മധ്യേഷ്യയിലെ സംഘർഷങ്ങളെത്തുടർന്ന് ഇന്ധനവിതരണത്തിൽ തടസ്സമുണ്ടായേക്കാമെന്ന ആശങ്കകൾക്കിടെ വർക്ക് ഫ്രം ഹോം ജോലികൾ പുനരാരംഭിക്കണമെന്ന ആവശ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നു. എക്‌സ് (X), വാട്‌സാപ്പ് ഗ്രൂപ്പുകൾ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി നടക്കുന്ന ചർച്ചകളിൽ, വിതരണസമ്മർദം വർധിക്കുകയാണെങ്കിൽ ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനായി താല്ക്കാലികമായി റിമോട്ട് വർക്ക് അനുവദിക്കുന്നത് പരിഗണിക്കണമെന്നാണ് നിരവധി ഐടി പ്രൊഫഷണലുകളും കോർപ്പറേറ്റ് ജീവനക്കാരും സർക്കാരിന് മുന്നിൽ വെക്കുന്ന ആവശ്യം.
അമേരിക്ക-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള രൂക്ഷമായ സംഘർഷം ആഗോള ഊർജ വിതരണത്തെക്കുറിച്ച് ആശങ്കകൾ ഉയർത്തുന്ന സാഹചര്യത്തിലാണ് ഈ ചർച്ചകൾ നടക്കുന്നത്. ഇന്ത്യ മധ്യേഷ്യയിൽ നിന്നുള്ള എണ്ണയെയാണ് കൂടുതലും ആശ്രയിക്കുന്നത്; അസംസ്‌കൃത എണ്ണയുടെ 55 ശതമാനത്തോളം ഈ മേഖലയിൽനിന്നാണ് ഇറക്കുമതി ചെയ്യുന്നത്.
ഐടി, ഫിനാൻസ് തുടങ്ങിയ മേഖലകളിലെ ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നത് ദിവസേനയുള്ള യാത്രകൾ ഗണ്യമായി കുറയ്ക്കാനും ഗതാഗതക്കുരുക്ക് ഒഴിവാക്കാനും ഇന്ധനത്തിന്റെ ആവശ്യം കുറയ്ക്കാനും സഹായിക്കുമെന്ന് ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറയുന്നു.
തായ്‌ലൻഡ്, വിയറ്റ്നാം തുടങ്ങിയ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ ഇന്ധനലഭ്യതയിൽ ആശങ്കകൾ നിലനിന്ന കാലയളവിൽ ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനായി മുമ്പ് റിമോട്ട് വർക്ക് സമ്പ്രദായം നടപ്പാക്കിയിരുന്നുവെന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ഇന്ത്യയിൽ ഇത് എത്രത്തോളം പ്രായോഗികമാണെന്ന ചോദ്യം ഉയരുന്നുണ്ട്. ചില ഭാഗങ്ങളിലെ വൈദ്യുതി തടസം ഉൾപ്പടെയുള്ളവ വെല്ലുവിളിയായേക്കാം. കൂടാതെ ജീവനക്കാർ അമിതമായി യാത്ര ദൂരയാത്ര നടത്തുന്നത് ഉദ്ദേശിക്കുന്ന ലക്ഷ്യത്തിന് തടസമായേക്കുമെന്ന അഭിപ്രായവുമുണ്ട്.
രാജ്യത്ത് ഇന്ധനക്ഷാമം ഉണ്ടാവില്ലെന്നാണ് കേന്ദ്രസർക്കാർ ആവർത്തിച്ച് നൽകുന്ന ഉറപ്പ്. ക്രൂഡ് ഓയിലും ശുദ്ധീകരിച്ച ഇന്ധനവും അടക്കം രാജ്യത്ത് കരുതൽ ശേഖരം ആവശ്യത്തിനുണ്ടെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു. അതേസമയം വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി ക്ഷാമം ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. രാജ്യത്തുടനീളം റസ്റ്ററന്റുകളുടെ പ്രവർത്തനത്തെ ഇത് ബാധിച്ചിട്ടുണ്ട്.
പരിഭ്രാന്തരായി സാധനങ്ങൾ വാങ്ങിക്കൂട്ടരുതെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന നിർദേശം. ബുക്കിങ് കഴിഞ്ഞ് ഏകദേശം രണ്ടര ദിവസത്തിനുള്ളിൽ എൽ.പി.ജി. സിലിണ്ടറുകൾ വിതരണം ചെയ്യുന്നത് തുടരുമെന്ന് സർക്കാർ അറിയിച്ചു. ആശങ്കകൾ ജനങ്ങൾക്കിടയിൽ പ്രചരിക്കുന്നുണ്ടെങ്കിലും തൽക്കാലം ഇന്ധന വിതരണം സുസ്ഥിരമായി തുടരുന്നു എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
Content Highlights: Will WFH Return? Global Tension Sparks Discussion on Fuel Consumption Control in India
Published: 12 Mar 2026, 08:07 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented