കൊച്ചി: എറണാകുളം മാർക്കറ്റിലെ ജൂത ആരാധനാലയമായ കടവുംഭാഗം സിനഗോഗിന് നേർക്കുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പുത്തൻകുരിശ് ഐക്കരനാട് കുന്നത്ത് കവലമുഴി വീട്ടിൽ എബിൻ പോളി(32)നെ പോലീസ് ചോദ്യംചെയ്തു തുടങ്ങി. എബിന്റെ പക്കൽനിന്ന് പിടികൂടിയ ഡിജിറ്റൽ തെളിവുകളുടെ മിറർ ഇമേജ് (പകർപ്പ്) പോലീസിന് തിരുവനന്തപുരം ഫൊറൻസിക് ലാബിൽനിന്ന് വ്യാഴാഴ്ച ലഭിച്ചിരുന്നു. ഇതിലെ ഇടപാടുകളും ചാറ്റുകളും പോലീസ് വിശദമായി പരിശോധിക്കുകയാണ്.

To advertise here,

അറസ്റ്റിലായ എബിൻ പോളിനെ വ്യാഴാഴ്ച എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അഞ്ചുദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. മെഡിക്കൽ പരിശോധന നടത്തി മരുന്നും ചികിത്സയും ഉറപ്പാക്കണമെന്ന കോടതി നിർദേശത്തെ തുടർന്ന് കസ്റ്റഡിയിൽ വാങ്ങിയ പ്രതിയുടെ മെഡിക്കൽ പരിശോധന നടത്തി.

സിറ്റി പോലീസ് കമ്മിഷണർ കാളിരാജ് മഹേഷ്‌ കുമാർ, സെൻട്രൽ എ.സി.പി. സിബി ടോം, സി.ഐ. അനീഷ് ജോയ് എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യംചെയ്യൽ. പോലീസിനൊപ്പം ദേശീയ അന്വേഷണ ഏജൻസിയായ എൻ.ഐ.എ.യും മറ്റ് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും അന്വേഷണത്തിൽ പങ്കാളികളായിട്ടുണ്ട്.

ഫൊറൻസിക് പരിശോധന തുടങ്ങി

എബിന്റെ പക്കൽനിന്ന്‌ പിടിച്ചെടുത്ത മൊബൈൽ ഫോൺ, ലാപ്ടോപ്പ് തുടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങൾ വിശദമായ ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിവരുകയാണ്. കണ്ടെടുത്ത ഡിജിറ്റൽ ഉപകരണങ്ങളിലെ എൻക്രിപ്റ്റ് ചെയ്ത സന്ദേശങ്ങളും സാമ്പത്തിക കൈമാറ്റങ്ങളുടെ വിവരങ്ങളും പുറത്തുവരുന്നതോടെ കേസിൽ കൂടുതൽ നിർണായകമായ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. സിനഗോഗ് പരിസരത്ത് തീയിട്ടതിന് പ്രതിഫലമായി ‘ബോസി’ൽ നിന്ന് രണ്ടുലക്ഷം രൂപ മൂല്യമുള്ള ക്രിപ്റ്റോ കറൻസി എബിന് ലഭിച്ചതായി അന്വേഷണസംഘത്തിന് വ്യക്തമായി. മൂവാറ്റുപുഴയിൽ നടത്തിയ തീവെപ്പിനും 5,000 രൂപ കിട്ടിയെന്നാണ് ഇയാൾ മൊഴിനൽകിയത്. ഇത് പൂർണമായും പോലീസ് വിശ്വസിച്ചിട്ടില്ല.

‘ബോസി’നെ അറിയില്ലെന്ന് എബിൻ

ആക്രമണ നിർദേശം നൽകിയ ബോസ് ആരെന്ന് അറിയില്ലെന്ന നിലപാടിൽ എബിൻ. വരുംദിവസങ്ങളിലെ വിശദമായ ചോദ്യംചെയ്യലിലൂടെയേ ഇതിൽ വ്യക്തത വരൂ. ഓരോ ആക്രമണം നടത്തുമ്പോഴും അതിന്റെ തെളിവുകൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചിരുന്നു. സിനഗോഗ് പരിസരത്ത് തീവെച്ചതിന്റെയും മൂവാറ്റുപുഴയിൽ നടത്തിയ ആക്രമണങ്ങളുടെയും ദൃശ്യങ്ങൾ ഫോണിൽ പകർത്തിയെന്ന് എബിൻ സമ്മതിച്ചിട്ടുണ്ട്.