കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിയും എസ്എഫ്‌ഐ നേതാവുമായിരുന്ന അഭിമന്യുവിലെ കൊലപ്പെടുത്തിയ കേസിൽ വിചാരണ നടപടികൾ നിർത്തിവെക്കില്ല. വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന പോപ്പുലർ ഫ്രണ്ടുകാരായ അഞ്ച് പ്രതികളുടെ ആവശ്യം ഹൈക്കോടതി നിരസിച്ചു.

To advertise here,

കേസിൽ മറ്റു പ്രതികളുടെ വിചാരണ ആരംഭിക്കാത്തതിനാൽ നടപടികൾ നിർത്തിവയ്ക്കണം എന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. കേസിലെ അഞ്ച് പ്രതികൾ സമർപ്പിച്ച വിടുതൽ അപ്പീലും, കേസുമായി ബന്ധപ്പെട്ട എല്ലാ മൊഴികളും രേഖകളും നൽകണമെന്ന ആവശ്യവും ജസ്റ്റിസ് ജി. ഗിരീഷ് തള്ളി.

കേസിൽ നിന്ന് തങ്ങളെ ഒഴിവാക്കണമെന്ന ആവശ്യത്തിനൊപ്പം വിചാരണ നടപടികൾ നിർത്തിവെക്കുക, പോലീസിന് ലഭിച്ച എല്ലാ തെളിവുകളും രേഖകളും പ്രതികൾക്ക് കൈമാറുക എന്നീ മൂന്ന് പ്രധാന ആവശ്യങ്ങളാണ് പ്രതികൾ കോടതിക്ക് മുൻപാകെ വെച്ചിരുന്നത്.

കുറ്റപത്രത്തിനൊപ്പമില്ലാത്ത രേഖകളാണ് പ്രതികൾ ആവശ്യപ്പെട്ടത്. നേരത്തെ സെഷൻസ് കോടതിയും സമാനമായ വിധി പുറപ്പെടുവിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്തുകൊണ്ടാണ് അഞ്ച് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഇവിടെനിന്നും അവർക്ക് തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്.

കേസിൽ ആകെ 26 പ്രതികളാണുള്ളതെന്നും എന്നാൽ നിലവിൽ 16 പേർക്കെതിരെയുള്ള കുറ്റപത്രം മാത്രമാണ് സമർപ്പിച്ചിട്ടുള്ളതെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. ബാക്കി 10 പേർക്കെതിരെയുള്ള അന്വേഷണം പുരോഗമിക്കുന്ന ഈ ഘട്ടത്തിൽ വിചാരണ നടത്തുന്നത് നീതി ലഭിക്കുന്നതിന് തടസ്സമാകുമെന്നും, അന്വേഷണം പൂർണമായി പൂർത്തിയായ ശേഷം മാത്രം വിചാരണ തുടങ്ങിയാൽ മതിയെന്നുമായിരുന്നു പ്രതികളുടെ വാദം.

എന്നാൽ, അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ ഇപ്പോൾ കോടതിയിൽ സമർപ്പിക്കപ്പെട്ട കുറ്റപത്രത്തിലുള്ള വിവരങ്ങൾക്ക് അപ്പുറത്തേക്ക് മറ്റൊന്നും കൈമാറാൻ കഴിയില്ലെന്ന നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചത്. കോടതിയുടെ ഈ ഉത്തരവോടെ അഭിമന്യു വധക്കേസിലെ വിചാരണ നടപടികൾ വേഗത്തിൽ തുടരാം.