തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറിയില്‍ ഇംഗ്ലീഷ് അധ്യാപകരാവാനുള്ള യോഗ്യതയുടെകൂടെ പി.ജി. ഡിപ്ലോമയും ചേര്‍ത്ത് സര്‍ക്കാര്‍ വിജ്ഞാപനം. അധ്യാപകസംഘടനകളുടെ എതിര്‍പ്പും എസ്.സി.ഇ.ആര്‍.ടി. റിപ്പോര്‍ട്ടും മാനിക്കാതെയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിജ്ഞാപനം.
കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് അധ്യാപകരാവാന്‍ എം.എ. ഇംഗ്ലീഷ്, ബി.എഡ്., സെറ്റ് എന്നിവയ്ക്കുപുറമെ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ പി.ജി. ഡിപ്ലോമ യോഗ്യതയാക്കിയാണ് പുതിയ ഭേദഗതി. കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ പി.ജി. ഇല്ലാത്ത പശ്ചാത്തലത്തിലാണ് ഭേദഗതിയെന്നാണ് വാദം. എന്നാല്‍, നിലവിലെ ചട്ടങ്ങള്‍ക്കുവിരുദ്ധമാണ് സര്‍ക്കാരിന്റെ തീരുമാനം.
2001-ലെ ഹയര്‍സെക്കന്‍ഡറി സ്‌പെഷ്യല്‍ റൂളനുസരിച്ച് അധ്യാപകരാവാന്‍ അതേവിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാനയോഗ്യത. അതനുസരിച്ച് കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷിനും ഇതേ യോഗ്യതവേണം. ഹയര്‍സെക്കന്‍ഡറിയില്‍ ഇംഗ്ലീഷിനുപുറമെ, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്നവിഷയവുമുണ്ട്. കേരളത്തിലെ സര്‍വകലാശാലകളില്‍ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷിന് പി.ജി. കോഴ്‌സില്ല. കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ പി.ജി. ഡിപ്ലോമ യോഗ്യതയാക്കാന്‍ ഒരു വിഭാഗം ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ എസ്.സി.ഇ.ആര്‍.ടി.യോട് റിപ്പോര്‍ട്ട് തേടി.
എം.എ. ഇംഗ്ലീഷുകാര്‍ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പഠിപ്പിക്കാന്‍ പ്രാവീണ്യം നേടുന്നുണ്ടെന്നും പി.ജി. ഡിപ്ലോമ യോഗ്യതയാക്കേണ്ടതില്ലെന്നുമായിരുന്നു എസ്.സി.ഇ.ആര്‍.ടി. ശുപാര്‍ശ. പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി വിളിച്ച യോഗത്തിലും സമാനനിര്‍ദേശമായിരുന്നു. കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ പി.ജി. യോഗ്യതയുള്ളവരെ പരിഗണിക്കാമെന്നും കേരളത്തില്‍ ഈ കോഴ്‌സ് തുടങ്ങാനുള്ള നടപടികളെടുക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അഭിപ്രായപ്പെട്ടു.
ചട്ടലംഘനം ഇങ്ങനെ
- സമാനവിഷയത്തില്‍ പി.ജി. വേണമെന്നിരിക്കേ, ഒരു തസ്തികയിലും പി.ജി. ഡിപ്ലോമ അടിസ്ഥാനയോഗ്യതയല്ല
- സര്‍ക്കാര്‍ സമിതികളുടെ ശുപാര്‍ശയോ കോടതിവിധികളോ ഇല്ല
- നിയമസഭയുടെ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കും വിട്ടില്ല
- 2001ലെ സ്‌പെഷ്യല്‍ റൂളനുസരിച്ച് തസ്തിക വിജ്ഞാപനംചെയ്യാന്‍ ഓഗസ്റ്റ് 22നും ഒക്ടോബര്‍ 30നും അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവിറക്കിയിട്ടും സര്‍ക്കാര്‍ പാലിച്ചില്ല
- കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ പി.ജി. യോഗ്യതയാക്കാന്‍ പി.എസ്.സി. നിര്‍ദേശമനുസരിച്ചുള്ള ഭേദഗതി അട്ടിമറിച്ചു
Content Highlights: Kerala Higher Secondary English Teacher PG Diploma
Published: 02 Dec 2024, 07:34 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented