കൊച്ചി: കൊച്ചി ബോൾഗാട്ടി പാലസിൽ ഞായറാഴ്ച നടന്ന അ‌ലൻ വാക്കർ സംഗീത നിശയ്ക്കിടെ മോഷ്ടിക്കപ്പെട്ട ഫോണുകൾ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോയതായി വിവരം. മോഷ്ടിക്കപ്പെട്ട ഫോണുകളിൽ നാലെണ്ണം മും​ബൈയിൽ എത്തിയതെന്ന് ​സൈബർ സെൽ കണ്ടെത്തി.

To advertise here,

ഇതോടെ ഫോണുകൾ ആസൂത്രിതമായി മോഷ്ടിക്കപ്പെട്ടതാണെന്ന് വ്യക്തമായി. ആകെ 34 പ്രീമിയം ഫോണുകളാണ് അ‌ലൻ വാക്കർ ഷോയ്ക്കിടെ നഷ്ടമായത്.

ഞായറാഴ്ചത്തെ പരിപാടിയിൽ മന:പൂർവം തിക്കും തിരക്കും സൃഷ്ടിച്ച് ഫോൺ മോഷ്ടിക്കുകയായിരുന്നെന്ന് ഫോൺ നഷ്ടമായവരിൽ ചിലർ നൽകിയ പരാതിയിൽ പറയുന്നു. കൃത്യമായ ആസൂത്രണത്തോടെ എത്തിയ സംഘമാകാം മോഷണത്തിനു പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. 

മും​ബൈ കൂടാതെ മറ്റു സംസ്ഥാനത്തിന് പുറത്തെ മറ്റു ചില ഇടങ്ങളിലും ഫോണുകൾ എത്തിയതായാണ് വിവരം. ബോൾഗാട്ടിയിൽ സ്ഥാപിച്ചിരുന്ന 45ഓളം സിസിടിവികളിൽ നിന്നുള്ള ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിൽനിന്നും മോഷ്ടാക്കളെ കുറിച്ചുള്ള സൂചന ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്.

അ‌തേസമയം, കൂട്ടമോഷണത്തെ കുറിച്ച് അ‌ന്വേഷിക്കാൻ പ്രത്യേക അ‌ന്വേഷണസംഘം രൂപീകരിച്ചതായി കൊച്ചി സിറ്റി പോലീസ് കമ്മിഷണർ പുട്ട വിമലാദിത്യ ഐപിഎസ് പറഞ്ഞു. ഫോണുകൾ സംസ്ഥാനത്തിന് പുറത്തുപോയ സാഹചര്യത്തിൽ ഇവിടങ്ങളിൽ നേരിട്ട് എത്തി അ‌ന്വേഷണം നടത്തുമെന്നും കമ്മിഷണർ കൂട്ടിച്ചേർത്തു.