പത്തനംതിട്ട: മലപ്പുറത്തെ ഒരു ഇന്റര്‍നാഷണല്‍ സ്‌കൂളിലേക്ക് മഫ്തിയില്‍ പത്തനംതിട്ട എസ്.ഐ.യും സംഘവും ചെന്ന് ഫസലുദ്ദീനെ തിരക്കി. സ്‌കൂളിന്റെ ഡയറക്ടറായ ഫസലുദ്ദീന്റെ മുറിയിലേക്ക് റിസപ്ഷനിസ്റ്റ് അവരെ കൂട്ടിക്കൊണ്ടുപോയി. സന്ദര്‍ശകരെ കണ്ടപ്പോള്‍ ഇരിക്കാന്‍ ഫസലുദ്ദീന്‍ അവരോട് പറഞ്ഞു. ഇരിക്കുന്നില്ലെന്നും ഞങ്ങള്‍ പത്തനംതിട്ട പോലീസാണെന്നും വേഗം ജീപ്പില്‍ കയറിക്കോളാനും പറഞ്ഞപ്പോള്‍ ഡയറക്ടര്‍ ഒന്നും മിണ്ടാതെ പോലീസിനൊപ്പം ചെന്ന് ജീപ്പില്‍ കയറി.

To advertise here,

ചെക്ക്, വിസ തട്ടിപ്പ്, വഞ്ചന കേസുകളില്‍ അറസ്റ്റിലായശേഷം 21 കൊല്ലമായി മുങ്ങിനടക്കുകയായിരുന്നു പത്തനംതിട്ട വെട്ടിപ്പുറം മഞ്ജു ഭവനില്‍ (പിച്ചയത്ത് വീട്) ഫസലുദ്ദീന്‍(74).

2003ലാണ് കോയിപ്രം പോലീസ് ഇയാളെ അറസ്റ്റുചെയ്തത്. അറസ്റ്റിലാകുമ്പോള്‍ പൊതുമരാമത്ത് വകുപ്പില്‍ സൂപ്രണ്ട് ആയിരുന്നു. ജാമ്യത്തിലിറങ്ങിയശേഷം കുറച്ചുനാള്‍ കഴിഞ്ഞ് മുങ്ങി. മരിച്ചെന്ന് നാട്ടില്‍ പ്രചരിക്കുകയുംചെയ്തു. എന്നാല്‍ പഴയ കേസുകള്‍ പൊടിതട്ടിയെടുത്ത പോലീസ് ഒരുകൊല്ലമായി ഇയാളെ തേടുകയായിരുന്നു.

ബന്ധുക്കള്‍ അടക്കം പലരുടേയും ഫോണ്‍നമ്പരുകള്‍ നിരന്തരം നിരീക്ഷിച്ചുവരുകയുമായിരുന്നു. അങ്ങനെയാണ് ഒരു ബന്ധുവിന്റെ ഫോണിലേക്ക് വന്ന കോള്‍ നിരീക്ഷിച്ചത്. വന്ന ഫോണിന്റെ ഉറവിടം മലപ്പുറമാണെന്ന് കണ്ടെത്തി. ആ നമ്പര്‍ നിരീക്ഷിച്ചപ്പോഴാണ് അതിലേക്ക് ഒരുലാബ് റിപ്പോര്‍ട്ട് മെസേജായി വന്നത്.

ഫസലുദ്ദീന്റെ രക്തം പരിശോധിച്ചതിന്റെ റിപ്പോര്‍ട്ടായിരുന്നു അത്. പ്രതിതന്നെയെന്ന് ഉറപ്പിച്ച പോലീസ് ഉടന്‍ മലപ്പുറത്തേക്ക് പുറപ്പെടുകയായിരുന്നു. മുവാറ്റുപുഴ, കോയമ്പത്തൂര്‍, എറണാകുളം തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവില്‍ താമസിച്ചശേഷം മൂന്നുമാസംമുമ്പാണ് ഫസലുദ്ദീന്‍ മലപ്പുറത്ത് എത്തിയത്.

പത്തനംതിട്ട ഡിവൈ.എസ്.പി. എസ്. നന്ദകുമാര്‍, എസ്.എച്ച്.ഒ. ഷിബുകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടിക്കാനുള്ള നീക്കങ്ങള്‍ നടത്തിയത്. എസ്.ഐ. ജിനു, സി.പി.ഒ.മാരായ രജിത്ത് കെ.നായര്‍, ഷഫീക്ക്, ആഷര്‍ മാത്യു എന്നിവരാണ് മലപ്പുറത്തേക്കുപോയത്.