കോഴിക്കോട്: ജോലികിട്ടിയവരുടെ സീനിയോറിറ്റി തർക്കം ജി.എസ്.ടി. വകുപ്പിൽ ജോലികിട്ടാനുള്ളവരെയും കുരുക്കിലാക്കുന്നു. സീനിയോറിറ്റി തർക്കം കോടതി കയറിയതോടെയാണ് പ്രമോഷനും നിയമനവും മുടങ്ങിയത്. സ്റ്റേറ്റ് ടാക്‌സ് ഓഫീസർ (എസ്.ടി.ഒ) തസ്തികയിലേക്കുള്ള പി.എസ്.സി. റാങ്ക് ലിസ്റ്റിൽനിന്നുള്ള നിയമനമാണ് വഴിമുട്ടിയത്.
സീനിയോറിറ്റി ലിസ്റ്റിലുള്ള തർക്കംകാരണം നിലവിൽ എസ്.ടി.ഒ.മാരായവരുടെ സ്ഥാനക്കയറ്റവും അനന്തമായി നീളുകയാണ്. പ്രമോഷൻ നടക്കാതെ റാങ്ക് ലിസ്റ്റിൽനിന്നുള്ള ഒരാൾക്കുപോലും നിയമനം ലഭിക്കില്ലതാനും.
അനിശ്ചിതമായി നീളുന്ന പ്രമോഷൻ
ജി.എസ്.ടി. വകുപ്പിൽ എസ്.ടി.ഒ. തസ്തികയിലേക്ക് 80 ശതമാനംപേരെ പ്രമോഷൻ വഴിയും 20 ശതമാനംപേരെ പി.എസ്.സി. വഴിയുമാണ് നിയമിക്കുന്നത്. പി.എസ്.സി. റാങ്ക് ലിസ്റ്റ് നിലവിലില്ലാത്തപ്പോൾ, അസിസ്റ്റന്റ് ടാക്‌സ് ഓഫീസർമാരെ പ്രമോഷൻ നൽകി എസ്.ടി.ഒ. ഒഴിവ് നികത്താറുണ്ട്.
2013-2017 കാലയളവിൽ ഇത്തരത്തിൽ ഒഴിവുനികത്തിയിരുന്നു. 2017-ൽ നേരിട്ട് നിയമനംലഭിച്ചവരും ജോലിയിലെത്തി. ഇവരുടെ സ്ഥാനക്കയറ്റത്തിനുള്ള സീനിയോറിറ്റി പട്ടിക തയ്യാറാക്കിയതുമായി ബന്ധപ്പെട്ടാണ് കേസ് ആദ്യം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലും തുടർന്ന് ഹൈക്കോടതിയിലും എത്തിയത്.
സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചത് നേരിട്ടു നിയമിക്കപ്പെട്ടവരുടെ അഡൈ്വസ് തീയതിവെച്ചും പ്രൊമോട്ടി ഓഫീസർമാരുടേത് അവരുടെ പ്രമോഷൻ തീയതി വെച്ചുമായിരുന്നു. ഇത് ചട്ടവിരുദ്ധമാണെന്നാരോപിച്ച് നേരിട്ട് നിയമനം ലഭിച്ചവർ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു. കേരള സബോർഡിനേറ്റ് സർവീസ് റൂൾ പ്രകാരം പ്രമോട്ടി ഓഫീസർമാരുടെ സീനിയോറിറ്റി നിശ്ചയിക്കേണ്ടത് അവരുടെ ഒഴിവുവരുന്ന മുറയ്ക്കാണെന്ന് നേരിട്ട് നിയമനം ലഭിച്ചവർ ചൂണ്ടിക്കാണിക്കുന്നു.
ഏറെക്കാലത്തെ നിയമപോരാട്ടത്തിനൊടുവിൽ 92 പ്രമോട്ടി ഓഫീസർമാരെ ഡയറക്ടർ ഓഫീസർമാരുടെ പിന്നിലേക്കുമാറ്റണമെന്ന് വിധിവന്നു. എന്നാൽ, പ്രമോട്ടി ഓഫീസർമാർ ഹൈക്കോടതിയിൽ അപ്പീൽ പോയതോടെ കേസ് പിന്നെയും നീളുകയാണ്. ഈ നിയമയുദ്ധങ്ങൾക്കിടെ പലരുടെയും രണ്ട് പ്രമോഷൻവരെ ഇല്ലാതായി. നിലവിൽ 17 ഡെപ്യൂട്ടി കമ്മിഷണർമാരുടെ ഒഴിവാണുള്ളത്.
റാങ്ക് ഹോൾഡേഴ്‌സ് പെരുവഴിയിൽ
എന്നാൽ, ഏറെ നാളത്തെ കഠിനാധ്വാനത്തിനൊടുവിൽ റാങ്ക് ലിസ്റ്റിൽ കയറിയ ഉദ്യോഗാർഥികളാണ് ഇതുകാരണം പെരുവഴിയിലായത്. 2024 ഏപ്രിലിലാണ് റാങ്ക് ലിസ്റ്റ് നിലവിൽവന്നത്. നിലവിൽ ആകെയുള്ള എസ്.ടി.ഒ. ഒഴിവിലേക്ക് 80-20 അനുപാതമനുസരിച്ച് 426 പേർ പ്രമോഷൻ വഴിയും 107 പേർ നേരിട്ടുമാണ് നിയമിക്കപ്പെടേണ്ടത്.
എന്നാൽ, 2017-ൽ നേരിട്ട് നിയമിക്കപ്പെട്ടവർക്ക് പ്രമോഷൻ ലഭിച്ചാൽമാത്രമേ റാങ്ക് ലിസ്റ്റിൽനിന്ന് നിയമനം നടക്കൂ. രണ്ടുവർഷമാവാനിരിക്കെ 12 പേരെ മാത്രമാണ് റാങ്ക് ലിസ്റ്റിൽനിന്ന് നിയമിച്ചത്. അതും കോടതിയിൽ പോയും മറ്റും. ഇനി കോടതി ഉത്തരവ് വന്ന്, സീനിയോറിറ്റി ലിസ്റ്റ് വരുമ്പോഴേക്കും റാങ്ക് ലിസ്റ്റ് കാലാവധി കഴിയുമോ എന്ന ആശങ്കയിലാണ് ഉദ്യോഗാർഥികൾ.
Content Highlights: Seniority dispute in Kerala GST department delays promotions and PSC appointments for State Tax Officer posts.
Published: 20 Feb 2026, 07:54 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented