മലപ്പുറം: പന്ത്രണ്ടു കൊല്ലം മുമ്പ് പെരിന്തല്‍മണ്ണയ്ക്കടുത്ത് ചെറുകര ചേലമലയില്‍ ആരംഭിച്ച അലിഗഢ് മുസ്ലിം സര്‍വകലാശാലാ കേന്ദ്രം ഒരു ദുരന്തനാടകമായി മാറുന്നു. പത്തു വര്‍ഷംകൊണ്ട് സ്വതന്ത്ര സര്‍വകലാശാലയാകാന്‍ ലക്ഷ്യമിട്ട കലാലയത്തിന് നാട്ടിന്‍പുറത്തെ പാരലല്‍ കോളേജിനോളം പോലും വളരാനായില്ല.

To advertise here,

2011-ല്‍ രണ്ടു ഡിപ്പാര്‍ട്ടുമെന്റും 120 കുട്ടികളുമായി തുടങ്ങി 2020 ആകുമ്പോഴേക്ക് 13 ഡിപ്പാര്‍ട്ടുമെന്റുകളും 17,000 കുട്ടികളുമായി സ്വന്തം കാലില്‍ നില്‍ക്കാന്‍ വിഭാവനംചെയ്ത സ്ഥാപനത്തില്‍ ഇന്നാകെ മൂന്നു ഡിപ്പാര്‍ട്ടുമെന്റും 407 കുട്ടികളും മാത്രം. വിശാല കാമ്പസിനുവേണ്ടി ഏറ്റെടുത്ത 343 ഏക്കര്‍ ഭൂമിയുടെ ഭൂരിഭാഗവും വെറുതെ കിടക്കുന്നു. കൊള്ളാവുന്ന ഒരു കെട്ടിടം മാത്രമാണ് ഉയര്‍ന്നത്. പത്തു കൊല്ലംകൊണ്ട് 1,200 കോടി രൂപയുടെ മുതല്‍മുടക്ക് കേന്ദ്രം ഇവിടെ നടത്തേണ്ടിയിരുന്നു. പക്ഷേ മുടക്കിയത് 60 കോടി മാത്രം.

ഈ കേന്ദ്രം വിഭാവനംചെയ്ത അതേ കാലയളവില്‍ കാസര്‍കോട്ടാരംഭിച്ച കേന്ദ്ര സര്‍വകലാശാല ഇന്ന് രാജ്യത്തെ ശ്രദ്ധേയ വിദ്യാഭ്യാസ സ്ഥാപനമാണ്. 2009 ഒക്ടോബറില്‍ രണ്ട് ബിരുദാനന്തര ബിരുദ കോഴ്സും 17 കുട്ടികളുമായി വാടകക്കെട്ടിടത്തില്‍ തുടങ്ങിയ സ്ഥാപനത്തിന് ഇന്ന് പെരിയയില്‍ 310 ഏക്കറില്‍ സ്വന്തം കാമ്പസായി. 27 ബിരുദാനന്തര ബിരുദ കോഴ്സുകളായി. 22 ഗവേഷണ വിഭാഗങ്ങളായി. 2,500 കുട്ടികളായി. മുന്നൂറിലേറെ അധ്യാപകരായി. ഒട്ടേറെ പേറ്റന്റുകള്‍ ഇവിടെ പിറന്നു.

ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥയ്ക്ക് പരിഹാരം നിര്‍ദേശിക്കാന്‍ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ നിയോഗിച്ച സച്ചാര്‍ കമ്മറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മലപ്പുറത്തും ബംഗാളിലെ മൂര്‍ഷിദാബാദ്, ബിഹാറിലെ കിഷന്‍ഗഞ്ച് എന്നിവിടങ്ങളിലും പുതിയ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങള്‍ തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ചുമതല അലിഗഢിനും നല്‍കി. 

രാജ്യത്ത് 20-നുമേല്‍ പ്രായമുള്ളവരില്‍ 6.7 ശതമാനം ബിരുദം നേടിയവരും 0.7 ശതമാനം പേര്‍ ഡിപ്ലോമ നേടിയവരുമാണെങ്കിലും മുസ്ലിങ്ങളിലിത് യഥാക്രമം 3.6 ശതമാനവും 0.4 ശതമാനവും മാത്രമാണെന്ന് സച്ചാര്‍ എടുത്തുപറഞ്ഞിരുന്നു.

പണമില്ലാത്തതാണ് ഈ സ്ഥാപനം നേരിടുന്ന പ്രശ്‌നം. മന്‍മോഹന്‍ സര്‍ക്കാര്‍ അനുവദിച്ച നൂറുകോടിയില്‍ 40 കോടി രൂപ ഇപ്പോഴും കൊടുക്കാനുണ്ട്. മാനവശേഷി മന്ത്രായലയത്തിലെ ഹയര്‍ എജ്യുക്കേഷന്‍ ഫണ്ടിങ് ഏജന്‍സി (എച്ച്.ഇ.എഫ്.എ-ഹേഫ)യില്‍നിന്ന് ഇപ്പോള്‍ 113.25 കോടി നല്‍കി. ഇതിന്റെ പത്തു ശതമാനം തിരിച്ചുനല്‍കേണ്ടതാണ്. പൂര്‍ണമായും കേന്ദ്ര ബജറ്റില്‍ പ്രവര്‍ത്തിക്കുന്ന അലിഗഢിന് ഇതിന് മാര്‍ഗമില്ല. എന്നിട്ടും ഈ തുകയ്ക്ക് രണ്ടു ഹോസ്റ്റല്‍ക്കെട്ടിടം പണിയുന്നുണ്ട്; എങ്ങനെയും പിടിച്ചുനില്‍ക്കാന്‍.