നിയമന പരീക്ഷകൾക്കായെത്തുന്ന എല്ലാ ഉദ്യോഗാർഥികളെയും എഐ ഉപയോഗിച്ചുള്ള മുഖം തിരിച്ചറിയൽ സംവിധാനം വഴി (ഫെയ്‌സ് ഓഥന്റിക്കേഷൻ) പരിശോധന നടത്തുമെന്ന് യൂണിയൻ പബ്ലിക്‌ സർവീസ്‌ കമ്മിഷൻ (യുപിഎസ്‌സി). ആൾമാറാട്ടമടക്കമുള്ള തട്ടിപ്പുകൾ തടയാൻ ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം.

To advertise here,

പരീക്ഷയ്ക്കായി അപേക്ഷിക്കുമ്പോൾ നൽകുന്ന ഫോട്ടോയുമായി ചേരുന്നുണ്ടോയെന്നാണ് വിലയിരുത്തുക. നിർമ്മിതബുദ്ധിയുടെ സംവിധാനം ഉപയോഗിച്ചാണ് ഇത് നടപ്പിലാക്കുക. പരീക്ഷാകേന്ദ്രങ്ങളിൽ ഇതിനായുള്ള സൗകര്യമൊരുക്കും. കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ നിയമനം നടത്തുന്ന യുപിഎസ്‌സി കഴിഞ്ഞവർഷം സെപ്റ്റംബറിൽ പരീക്ഷണാടിസ്ഥാനത്തിൽ ഫെയ്‌സ് ഓഥന്റിക്കേഷൻ നടപ്പാക്കിയിരുന്നു.

ഗുരുഗ്രാമിലെ പരീക്ഷാ കേന്ദ്രങ്ങളിൽ ഡിഫൻസ് അക്കാദമിയുടെയും നേവൽ അക്കാദമിയുടെയും പ്രവേശനത്തിനായി നടത്തിയ പരീക്ഷയിലായിരുന്നു ആദ്യമായി മുഖ പരിശോധന നടപ്പിലാക്കിയത്. എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയ പരിശോധനയ്ക്ക് ഒരുദ്യോഗാർഥിക്കായി ശരാശരി 8-10 സെക്കൻഡ് മാത്രമേ വേണ്ടിവന്നുള്ളൂവെന്ന് അധികൃതർ വ്യക്തമാക്കി.

നിലവിലുള്ള സംവിധാനങ്ങളിൽ നിന്ന് മാറി സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരിശോധന നടപ്പിലാക്കുന്നത് കൃത്രിമത്വം കുറയ്ക്കുമെന്നും പരിശോധനയുടെ സമയം കുറയ്ക്കുമെന്നും അധികൃതർ അവകാശപ്പെടുന്നു. പരീക്ഷയുമായി ബന്ധപ്പെട്ട് നടക്കാൻ സാധ്യതയുള്ള പ്രശ്നങ്ങൾ ഒഴിവാക്കി ഉദ്യോഗാർഥികൾക്കിടയിലുള്ള വിശ്വാസം വർധിപ്പിക്കാനും ഇത് സഹായിക്കുമെന്നും കമ്മീഷൻ വിശ്വസിക്കുന്നു.