കോട്ടയം: ശമ്പളപരിഷ്‌കരണവും പ്രമോഷനുമില്ലാതെ, സഹകരണവകുപ്പിന്റെ നിയന്ത്രണത്തിലുള്ള കേപിന്റെ കീഴിലുള്ള എന്‍ജിനിയറിങ് കോളേജ് അധ്യാപകര്‍. സ്ഥിരം അധ്യാപകര്‍ക്ക് ലഭിക്കുന്ന അടിസ്ഥാനശമ്പളം സര്‍ക്കാര്‍ സര്‍വീസിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്കും താഴെ.

To advertise here,

6000 രൂപ ഗ്രേഡ് പേയുള്‍പ്പെടെ 21,600 രൂപയാണ് അധ്യാപകന് തുടക്കത്തില്‍ കിട്ടുന്ന അടിസ്ഥാനശമ്പളം. ബേസിക് പേയുടെ മൂന്ന് ശതമാനം തുക ഓരോവര്‍ഷവും ഇന്‍ക്രിമെന്റായി കിട്ടുമെന്നതാണ് ആകെയുള്ള മെച്ചം.

എന്നാല്‍ ഇതേ കോളേജുകളിലെ ലാബ് ഇന്‍സ്ട്രക്ടര്‍ക്ക് 27,800 രൂപ അടിസ്ഥാനശമ്പളമുണ്ട്. അനധ്യാപക ജീവനക്കാര്‍ക്ക് ശമ്പളപരിഷ്‌കരണവും സ്ഥാനക്കയറ്റവും നടപ്പാക്കിയിട്ടുണ്ട്.

2006-ലാണ് ഐഎസിടിഇ മാനദണ്ഡപ്രകാരം ആറാം ശമ്പളപരിഷ്‌കരണം നടപ്പാക്കിയത്. 2016-ല്‍ വരേണ്ട ഏഴാം ശമ്പളപരിഷ്‌കരണം പത്തുവര്‍ഷമായിട്ടും നടപ്പാക്കിയിട്ടില്ല. ഡിഎ 66 ശതമാനം കുടിശ്ശികയുണ്ട്. 25 വര്‍ഷമായി തുടക്കത്തിലുള്ള എന്‍ട്രി കേഡറായ അസി. പ്രൊഫസര്‍ തസ്തികയില്‍ തുടരുന്നവരാണ് മിക്ക അധ്യാപകരും. പലരും വിരമിക്കല്‍ പ്രായമെത്തി. മിക്ക അധ്യാപകര്‍ക്കും എംടെക്/പിഎച്ച്ഡി യോഗ്യതയുണ്ട്.

ലാബ് ജീവനക്കാരുള്‍പ്പെടെയുള്ള അനധ്യാപക ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ സ്‌കെയിലനുസരിച്ചാണ് ശമ്പളം. ഇവര്‍ക്ക് 2016-ല്‍ ശമ്പളപരിഷ്‌കരണം നടപ്പാക്കി. 2021-ലെ പരിഷ്‌കരണനടപടി അന്തിമഘട്ടത്തിലാണ്. പത്തുവര്‍ഷം സര്‍വീസുള്ള കേപിലെ എന്‍ജിനിയറിങ് അധ്യാപകന് ഇതേ സര്‍വീസുള്ള ഗവ. എന്‍ജിനിയറിങ് കോളേജിലെ അധ്യാപകനെക്കാള്‍ 35,000-40,000 രൂപയുടെ കുറവുണ്ടെന്ന് അസോസിയേഷന്‍ ഓഫ് കേപ് ടീച്ചേഴ്സ്(ആക്ട്) ചൂണ്ടിക്കാട്ടുന്നു.

എഐസിടിഇ നിബന്ധനപ്രകാരം എല്ലാ അധ്യാപക തസ്തികകളിലേക്കും നേരിട്ടുള്ള നിയമനവും കരിയര്‍ അഡ്വാസ്മെന്റ് സ്‌കീമും (സിഎഎസ്) ആണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. എന്നാല്‍ കരിയര്‍ അഡ്വാസ്മെന്റ് സ്‌കീം നടപ്പാക്കിയിട്ടില്ല. ഇതിന് നടപടി സ്വീകരിച്ചുവരുന്നുവെന്നാണ് കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ നിയമസഭയില്‍ സഹകരണ വകുപ്പുമന്ത്രി അറിയിച്ചത്.

1999-ലാണ് സഹകരണവകുപ്പിന്റെ കീഴില്‍ കേപിന്റെ എന്‍ജിനിയറിങ് കോളേജുകള്‍ തുടങ്ങിയത്. മൂന്നൂറോളം സ്ഥിരം അധ്യാപകര്‍ ഉണ്ട്. ഒന്‍പത് എന്‍ജിനിയറിങ് കോളേജുകളാണുള്ളത്.