ന്യൂഡല്‍ഹി: അമേരിക്കയിൽ പിടിയിലായ കുറ്റവാളി ഹാപ്പി പാസിയ എന്ന ഹര്‍പ്രീത് സിങ്ങിനെ ഇന്ത്യക്ക് കൈമാറിയേക്കുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ ഏപ്രിൽ 17-ന് യുഎസ് ഇമിഗ്രേഷന്‍ വകുപ്പാണ് ഇയാളെ പിടികൂടിയത്.  പഞ്ചാബില്‍ നടന്ന 16 ഭീകരാക്രമണങ്ങള്‍ക്ക് ഉത്തരവാദിയെന്ന് ആരോപിക്കപ്പെടുന്നയാളാണ് ഹാപ്പി പാസിയ എന്ന ഹര്‍പ്രീത് സിങ്.

To advertise here,

പഞ്ചാബ് പോലീസാണ് ഹാപ്പി പാസിയയെ വിട്ടുകിട്ടാനുള്ള നീക്കം ആരംഭിച്ചത്. പാസിയയെ ഇന്ത്യക്ക് കൈമാറാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് അമേരിക്കന്‍ ഏജന്‍സികളില്‍ നിന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഉടന്‍ തന്നെ ഇയാളെ ഇന്ത്യക്ക് കൈമാറിയേക്കും. ഇന്ത്യ തിരയുന്ന ഏറ്റവും വലിയ കുറ്റവാളികളില്‍ ഒരാളാണ് ഹാപ്പി പാസിയ. ഇയാളുടെ തലയ്ക്ക് അഞ്ച് ലക്ഷം രൂപയാണ് വിലയിട്ടിരുന്നത്.  

പാകിസ്താൻ ചാരസംഘടനയായ ഐ.എസ്.ഐയുമായി പ്രവര്‍ത്തിച്ച് ഇയാള്‍ ഒട്ടേറെ ആക്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് സൂരക്ഷാ എജന്‍സികള്‍ പറയുന്നത്. പഞ്ചാബിലെ പൊലീസ് സ്റ്റേഷനുകള്‍ക്ക് നേരേ ആക്രമണം നടത്തുകയും സോഷ്യല്‍ മീഡിയയിലൂടെ അവയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തിരുന്നു. അമേരിക്കയിലെ പോലീസ് സ്റ്റേഷൻ ആക്രമണപദ്ധതികൾക്ക് പിന്നിലും ഹാപ്പി പാസിയ ആണെന്നാണ് വിവരം. പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന  റിന്‍ഡ എന്ന പേരില്‍ അറിയപ്പെടുന്ന ഹര്‍വീന്ദര്‍ സിങ് സന്ധുവിന്റെ അനുയായിയാണ് ഹര്‍പ്രീത് സിങ്. എന്‍.ഐ.എ തിരയുന്ന മറ്റൊരു കുറ്റവാളിയാണ് ഹര്‍വീന്ദര്‍ സിങ് സന്ധു.

അമൃതസറിലെ അജനാലാ പോലീസ് സ്‌റ്റേഷനില്‍ നവംബര്‍ 23-ന്‌ ബോംബ് വച്ചത് മുതലാണ് അക്രമണ പരമ്പരയുടെ തുടക്കം. സ്‌ഫോടനത്തിന് മുന്‍പ് പോലീസ് ഇത് കണ്ടെത്തുകയും നിര്‍വീര്യമാക്കുകയും ചെയ്തു. അടുത്തിടെ ഒരു ഡസനിലേറെ ഗ്രനേഡ് ആക്രമണങ്ങളാണ് നടന്നത്. ബിജെപി നേതാവ് മനോരഞ്ജന്‍ കാലിയയെ ലക്ഷ്യമിട്ട് അദ്ദേഹത്തിന്റെ വസതി ആക്രമിക്കാനും ശ്രമിച്ചു.