കൊച്ചി: 52 വയസുകാരിയെ ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കി റെയിൽവേ ട്രാക്കിനുസമീപം ചതുപ്പിൽ തള്ളിയ സംഭവത്തിൽ പ്രതി ഫിർദോസ് അലി(28) യെ തെളിവെടുപ്പിനെത്തിച്ചു. രാവിലെ പതിനൊന്ന് മണിയോടുകൂടിയാണ് പ്രതിയെ തെളിവെടുപ്പിനെത്തിച്ചത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. അക്രമത്തിൽ പരിക്കേറ്റ സ്ത്രീ അപകടനില തരണംചെയ്തിട്ടുണ്ട്.

To advertise here,

13-ന് വൈകീട്ട് ആറുമണിയോടെയാണ് സംഭവം. നോർത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തുവെച്ച് അസം സ്വദേശിയായ പ്രതി ഫിർദോസ് അലി സ്ത്രീയെ പരിചയപ്പെടുകയായിരുന്നു. അഞ്ഞൂറ് രൂപ വാ​ഗ്ദാനം ചെയ്ത് മെട്രോ ട്രെയിനിൽ കൊണ്ടുപോകാമെന്നു പറഞ്ഞാണ് ഇവരെ ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോയത്. ഓട്ടോയിൽ സൗത്ത് റെയിൽവേ സ്റ്റേഷനടുത്ത് ഇറങ്ങിയശേഷം റെയിൽവേ ട്രാക്കിലൂടെ നടന്നു. തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ ക്രൂരമായി ബലാത്സം​ഗം ചെയ്തശേഷം ചതുപ്പിലേക്ക് തള്ളുകയായിരുന്നു. ശേഷം ഇയാൾ ഇവിടെ നിന്ന് കടന്നുകളയുകയും ചെയ്തു. 

പിന്നാലെ രാത്രി പത്തരയോടെ രണ്ട് ചെറുപ്പക്കാരാണ് പൊന്നുരുന്നിക്കടുത്ത് റെയിൽവേ ട്രാക്കിനുസമീപം ചതുപ്പിൽ ഗുരുതരാവസ്ഥയിൽ കിടന്ന സ്ത്രീയെ കണ്ടത്. തുടർന്ന് യുവാക്കൾ പോലീസിനെ അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി ഇവരെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 

ലഹരിക്കേസിൽ നേരത്തേ അറസ്റ്റിലായ ഇയാൾ ഏതാനും മാസം മുൻപാണ് ജ്യാമത്തിലിറങ്ങിയത്. സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സംഭവം നടന്ന പരിസരത്ത് ഫിർദോസിന്റെ സാന്നിധ്യം വ്യക്തമായി. ഇയാളുടെ ഫോൺ സ്വിച്ച് ഓഫായിരുന്നു. ശനിയാഴ്ച രാവിലെ സിം ആക്ടീവായതോടെ പോലീസ് അന്വേഷണം ഊർജിതമാക്കുകയും പ്രതിയെ കലൂർ ഭാഗത്തുനിന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഫിർദോസ് അലി ദീർഘനാളായി കേരളത്തിലാണ് താമസിക്കുന്നതെന്ന് പോലീസ് പറഞ്ഞു.