ന്യൂഡൽഹി: നോയിഡയിലെ ഫ്ളാറ്റിൽ നടന്ന കവർച്ചയിൽ ദുരൂഹത വർധിക്കുന്നു. കവർച്ച നടന്ന ഫ്ളാറ്റ് സുപ്രീം കോടതി അഭിഭാഷകനെന്ന് അവകാശപ്പെടുന്ന കിസ്ലെ പാണ്ഡെയുടേതാണെന്ന് നോയിഡ പോലീസ് തിരിച്ചറിഞ്ഞതോടെയാണ് കവർച്ചയെക്കുറിച്ചും ഫ്ളാറ്റിൽ സൂക്ഷിച്ചിരുന്ന സമ്പാദ്യങ്ങളെക്കുറിച്ചും ദുരൂഹത ഉയരുന്നത്. അതേസമയം, ഫ്ളാറ്റിന്റെ ഉടമ കിസ്ലെ പാണ്ഡെയാണെന്ന് പോലീസ് ആവർത്തിക്കുമ്പോഴും ഇത് തെറ്റാണെന്നാണ് അദ്ദേഹത്തിന്റെ വാദം. നോയിഡയിലെ ഫ്ളാറ്റോ മോഷ്ടിക്കപ്പെട്ട വസ്തുക്കളോ തന്റേതല്ലെന്നും കിസ്ലെ പാണ്ഡെ ട്വിറ്ററിൽ കുറിച്ചു.

ദിവസങ്ങൾക്ക് മുമ്പ് മോഷ്ടാക്കളായ രാജൻ ഭാട്ടി, അരുൺ എന്ന ഛാത്രി എന്നിവരെ സോംബസാറിന് സമീപത്തുനിന്ന് പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് കഴിഞ്ഞ വർഷം നടന്ന വൻകവർച്ചയെക്കുറിച്ച് പുറംലോകമറിയുന്നത്. കവർച്ചയ്ക്ക് ശേഷം സംഘാംഗങ്ങൾക്കിടയില്‍ ഉണ്ടായ തർക്കമാണ് രണ്ടു പേരുടെ അറസ്റ്റിലേക്ക് നയിച്ചത്.

ഇരുവരും ഉൾപ്പെട്ട എട്ടംഗസംഘം കഴിഞ്ഞ സെപ്റ്റംബറിൽ ഗ്രേറ്റർ നോയിഡ സിൽവർ സൊസൈറ്റിയിലെ ഫ്ളാറ്റിൽ കവർച്ച നടത്തിയെന്നും ഇവിടെനിന്ന് 40 കിലോ സ്വർണവും ആറരക്കോടി രൂപയും കവർന്നെന്നുമാണ് പ്രതികൾ പോലീസിനോട് പറഞ്ഞിരുന്നത്. തുടർന്ന് സംഘത്തിൽ ഉൾപ്പെട്ട നാലുപേരെ കൂടി അറസ്റ്റ് ചെയ്തു. ഇവരിൽനിന്ന് 13 കിലോ സ്വർണവും 57 ലക്ഷം രൂപയും പോലീസ് കണ്ടെടുക്കുകയും ചെയ്തു. തുടർന്നാണ് ഫ്ളാറ്റിന്റെ ഉടമയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്.

കവർച്ച നടന്നത് കഴിഞ്ഞ സെപ്റ്റംബറിലാണെങ്കിലും ഇന്നേവരെ ഇതുസംബന്ധിച്ച് പോലീസിന് ഒരു പരാതി പോലും ലഭിച്ചിരുന്നില്ല. ഇത്രയധികം സ്വർണവും പണവും മോഷണം പോയെന്ന് പരാതി നൽകിയാൽ ആദായനികുതി വകുപ്പിന്റെ അന്വേഷണം വരുമെന്ന ഭയമാകാം പരാതിയിൽനിന്ന് പിന്തിരിപ്പിച്ചതെന്നായിരുന്നു പോലീസിന്റെ നിഗമനം. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സുപ്രീം കോടതി അഭിഭാഷകനെന്ന് അവകാശപ്പെടുന്ന കിസ്ലെ പാണ്ഡെയാണ് ഫ്ളാറ്റിന്റെ ഉടമയെന്ന് കണ്ടെത്തിയത്.

മറ്റൊരാളുടെ പേരിലാണ് ഇയാൾ ഫ്ളാറ്റ് വാടകയ്ക്ക് എടുത്തിരുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായി. കിസ്ലെ പാണ്ഡെക്കെതിരേ ഡൽഹിയിലും മറ്റും വഞ്ചനാക്കുറ്റത്തിന് നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് കണ്ടെത്തി. ഇന്ത്യാ ബുൾസ് ഹൗസിങ് ഫിനാൻസ് കമ്പനി ഉൾപ്പെടെയുള്ളവരാണ് ഇയാൾക്കെതിരേ പരാതി നൽകിയിട്ടുള്ളത്. ഇയാളുടെ നിയമബിരുദം വ്യാജമാണോയെന്നും പോലീസിന് സംശയമുണ്ട്. സംഭവത്തിൽ ആദായനികുതി വകുപ്പിനും ഇ.ഡിയ്ക്കും വിവരങ്ങൾ കൈമാറുമെന്നും പോലീസ് അറിയിച്ചു.

അതേസമയം, പോലീസിന്റെ എല്ലാവിധ ആരോപണങ്ങളും തെറ്റാണെന്നായിരുന്നു കിസ്ലെ പാണ്ഡെയുടെ പ്രതികരണം. പൊതുജനങ്ങളുടെ പണം വിഴുങ്ങിയ അഴിമതിക്കാർ തന്നെ കളങ്കപ്പെടുത്താനായി മനഃപൂർവം നടത്തുന്ന പ്രചരണമാണിതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. തനിക്കെതിരേ നേരത്തെയുള്ള കേസുകൾ 18-19 വർഷം പഴക്കമുള്ളതാണെന്നും അത് വേറെ വിഷയങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, സുപ്രീം കോടതി അഭിഭാഷകനെന്ന് അവകാശപ്പെടുന്ന കിസ്ലെ പാണ്ഡെ നിലവിൽ വിദേശത്താണെന്നും റിപ്പോർട്ടുകളുണ്ട്.

Content Highlights:theft in noida flat police identified the flat owner but he denied all allegations