ചെറുതോണി: സ്കൂൾ വിദ്യാർഥികളായ ആൺകുട്ടികളോട് ലൈംഗികാതിക്രമം നടത്തിയകേസിൽ എഴുപത്തിരണ്ടുകാരനായ വ്യാപാരിക്ക് മൂന്നുവർഷം തടവും 20,000 രൂപ പിഴയും വിധിച്ചു. ഇടുക്കി തങ്കമണി സ്വദേശി കാഞ്ഞിരന്താനത്തു വീട്ടിൽ ചാക്കോ മത്തായി(72)യെയാണ് ഇടുക്കി അതിവേഗ പോക്സോ കോടതി ജഡ്ജ് ഡി.എസ്. നോബൽ ശിക്ഷിച്ചത്.

To advertise here,

2025-ലാണ് കേസിനാസ്പദമായ സംഭവം. തങ്കമണി സ്കൂളിന്റെ പരിസരത്ത് പഴയ പോലീസ്‌സ്റ്റേഷന് സമീപം വ്യാപാരസ്ഥാപനം നടത്തിയിരുന്ന ഇയാൾ കടയിൽ സാധനങ്ങൾ വാങ്ങാൻവരുന്ന ചില ആൺകുട്ടികളോട് മോശമായി പെരുമാറുകയായിരുന്നു. നിരന്തരം ഇപ്രകാരംചെയ്യുന്ന ഇയാളെ ആൺകുട്ടികൾ കൂട്ടത്തോടെയെത്തി ചോദ്യംചെയ്തു. ബഹളം കേട്ടെത്തിയ സമീപത്തെ വ്യാപാരിയുടെ നിർദേശാനുസരണമാണ് കുട്ടികൾ വിവരം സ്കൂളിൽ അറിയിക്കുന്നത്.

സ്കൂളധികൃതർ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ തങ്കമണി പോലീസ് കേസെടുത്തു. പിഴത്തുകയിൽ 10,000 രൂപ ഇരയായ കുട്ടിക്ക് നൽകാൻ കോടതി വിധിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഷിജോമോൻ ജോസഫ് കണ്ടത്തിങ്കരയിൽ കോടതിയിൽ ഹാജരായി.