈബർ ക്വട്ടേഷൻ സംഘങ്ങളുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് നേതൃത്വം ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ടെങ്കിലും, സോഷ്യൽ മീഡിയയിലെ സൈബർ ഫാൻസ് സംഘങ്ങൾ ഇയാൾക്ക് ഇപ്പോഴും സംരക്ഷണ കവചമൊരുക്കുന്നുണ്ട്.
കോതമംഗലത്തെ കേസിന്റെ നാൾവഴി
കഴിഞ്ഞ മെയ് മാസത്തിൽ കോതമംഗലത്തെ ഒരു റിസോർട്ടിൽ അർജുൻ ആയങ്കിയും അഞ്ച് സുഹൃത്തുക്കളും താമസിച്ചിരുന്നു. ഇത് ഏതെങ്കിലും തരത്തിലുള്ള സംഘടിത കുറ്റകൃത്യം ആസൂത്രണം ചെയ്യാനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കോതമംഗലം പോലീസ് ഇവരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഈ കേസിൽ അറസ്റ്റിലായ ആയങ്കി 21 ദിവസത്തോളം ജയിൽവാസം അനുഭവിച്ച ശേഷമാണ് പുറത്തിറങ്ങിയത്. ഇതിന് ശേഷമാണ് പോലീസിനെതിരെ പരസ്യമായ വെല്ലുവിളിയുമായി ഇയാൾ രംഗത്തെത്തിയത്.
ജയിൽ മോചിതനായ ശേഷം, തന്നെ അറസ്റ്റ് ചെയ്ത സർക്കിൾ ഇൻസ്‌പെക്ടർക്കെതിരെ സോഷ്യൽ മീഡിയയിലൂടെ അതിരൂക്ഷമായ ഭീഷണി സന്ദേശങ്ങൾ ആയങ്കി പ്രചരിപ്പിച്ചു തുടങ്ങി. ഉദ്യോഗസ്ഥൻ വിരമിച്ചാൽ പോലും സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി. തുടർന്ന് ഉദ്യോഗസ്ഥന്റെ പരാതിയിൽ ഊന്നുകൽ പോലീസ് ഇയാൾക്കെതിരെ കേസ് എടുത്തെങ്കിലും അന്വേഷണ ഉദ്യോഗസ്ഥനായ എസ്‌ഐക്കെതിരെയും ആയങ്കി അസഭ്യവർഷവും ഭീഷണിയും തുടർന്നു. ഇത്തരത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിലൂടെ പോലീസിനെ വെല്ലുവിളിച്ചതാണ് നിലവിലെ അറസ്റ്റിലേക്ക് നയിച്ചത്.
നിയമനടപടികൾ കടുപ്പിച്ചതോടെ അർജുൻ ആയങ്കിയുടെ മുൻകൂർ ജാമ്യം കോടതി റദ്ദാക്കിയിരുന്നു. നിലവിൽ കൊച്ചിയിൽ നിർണ്ണായകമായ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതിനാൽ, കണ്ണൂരിലെ നടപടികൾക്ക് ശേഷം ഇന്ന് ഉച്ചയ്ക്ക് മുൻപ് തന്നെ ഇയാളെ എറണാകുളത്തേക്ക് എത്തിക്കാനാണ് പോലീസ് നീക്കം.
സിപിഎമ്മും തള്ളി
പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുതിർന്ന നേതാവി എം.വി. ജയരാജനും ആയങ്കിയെ പരസ്യമായി തള്ളിക്കളഞ്ഞിരുന്നു. ഇതിന് പിന്നാലെ എം.വി. ജയരാജനെതിരെ രൂക്ഷ വിമർശനുവുമായി രംംഗത്തെത്തി. പാർട്ടിക്കുവേണ്ടി പ്രവർത്തിച്ചതിനാണ് തന്നെ കള്ളക്കേസിൽ കുടുക്കി ജയിലിലിട്ടതെന്ന് ഫേയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. ‘മറ്റെല്ലാവർക്കും തിരുത്താനും നവീകരിക്കാനും തിരിച്ചുവരാനുമുള്ള അവസരങ്ങളുണ്ട്. അർജ്ജുൻ ആയങ്കി ശത്രുക്കളെക്കാൾ വലിയ ശത്രുവാണെന്ന പോലെ എന്നെ വെടിവെച്ച് കൊന്നാൽ സന്തോഷമേയുള്ളൂ അത് താനാഗ്രഹിക്കുന്നു എന്ന തരത്തിലുള്ള പ്രതികരണം നടത്തിയ എംവി ജയരാജൻ സഖാവിനോടാണ്; എനിക്ക് അയിത്തം കൽപ്പിക്കുന്നതിന് മുൻപ്, തള്ളിപ്പറയുന്നതിന് മുൻപ് ഞാനീ പ്രസ്ഥാനത്തിലുണ്ടായിരുന്നു. അഞ്ച് കിലോമീറ്റർ അപ്പുറത്തൊരു സഖാവിന് കുത്തേൽക്കുമ്പോൾ രക്തം തിളച്ച് തിരിച്ചടിക്കാൻ വേണ്ടി സ്വന്തം ജീവനും ജീവിതവും മറന്ന് തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലിൽ കിടന്നിട്ടുമുണ്ട്’, ഫേയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു.
Content Highlights: Kerala Police arrest Arjun Ayanki following Operation Grip. ADGP P. Vijayan dismisses his social media heroics as a temporary show.
Published: 09 Aug 2026, 09:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented