പിഎസ്‌സി റാങ്ക് പട്ടികയെ അപ്രസക്തമാക്കി ടൈപ്പിസ്റ്റ് തസ്തിക ഇല്ലാതാക്കുന്നു. പകരം സൃഷ്ടിക്കുന്നത് ഉയർന്ന ക്ലാസ് വൺ ഓഫീസർ തസ്തിക. പേര് ടൈപ്പിസ്റ്റ് എന്നാണെങ്കിലും കംപ്യൂട്ടർ ഉൾപ്പെടെ കൈകാര്യം ചെയ്യുന്നവരുടെ തൊഴിൽസാധ്യതയാണ് ഇല്ലാതാകുന്നത്. പ്രായപരിധി തീരാറായി മറ്റ് സാധ്യതയില്ലാത്ത സ്ത്രീകൾ ഉൾപ്പെടുന്ന ഉദ്യോഗാർഥികളെയാണ് നടപടി ബാധിക്കുന്നത്. വിവിധ വകുപ്പുകളിലായി നൂറോളം ടൈപ്പിസ്റ്റ് തസ്തികൾ ഒഴിവാക്കാനുള്ള നടപടി തുടങ്ങിക്കഴിഞ്ഞു.

To advertise here,

റവന്യൂ വകുപ്പിൽ വയനാട്, ഇടുക്കി ജില്ലകളിൽ ഡെപ്യൂട്ടി കളക്ടറെ നിയമിക്കാനായി രണ്ട് ടൈപ്പിസ്റ്റ് തസ്തികകൾ ഇല്ലാതാക്കി. നിലവിൽ പോലീസ് വകുപ്പിൽ അഞ്ച് അക്കൗണ്ട്‌സ് ഓഫീസർ തസ്തികകൾ സൃഷ്ടിക്കുന്നതിനായി എആർ കാഷ്യർ, ഓഫീസ് അസിസ്റ്റന്റ്, ടൈപ്പിസ്റ്റ് തസ്തികകൾ സറണ്ടർ ചെയ്യാൻ ആവശ്യപ്പെട്ടിട്ടുമുണ്ട്. സഹകരണവകുപ്പിൽ 32 ടൈപ്പിസ്റ്റുകളെ മറ്റു തസ്തികകളിലേക്ക് മാറ്റാൻ ശുപാർശയുണ്ട്.

ജോലിക്കുറവ് ചൂണ്ടിക്കാട്ടിയാണ് തസ്തികമാറ്റം. എന്നാൽ, ഒരുദിവസം ഒരാൾ മലയാളം 20 പേജോ ഇംഗ്ലീഷ് 704 വരികളോ ടൈപ്പ് ചെയ്യണമെന്ന് ചട്ടം. കംപ്യൂട്ടർ വന്നതോടെ ഈ നിർദേശം പഴഞ്ചനായി. 1981-ൽ നിശ്ചയിച്ച ചട്ടം മാറ്റണമെന്നാവശ്യപ്പെട്ട് ഓൾ കേരള ടൈപ്പിസ്റ്റ് ആൻഡ് സ്റ്റെനോഗ്രാഫേഴ്‌സ് അസോസിയേഷൻ പരാതി നൽകിയിരുന്നു. ജോലിക്ക് എത്രപേർ വേണമെന്ന് ആറുമാസത്തിനുള്ളിൽ പുനർനിർണയിക്കാൻ ഉത്തരവായിട്ടുമുണ്ട്.

അതേസമയം ടൈപ്പിസ്റ്റുകൾക്കു സമാനമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ താത്കാലിക ജീവനക്കാരായ ടെക്‌നിക്കൽ അസിസ്റ്റന്റുമാരെ സ്ഥിരപ്പെടുത്താനുള്ള നീക്കവും നടക്കുന്നുണ്ട്. ഇതിൽ അഭിപ്രായം വ്യക്തമാക്കാൻ ജില്ലാ ജോയിന്റ് ഡയറക്ടർമാർക്ക് പ്രിൻസിപ്പൽ ഡയറക്ടർ കത്തുനൽകിയിട്ടുണ്ട്.