ആലപ്പുഴ: സർവകലാശാലകളിലെ താത്കാലിക അസിസ്റ്റന്റ് ഗ്രേഡ് നിയമനങ്ങൾ പി.എസ്.സി. റാങ്കുപട്ടികയിൽ നിന്നാക്കും. ചാൻസലർ കൂടിയായ ഗവർണർ ഇക്കാര്യത്തിൽ ഇടപെട്ടിട്ടുണ്ട്. പ്രത്യേക നിർദേശം ഗവർണറുടെ ഓഫീസിൽനിന്ന് ഉടനുണ്ടാകും.

To advertise here,

എം.ജി., കേരള സർവകലാശാല വി.സി.മാർ ഇതിനു സമ്മതമറിയിച്ചു. താത്കാലിക നിയമനങ്ങളിൽ ഭരണാനുകൂല യൂണിയനിലെയും പാർട്ടികളിലെയും നേതാക്കൾ ഇടപെടുന്നതിനെക്കുറിച്ച് പരാതിയുണ്ടായ സാഹചര്യത്തിൽ കൂടിയാണിത്.

നിലവിൽ അസിസ്റ്റന്റ് ഗ്രേഡ് സ്ഥിരനിയമനം പി.എസ്.സി. പരീക്ഷയുടെ അടിസ്ഥാനത്തിലാണ്. 13 സർവകലാശാലകളിലേക്കായി പൊതുപരീക്ഷ നടത്തിയാണു നിയമനം. മൂന്നുവർഷം കൂടുമ്പോൾ അഞ്ഞൂറോളം ഒഴിവുകളുണ്ടാകാറുണ്ട്.

മൂന്നുവർഷം കൂടുമ്പോഴാണ് പി.എസ്.സി. പരീക്ഷയെന്നതിനാൽ ഇടയ്ക്കു വരുന്ന ഒഴിവുകൾ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചു വഴിയാണ് നികത്തുന്നത്. എന്നാൽ, മിക്ക സർവകലാശാലകളും സ്വന്തമായി നിയമനം നടത്തുകയാണ്. ഇതിൽ യൂണിയനുകളുടെ ഇടപെടലുണ്ടാകാറുണ്ട്.

കോളേജുകളിലെ താത്കാലിക അധ്യാപക നിയമനങ്ങളിൽ പി.എസ്.സി. റാങ്കുപട്ടികയിലുള്ളവർക്കു മുൻഗണന നൽകണമെന്നു നിർദേശമുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല. സർക്കാർ കോളേജുകളിൽ പി.എസ്.സി. വഴിയും എയ്ഡഡ് കോളേജുകളിൽ മാനേജ്മെന്റ് സ്വന്തം നിലയ്ക്കുമാണ് നിയമനം നടത്തുന്നത്. എയ്ഡഡ് കോളേജുകൾക്കായി പ്രത്യേക റാങ്കുപട്ടിക ഇല്ലാത്തതിനാൽ സർക്കാർ കോളേജുകൾക്കുള്ള പട്ടികയിൽ നിന്നാണ് താത്കാലിക നിയമനം നടത്തേണ്ടത്.

ഉദ്യോഗാർഥികളോടുള്ള നീതി 
താത്കാലിക നിയമനങ്ങളിൽപ്പോലും വ്യാപകമായി പരാതികളുണ്ടാകാറുണ്ട്. ഇതു പരിഹരിക്കാൻ പി.എസ്.സി. റാങ്കു പട്ടികയിൽനിന്നുള്ള നിയമനമാണ് ഉചിതം. അത് ഉദ്യോഗാർഥികളോടു കാട്ടുന്ന നീതിയുമാകും.

ഡോ. മോഹനൻ കുന്നുമ്മൽ
വൈസ് ചാൻസലർ,കേരള സർവകലാശാല