മലപ്പുറം: സംസ്ഥാനത്ത് സർക്കാർ എൽ.പി., യു.പി., ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകളിലായി മൊത്തം 4224 അധ്യാപകരുടെ ഒഴിവ്. ഇതിൽ പകുതിയലധികവും എൽ.പി., യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിലാണ്- 2734 അധ്യാപകതസ്തികകൾ.

To advertise here,

ഹൈസ്‌കൂളിൽ 1260-ഉം എൽ.പി.യിലും യു.പി.യിലും 737 വീതവുമാണ് ഒഴിവുള്ളത്. ഈ മൂന്നുവിഭാഗങ്ങളിൽ ഏറ്റവുംകൂടുതൽ ഒഴിവുകളുള്ളത് മലപ്പുറം ജില്ലയിലാണ്- 464 ഒഴിവുകൾ. 41 ഒഴിവുള്ള ഇടുക്കിയിലാണ് ഏറ്റവും കുറവ്.

ഒഴിവുകളുടെ കണക്കിൽ തൊട്ടുപിന്നാലെയുള്ളത് എച്ച്.എസ്.എസ്.ടി. ജൂനിയർ വിഭാഗമാണ്. സംസ്ഥാനത്താകെ ഈ വിഭാഗത്തിൽ 713 ഒഴിവ്. 225 ഒഴിവുകളാണ് എച്ച്.എസ്.എസ്.ടി.യിലുള്ളത്.

നിലവിൽ ദിവസേവതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്ന വൊക്കേഷണൽ ടീച്ചർ തസ്തികയിൽ 378 ഒഴിവുകളും വൊക്കേഷണൽ ഇൻസ്ട്രക്ടർ തസ്തികയിൽ 156 ഒഴിവുകളുമാണുള്ളത്. നിയമനനിരോധനം ബാധകമല്ലാത്ത നോൺ വൊക്കേഷണൽ ടീച്ചർ ജൂനിയർ തസ്തികയിൽ 14 ഒഴിവുകളും സീനിയർ തസ്തികയിൽ നാല് ഒഴിവുകളുമുണ്ട്.

വിവിധ ജില്ലകളിലായി പ്രഥമാധ്യാപകരുടെ 944 ഒഴിവുകളിലും നിയമനം നടക്കാനുണ്ട്. ഈ വിഭാഗത്തിൽ ഒഴിവ് ഏറ്റവും കൂടുതലുള്ളത് എൽ.പി. വിഭാഗത്തിലാണ്-446. ഹൈസ്കൂൾ വിഭാഗത്തിലുള്ളത് 260 ഒഴിവുകളാണ്. യു.പി.യിൽ 151 തസ്തികകളും ഹയർ സെക്കൻഡറിയിൽ 87 തസ്തികകളും ഒഴിഞ്ഞുകിടക്കുന്നു.

തസ്തികനഷ്ടം വരുന്ന അധ്യാപകരെ ക്രമീകരിച്ചശേഷമായിരിക്കും ബാക്കി ഒഴിവുകൾ പി.എസ്.സി.യിലേക്ക് റിപ്പോർട്ട് ചെയ്യുക. ഹയർസെക്കൻഡറിയിൽ പ്രിൻസിപ്പൽമാരുടെ സ്ഥലംമാറ്റം നടന്നുക്കൊണ്ടിരിക്കുകയാണ്. വി.എച്ച്.എസ്.സി.യിൽ വൊക്കേഷണൽ ടീച്ചർ, വൊക്കേഷണൽ ഇൻസ്ട്രക്ടർ തസ്തികകൾ വാനിഷിങ് വിഭാഗത്തിൽ ഉൾപ്പെടുന്നതിനാൽ സ്ഥിരനിയമനം നടത്തുന്നില്ല.