
ചേര്‍ത്തല: അയല്‍വാസിയായ നാലുവയസുകാരിക്കെതിരെ മൂന്നുവര്‍ഷക്കാലം ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് 110 വര്‍ഷം തടവും ആറുലക്ഷം പിഴയും വിധിച്ച് കോടതി. മാരാരിക്കുളം തെക്ക് പൊള്ളേത്തൈ ആച്ചമത്ത് വെളിവീട്ടില്‍ രമണനെ (62) ആണ് ചേര്‍ത്തല പോക്സോ പ്രത്യേക അതിവേഗ കോടതി വിവിധ വകുപ്പുകളിലായി 110 വര്‍ഷം തടവിന് ശിക്ഷിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്മതിയെന്നും കോടതി വ്യക്തമാക്കി. പിഴയടച്ചില്ലെങ്കില്‍ മൂന്നുവര്‍ഷം കൂടി ശിക്ഷയനുഭവിക്കണം.
2019-ല്‍ തുടങ്ങിയ പീഡനം പുറത്തറിഞ്ഞ് 2021-ലാണ്. പ്രതിയുടെ വീട്ടില്‍ ടിവി കാണുന്നതിനും മറ്റും ചെല്ലുന്ന സമയത്ത് പല ദിവസങ്ങളിലായി പ്രതി കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. ആരോടെങ്കിലും പറഞ്ഞാല്‍ പോലീസ് പിടിക്കുമെന്ന് ഇയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
മറ്റൊരു ദിവസം വീടിനടുത്തുള്ള പ്രവര്‍ത്തനം ആരംഭിക്കാത്ത പകല്‍ വീട്ടില്‍വെച്ചും കുട്ടിക്കെതിരെ പ്രതി ലൈംഗികാതിക്രമം നടത്തി. ഇതില്‍ കുട്ടിക്ക് മുറിവേറ്റിരുന്നു. പകല്വീട്ടില്വെച്ച് 2021-ല്‍ കുട്ടിയെ ഉപദ്രവിക്കുന്നതു ശ്രദ്ധയില്‍പെട്ട കുട്ടിയുടെ അമ്മൂമ്മയാണ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്. തുടര്‍ന്ന് അമ്മൂമ്മ അമ്മയെ അറിയിക്കുകയും പോലീസിലും ചൈല്‍ഡ് ലൈനിലും വിവരം കൈമാറുകയുമായിരുന്നു. മണ്ണഞ്ചേരി പോലീസാണ് കേസെടുത്തത്.
കുട്ടിയെ ഉപദ്രവിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടും ആരോടും പറയാതെ മറച്ചുവെച്ച പ്രതിയുടെ ഭാര്യയും കേസില്‍ പ്രതിയായിരുന്നു. എന്നാല്‍ വിചാരണ സമയത്ത് ഇവര്‍ കിടപ്പിലായതിനെ തുടര്‍ന്ന് കേസ് വിഭജിച്ച് നടത്തുകയായിരുന്നു. പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നും 29 സാക്ഷികളെയും 28 രേഖകളും ഹാജരാക്കി.
2021 മെയ് 21-ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്പെക്ടറായിരുന്ന രവി സന്തോഷാണ് അന്വേഷണം നടത്തിയത്. ഇന്‍സ്പക്ടറായിരുന്ന ബി. വിനോദ്കുമാറാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വനിതാ എസ്ഐ ജെര്‍ട്ടീന ഫ്രാന്‍സിസ്, ഓഫീസര്‍മാരായ ബി. ശ്രീലക്ഷ്മി, മഞ്ജുഷ, ശാരി, ആശ, നിഷാദ്, പ്രവീണ്‍കുമാര്‍, മോനേഷ്, ശ്രീകുമാര്‍, സി.എ. അശോകന്, ബി.കെ. അശോകന് എന്നിവര്‍ അന്വേഷണത്തിന്റെ ഭാഗമായി.
പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. ബീനാ കാര്ത്തികേയന്, അഡ്വ. വി.എല്‍. ഭാഗ്യലക്ഷ്മി എന്നിവര്‍ ഹാജരായി.
Content Highlights: 62-year-old sentenced to 110 years for sexual assault of a 4-year-old girl
Published: 17 Mar 2025, 06:23 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented