നിലവിലുള്ള ജോലി ഉപേക്ഷിച്ച് സ്വപ്നങ്ങളെ പിന്തുടരുന്നത് എളുപ്പമുള്ള കാര്യമല്ല. ഈ വെല്ലുവിളിയേറിയ വഴി തിരഞ്ഞെടുത്ത് വിജയിച്ചിരിക്കുകയാണ് മുന്‍ ഇന്‍ഡിഗോ എയര്‍ ഹോസ്റ്റസ് ഖുശ്ബു പ്രധാന്‍. പൈലറ്റാകാന്‍ വേണ്ടി എയര്‍ ഹോസ്റ്റസ് ജോലി ഉപേക്ഷിക്കുകയും ഈ പരിശ്രമത്തില്‍ അവര്‍ വിജയിക്കുകയും ചെയ്തു. തന്റെ വിജയയാത്രയെ കുറിച്ച് ഖുശ്ബു പങ്കുവെച്ച വീഡിയോ വളരെ പെട്ടെന്ന് വൈറലായി.

To advertise here,

എയര്‍ ഹോസ്റ്റസ് യൂണിഫോമിലുള്ള ഖുശ്ബുവിനെ കാണിച്ചുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. ശേഷം ഖുശ്ബു പൈലറ്റിന്റെ വേഷത്തില്‍ നില്‍ക്കുന്നതും കാണിക്കുന്നു. '18-കാരിയായിരുന്നപ്പോള്‍ അറിയുമായിരുന്നില്ല, ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അവള്‍ പൈലറ്റാകാന്‍ വേണ്ടി ജോലി ഉപേക്ഷിക്കുമെന്ന്'-വീഡിയോയില്‍ പറയുന്നു.

പോസ്റ്റിന്റെ അടിക്കുറിപ്പില്‍ ഖുശ്ബു ഇങ്ങനെ എഴുതി: 'വര്‍ഷങ്ങളുടെ കാത്തിരിപ്പും കഠിനാധ്വാനവും ക്ഷമയും സ്ഥിരതയും കുടുംബത്തിന്റെ പിന്തുണയുമാണ് എന്നെ ഇത്രയും ദൂരം എത്തിച്ചത്. ഈ എല്ലാ അനുഗ്രഹങ്ങളോടും കൂടി ഞാന്‍ മികച്ച പൈലറ്റാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. എന്റെ ഭാവി എങ്ങനെയായിരിക്കുമെന്ന് എനിക്കറിയാം, കാരണം ഞാന്‍ അതിനുവേണ്ടി കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ഞാന്‍ ഒരുപാട് കാര്യങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. എന്നിട്ടും ഓരോ തവണയും ഞാന്‍ കൂടുതല്‍ ശക്തയായി പുറത്തുവന്നു. എനിക്ക് എഴുതാന്‍ ഒരു കഥയുണ്ട്, സൃഷ്ടിക്കാന്‍ ഒരു പാരമ്പര്യമുണ്ട്- ഖുശ്ബു കുറിച്ചു

തന്റെ യാത്ര തന്റേതു മാത്രമായിരുന്നില്ലെന്ന് അവര്‍ പറയുന്നു. 'പൈലറ്റാവുക എന്നത് എന്റെ സ്വപ്നം മാത്രമല്ല, എന്റെ കുടുംബത്തിന്റെ സ്വപ്നം കൂടിയാണ്. അവര്‍ എനിക്കൊപ്പം ത്യാഗം സഹിച്ചു, സ്വപ്നം കണ്ടു, പ്രതീക്ഷിച്ചു.'-ഖുശ്ബു കുറിച്ചു.

ഒട്ടേറെപ്പേരാണ്‌ വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയത്. സമാനമായ സ്വപ്നങ്ങള്‍ പങ്കുവെക്കുകയും ഖുശ്ബുവിന്റെ ജീവിത
കഥയില്‍ നിന്ന് ധൈര്യം ലഭിച്ചുവെന്ന് കമന്റില്‍ പറയുകയും ചെയ്തു.