
ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ എട്ടുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പോലീസ്. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ സ്‌കൂള്‍ വിദ്യാര്‍ഥികളായ മൂന്ന് പ്രതികളും അശ്ലീലവീഡിയോകള്‍ കാണുന്നവരാണെന്നും ഇതിലെ രംഗങ്ങള്‍ അനുകരിക്കാന്‍ ശ്രമിച്ചതാണ് ദാരുണമായ കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ് പറഞ്ഞു. കേസില്‍ പ്രതികളിലൊരാളുടെ അച്ഛനെയും അമ്മാവനെയും കൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ മൃതദേഹം നദിയില്‍ ഉപേക്ഷിച്ചതിനും തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നതിനുമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ജൂലായ് ഏഴാം തീയതിയാണ് മൂന്നാംക്ലാസ് വിദ്യാര്‍ഥിനിയെ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് ആണ്‍കുട്ടികള്‍ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളില്‍ രണ്ടുപേര്‍ക്ക് 12 വയസ്സാണ് പ്രായം. ഒരാള്‍ക്ക് 13 വയസ്സും. ഇവര്‍ യഥാക്രമം ആറ്, ഏഴ് ക്ലാസുകളില്‍ പഠിക്കുന്നവരാണ്.
Also Read
സംഭവദിവസം പാര്‍ക്കില്‍ കളിക്കാന്‍ പോയ എട്ടുവയസ്സുകാരിയെ പ്രതികളായ മൂന്നുപേരും കളിക്കാനെന്ന വ്യാജേന ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് മൂവരും പെണ്‍കുട്ടിയെ മാറി മാറി പീഡിപ്പിച്ചെന്നാണ് പോലീസ് പറയുന്നത്. വിവരം പുറത്തറിയുമെന്ന ഭയത്താല്‍ ഇവര്‍ പെണ്‍കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. തുടര്‍ന്ന് കനാലിന് സമീപം മൃതദേഹം സൂക്ഷിച്ചു. ഇതിനുശേഷം പ്രതികളിലൊരാള്‍ തന്റെ ബന്ധുക്കളെ വിവരമറിയിച്ചു. പിന്നാലെ പ്രതിയുടെ പിതാവും അമ്മാവനും സ്ഥലത്തെത്തുകയും ഇവരുടെ ഇരുചക്രവാഹനത്തില്‍ പെണ്‍കുട്ടിയുടെ മൃതദേഹവുമായി കൃഷ്ണ നദിയുടെ സമീപത്തെത്തുകയും ചെയ്തു. ശേഷം മൃതദേഹം കല്ലുകെട്ടി പുഴയില്‍ ഉപേക്ഷിച്ചെന്നാണ് ഇവരുടെ മൊഴി. അതേസമയം, സംഭവം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുക്കാനായിട്ടില്ല.
അശ്ലീലവീഡിയോകള്‍ കണ്ടിരുന്ന മൂന്ന് വിദ്യാര്‍ഥികളും പെണ്‍കുട്ടിയെ കണ്ടപ്പോള്‍ ഇതിലെ രംഗങ്ങള്‍ അനുകരിക്കാന്‍ ശ്രമിച്ചതായാണ് പോലീസ് പറയുന്നത്. തുടര്‍ന്ന് മൂവരും പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുക്കാനായി തിരച്ചില്‍ തുടരുമെന്നും നന്ദ്യാല്‍ പോലീസ് സൂപ്രണ്ട് ആദിരാജ് സിങ് റാണ മാധ്യമങ്ങളോട് വ്യക്തമാക്കി. പ്രതികളെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കി. അണ്ടര്‍വാട്ടര്‍ ക്യാമറകളും ഡ്രോണുകളും ഉപയോഗിച്ച് മൃതദേഹത്തിനായി തിരച്ചില്‍ നടത്തിയിരുന്നു. എന്‍.ഡി.ആര്‍.എഫ്. സംഘവും തിരച്ചിലിനെത്തി. മൃതദേഹം കണ്ടെത്തുന്നതുവരെ തിരച്ചില്‍ തുടരുമെന്നും എസ്.പി. പറഞ്ഞു. പെണ്‍കുട്ടിയുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് ആന്ധ്രാപ്രദേശ് ആഭ്യന്തരമന്ത്രി വി. അനിതയും അറിയിച്ചു.
ജൂലായ് ഏഴിന് വൈകിട്ടാണ് എട്ടുവയസ്സുകാരിയെ കാണാനില്ലെന്ന് പിതാവ് പോലീസില്‍ പരാതിനല്‍കിയത്. മുച്ചുമാരിയിലെ പാര്‍ക്കില്‍ കളിക്കാന്‍പോയ മകളെ പിന്നീട് കാണാതായെന്നായിരുന്നു പിതാവിന്റെ പരാതി. ഉടന്‍തന്നെ പോലീസ് മിസ്സിങ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സമീപവാസികളെയും നാട്ടുകാരെയും ചോദ്യംചെയ്തു. പക്ഷേ, പെണ്‍കുട്ടിയെക്കുറിച്ച് വിവരമൊന്നും കിട്ടിയില്ല. ഇതോടെ ഡോഗ് സ്‌ക്വാഡിനെ ഉപയോഗിച്ച് പരിശോധന നടത്തി. തുടര്‍ന്ന് പോലീസ് നായയെത്തി നടത്തിയ പരിശോധനയിലാണ് കേസില്‍ നിര്‍ണായകമായ വഴിത്തിരിവുണ്ടായത്.
പാര്‍ക്കില്‍നിന്ന് മണംപിടിച്ച പോലീസ് നായ ആദ്യം പോയത് കൃത്യം നടന്ന സ്ഥലത്തേക്കായിരുന്നു. ഇവിടെനിന്ന് പ്രതികളുടെ വീടിന് മുന്നിലെത്തിയാണ് നായ ഓട്ടംനിര്‍ത്തിയത്. ഇതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. തുടര്‍ന്ന് പോലീസ് പ്രാഥമികാന്വേഷണം നടത്തി മൂന്ന് ആണ്‍കുട്ടികളെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോലീസിന്റെ ചോദ്യംചെയ്യലില്‍ പെണ്‍കുട്ടിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയതാണെന്ന് മൂവരും സമ്മതിച്ചു.
Content Highlights: andhra eight year old girl rape and murder case accused tried to imitate porn scenes
Published: 17 Jul 2024, 04:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented