മണർകാട്: ഈസ്റ്റർ തലേന്ന് പോത്തിറച്ചിക്ക് 500 രൂപ വിലയീടാക്കി കച്ചവടം നടത്തിയത് ചോദ്യംചെയ്ത നാട്ടുകാർക്കുനേരേ ഇറച്ചിക്കത്തിവീശി കടക്കാരൻ. തടിച്ചുകൂടിയ നാട്ടുകാർ കടയടപ്പിച്ചു. ശനിയാഴ്ച രാവിലെ മണർകാട് കവലയിലുള്ള സ്വകാര്യ മാർക്കറ്റിലെ യൂദാ മീറ്റ്സ് എന്ന ഇറച്ചിക്കടയിലായിരുന്നു സംഭവം.

To advertise here,

കട നടത്തിയിരുന്നത് അനുമതിയില്ലാതെയാണെന്ന് കണ്ടെത്തിയതോടെ പഞ്ചായത്ത് അധികൃതർ കട പൂട്ടാൻ ഉടമയ്ക്ക് നോട്ടീസ് നൽകി. പതിനായിരം രൂപ പിഴയിട്ടു. പഞ്ചായത്തിൽനിന്ന് അനുമതി ലഭിക്കുന്നതുവരെ കട തുറക്കരുതെന്നും നിർദേശം നൽകി. ഈസ്റ്റർ കച്ചവടത്തിന് മുന്നോടിയായി മണർകാട് പഞ്ചായത്ത് ഇറച്ചി വ്യാപാരികളുടെ യോഗം വിളിച്ച് പോത്തിറച്ചി കിലോ 440 രൂപയ്ക്ക് വിൽക്കാൻ നിർദേശം നൽകിയിരുന്നു. ഈ വിലയ്ക്ക് മണർകാട്ടും പരിസരങ്ങളിലുമുള്ള മറ്റ് കടകൾ വില്പന തുടങ്ങിയെങ്കിലും യൂദാ മീറ്റ്സ് 460 രൂപയ്ക്കാണ് ശനിയാഴ്ച രാവിലെ വില്പന നടത്തിയത്.

ഒരു മണിക്കൂറിനുശേഷം വില 500 ആക്കി. വാങ്ങാനെത്തിയവർ ഇത് ചോദ്യം ചെയ്തതോടെ ‘വേണ്ടവർ കൊണ്ടുപോയാൽ മതി’യെന്നായിരുന്നു കടക്കാരന്റെ ഭീഷണി. 500 രൂപയ്ക്ക് വാങ്ങുന്നവർ കടയിൽനിന്നാൽ മതിയെന്നും മറ്റുള്ളവർ സ്ഥലം ഒഴിഞ്ഞുപോകാനും ആവശ്യപ്പെട്ടു. നാട്ടുകാർ വിവരം പോലീസിലറിയിച്ചെങ്കിലും നടപടിയായില്ല. സംഭവമറിഞ്ഞ് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിനു പാതയിൽ, ബ്ലോക്ക് പഞ്ചായത്തംഗം ഷാൻ ടി.ജോൺ എന്നിവരുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്ഥലത്തെത്തി വില ചോദ്യം ചെയ്തെങ്കിലും കടക്കാരൻ വിലകുറയ്ക്കാൻ തയ്യാറായില്ല. ചോദ്യംചെയ്ത നാട്ടുകാർക്കുനേരേ ഇറച്ചിക്കത്തിവീശിയതോടെ വാക്കേറ്റം സംഘർഷത്തിലെത്തി. തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കട അടപ്പിച്ചു.

കടക്കാരൻ നാട്ടുകാർക്കുനേരേ ഭീഷണിമുഴക്കിയതോടെ വീണ്ടും സംഘർഷാവസ്ഥയായി. കൂടുതൽ വാങ്ങിയ പണം തിരികെ നൽകാൻ ആവശ്യപ്പെട്ട് രോഷാകുലരായ നാട്ടുകാർ മേശ തള്ളിമറിച്ചു. ഇതോടെ പോലീസ് സ്ഥലത്തെത്തി. പോലീസ് സാന്നിധ്യത്തിലും കടക്കാരൻ ഭീഷണി തുടർന്നു. ഇതോടെ കച്ചവടം നിർത്താൻ പോലീസും ആവശ്യപ്പെട്ടു.

വൈസ് പ്രസിഡന്റ് പ്രസാദ് കുന്നേലിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് അധികൃതർ നോട്ടീസ് പതിച്ചു. ഏറ്റുമാനൂർ നടത്തുണ്ടത്തിൽ ബിജു ജോസഫിൻറേതാണ് സ്ഥാപനം. പഞ്ചായത്ത് പ്രസിഡന്റ് ജെസി ഫിലിപ്പ്, അംഗങ്ങളായ ടി.പി.തോമസ്, സിബി മാത്യു, യൂത്ത് കോൺഗ്രസ് ജില്ലാസെക്രട്ടറി ബിനീഷ് ബെന്നി, മണ്ഡലം പ്രസിഡന്റ് അജിൽ കാലായിൽ തുടങ്ങിയവരും പ്രതിഷേധത്തിന് നേതൃത്വംനൽകി.