കാറളം: സ്ത്രീയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അയൽവാസി അറസ്റ്റിൽ. കൊല്ലപ്പെട്ട സാവിത്രി (79)യുടെ വീടിനു മുന്നിലുള്ള മകൻ സുജേഷിന്റെ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന തൃപ്രയാർ ഈസ്റ്റ് കോടഞ്ചേരി വീട്ടിൽ മുഹമ്മദ് റാഫി(58)യെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീമിന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

To advertise here,

ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് നാലരയോടെയാണ് കാറളം മൃഗാശുപത്രിക്കു പിറകിൽ അരുമ്പുള്ളി വിജയന്റെ ഭാര്യ സാവിത്രിയെ വീടിനുള്ളിലെ മുറിയിൽ കട്ടിലിൽ കഴുത്തുഞെരിച്ച് ശ്വാസം മുട്ടിച്ച് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സാവിത്രി ധരിച്ചിരുന്ന ആറ് സ്വർണവളകളും ഒരു മാലയും നഷ്ടപ്പെട്ടിരുന്നു.

മകൻ സുമേഷിനൊപ്പമായിരുന്നു സാവിത്രി താമസിച്ചിരുന്നത്. സുമേഷിന്റെ സഹോദരന്റെ വീട്ടിൽ നാലുവർഷമായി മുഹമ്മദ് റാഫി വാടകയ്ക്ക് താമസിക്കുന്നുണ്ട്. ഇയാൾക്ക് വലിയ സാമ്പത്തികബാധ്യതകൾ ഉണ്ടായിരുന്നതായി റൂറൽ എസ്.പി. പറഞ്ഞു. കൊല്ലപ്പെട്ട സാവിത്രിയോട് സ്വർണാഭരണങ്ങൾ പണയംവെയ്ക്കാനായി ഇയാൾ ചോദിച്ചിരുന്നെങ്കിലും അവർ നൽകിയിരുന്നില്ല.

സുമേഷും ഭാര്യയും പിതാവ് വിജയനെയുംകൊണ്ട് ആശുപത്രിയിൽപ്പോകാൻ നേരത്ത് കാറിന്റെ വൈഫൈ പ്രവർത്തിക്കാത്തത് ശരിയാക്കിക്കൊടുത്തത് മുഹമ്മദ് റാഫിയായിരുന്നെന്ന് പോലീസ് പറഞ്ഞു. അതിനുശേഷം പുറത്തുനിന്ന്‌ തുറക്കാൻ കഴിയുന്ന അടുക്കളഭാഗത്തെ ഗ്രിൽ വാതിലിലൂടെ വീട്ടിലേക്കു കയറിയ മുഹമ്മദ് റാഫി ഹാളിൽ സോഫയിൽ ഇരിക്കുകയായിരുന്ന സാവിത്രിയെ അവരുടെ സാരിത്തലപ്പ് കഴുത്തിൽ മുറുക്കി കിടപ്പുമുറിയിലേക്കു വലിച്ചിഴച്ചുകൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.

മരണം ഉറപ്പുവരുത്താൻ തലയിണ ഉപയോഗിച്ച് മുഖത്ത് അമർത്തുകയും ചെയ്തു. തുടർന്ന് മാലയും വളകളും ഊരിയെടുത്തു. അടുക്കളയിലുണ്ടായിരുന്ന മുളകുപൊടി സംഭവസ്ഥലത്ത് വിതറിയശേഷം രക്ഷപ്പെട്ടു.

കേസന്വേഷണത്തിന് പ്രത്യേകാന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു. ഇവർ മൂന്ന് സംഘമായി തിരിഞ്ഞാണ് അന്വേഷണം നടത്തിയത്. തൃശ്ശൂർ റൂറൽ അഡീഷണൽ എസ്.പി. ടി.എസ്. സിനോജ്, ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. എം.കെ. ഷാജി, സി.ഐ.എ. വിനോജ്, എസ്.ഐ. ഹഷീഷ്, സ്‌പെഷ്യൽബ്രാഞ്ച് എസ്.ഐ. പി.സി. സുനിൽ എന്നിവരുടെ നേതൃത്വത്തിലുള്ള 25 അംഗ അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.