
മലയാറ്റൂര്‍: മുണ്ടങ്ങാമറ്റം സ്വദേശിനി ചിത്രപ്രിയയുടെ കൊലപാതകത്തില്‍ പോലീസിനെതിരെ ബന്ധുവിന്റെ ആരോപണം. ചിത്രപ്രിയ പ്രതിയായ അലനുമൊപ്പം ബൈക്കില്‍ പോകുന്നതിന്റെ സിസിടിവി ദൃശ്യമെന്ന തരത്തില്‍ പോലീസ് പ്രചരിപ്പിക്കുന്ന ദൃശ്യത്തില്‍ ചിത്രപ്രിയ ഇല്ലെന്നാണ് ബന്ധു ശരത്ലാല് ആരോപിക്കുന്നത്. പോലീസ് പറയുന്ന കാര്യങ്ങള്‍ പലതരത്തിലുള്ള കളവുകളാണ്.
മലയാറ്റൂര്‍ പള്ളി പരിസരത്തുനിന്ന് ശേഖരിച്ചതെന്ന് പറയുന്ന സിസിടിവി ദൃശ്യങ്ങളാണ് പോലീസ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നത്. എന്നാല്‍ ദൃശ്യത്തിലുള്ളത് മറ്റാരോ ആണെന്നാണ് ശരത് ലാല്‍ പറയുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്നും ബന്ധു പറഞ്ഞു.
അതേസമയം ചിത്രപ്രിയയുടെ കൊലപാതകം സംബന്ധിച്ച അന്വേഷണം അറസ്റ്റിലായ അലനില്‍ ഒതുക്കിനിര്‍ത്തില്ലെന്നും കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നും അന്വേഷിക്കുമെന്ന് റൂറല്‍ എസ്പി എം. ഹേമലത കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ അലന് മാത്രമാണ് പ്രതി. കൂടുതല്‍ ചോദ്യംചെയ്യുന്നതിനായി അലനെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും. സ്ഥലത്ത് പ്രതിയെ എത്തിച്ച് തെളിവെടുപ്പും നടത്തുമെന്നും പോലീസ് അറിയിച്ചിരുന്നു.
ചിത്രപ്രിയയുടെയും അലന്റെയും മൊബൈല്‍ ഫോണുകള്‍ പരിശോധിക്കുമ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്. രണ്ട് ഫോണുകളും ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കുമെന്നും പോലീസ് അറിയിച്ചിരുന്നു. അലന്റെ പൂര്‍വകാല ജീവിത സാഹചര്യങ്ങളെക്കുറിച്ചും സൗഹൃദങ്ങളെ സംബന്ധിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. മദ്യലഹരിയിലാണ് കൃത്യം നിര്‍വഹിച്ചതെന്ന് പ്രതി ചോദ്യംചെയ്യലില്‍ പറഞ്ഞിരുന്നു. മദ്യം മാത്രമാണോ മറ്റ് മയക്കുമരുന്നുകള്‍ ഉപയോഗിച്ചിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്.
ബെംഗളൂരുവില്‍ പഠിക്കുന്ന ചിത്രപ്രിയയ്ക്ക് അവിടെ ഒരു ആണ്‍സുഹൃത്തുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതി പറയുന്നത്. എന്നാല്‍, ഇവര്‍ക്കിടയില്‍ ശത്രുതയ്ക്കിടയാക്കിയ മറ്റെന്തെങ്കിലും വിഷയങ്ങള്‍ ഉണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ചിത്രപ്രിയയുടെ ബെംഗളൂരുവിലുള്ള ആണ്‍സുഹൃത്തില്‍നിന്ന് പോലീസ് വിവരം തേടും.
Content Highlights: Relatives of Chithrapriya, the victim in the Malayattoor murder case, allege police are using fake CCTV footage.
Published: 12 Dec 2025, 09:58 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented