വിജി തമ്പി എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഇദം പാരമിതം എന്ന നോവലിനെക്കുറിച്ച് ഡോ. പി.രണ്‍ജിത് എഴുതുന്നു.
ഇദം പാരമിതം എന്ന നോവലിന്റെ മിക്കവാറും അദ്ധ്യായങ്ങളും വാക്യങ്ങളും വളരെയേറെ കാവ്യാത്മകമാണ്. കവിതയും യാത്രകളുമാണ് ഈ നോവലിനെ സമ്പന്നമാക്കുന്നത്. ഭാവഗാനാത്മകമായ ഭാഷാരീതി കവിതാപരമ്പരകള്‍ പോലെ നോവല്‍ വായിച്ചു പോകാന്‍ പ്വേരിപ്പിക്കുന്നു. പിന്നെ യാത്രാവിവരണങ്ങള്‍. പക്ഷിപാതാളത്തില്‍ നിന്ന് ഉന്നത ഹിമാലയത്തിലെ സതോപാന തടാകം വരെയും തിരിച്ച് ഗോകര്‍ണത്തിലെ കടല്‍ത്തീരം വരെയും ഉള്ള പല യാത്രകള്‍.
കവിതയില്‍ നിന്ന്, യാത്രകളില്‍ നിന്ന്, അതുമായി ഇടകലര്‍ന്ന് കിടക്കുന്ന വ്യക്തികളിലേക്ക് സാവധാനം നാം കടക്കും. നിറഞ്ഞുനില്‍ക്കുന്ന കേന്ദ്ര കഥാപാത്രമായ ലെവിന്‍ അല്ലാതെ നോവലിലെ മഴ കഥാപാത്രങ്ങള്‍ ആരാണ്? അയാളുടെ അമ്മ, അനുജത്തി ജൂലിയ, പിന്നെ സമരിയ, അവളുടെ അമ്മ. ലെവിന്റെ മനസ്സില്‍ പ്രണയം നിറച്ച മറ്റ് മൂന്നുപേര്‍ - രൂപ, റോസ്റ്റ, ഫാത്തിമ. ഗുരുനിത്യയുടെയും ദലൈലാമയുടെയും സാന്നിധ്യങ്ങള്‍. എങ്കിലും ആരംഭം തൊട്ട് അന്ത്യം വരെയും നിറഞ്ഞു നില്‍ക്കുന്നത് ഓഷോ രജനീഷ് തന്നെ. വന്നും പോയും ഉള്ള മറ്റു കുറേ വൃക്തികള്‍. മനുഷ്യരും സ്ഥലങ്ങളും ജീവികളും മാത്രമല്ല, വായിച്ച പുസ്തകങ്ങളിലെ വാക്യങ്ങളും വ്യക്തിത്വങ്ങളും ദൃശ്യരോ അദൃശ്യരോ ആയ കഥാപാത്രങ്ങളാണ്. കാരുണ്യം നിറഞ്ഞ പ്രണയവും ശുശ്രൂഷയുടെ സാന്ത്വനവും ആണ് ഈ നോവല്‍ വായനക്കാരിലേക്ക് പകരുന്ന ഭാവങ്ങള്‍.
ഇവിടെ നമുക്ക് ലെവിനില്‍ നിന്ന് വേറിട്ടുനില്‍ക്കുന്ന അന്യരെ തിരഞ്ഞ് കണ്ടെത്താന്‍ വിഷമമാണ്. ആരും തന്നെ ലെവിനെ സംബന്ധിച്ചിടത്തോളം അന്യരല്ല. അയാളുടെ കാഴ്ചപ്പാടുകളുടെ തുടര്‍ച്ചകള്‍ മാത്രം. പപ്പ മാത്രമാണ് ലെവിന്റെ കാഴചപ്പാടുകള്‍ക്ക് പുറത്തുള്ള ഒരാള്‍. പക്ഷേ പപ്പയുമായുള്ള ലെവിന്റെ ബന്ധം അനുഭവങ്ങളുടെ രൂപത്തില്‍ ദൃഢമായി ആവിഷ്ടരിക്കപ്പെടുന്നില്ല. അതുകൊണ്ട് പപ്പ ഒരു മങ്ങിയ കഥാപാത്രമാണ്. മറ്റെല്ലാവരും ലെവിന്റെ ആത്മഭാവം തന്നെ വഹിക്കുന്നു. അവര്‍ ഇങ്ങനെ പെരുമാറും എന്ന് ലെവിന്‍ ചിന്തിക്കുമ്പോള്‍ അതുപോലെ തന്നെ പ്രതികരിക്കുന്നവര്‍.
ലെവിന്റെ പപ്പ ഒരു കൊലപാതകം നടത്തിയ ആളാണ് എന്ന സൂചനയുണ്ട്. ലെവിനും ഒഴിവാക്കാനാവാത്ത ഒരു നിമിഷത്തില്‍ സ്വബോധത്തിലോ അര്‍ദ്ധബോധത്തിലോ ഒരാളെ പാലത്തില്‍ നിന്ന് തള്ളിയിടുന്നതായി സൂചിപ്പിക്കുന്നുണ്ട്. ഈ കൃത്യങ്ങള്‍ ഒന്നും അന്യരുടെ കാഴ്ചപ്പാടുകള്‍ക്ക് മുന്നില്‍ എത്തുന്നില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ അസ്തിത്വ ദര്‍ശനത്തിലെതുപോലെ ലെവിന്‍ സ്വയം അന്യനായി മാറുന്നുമില്ല.
ആരാണ് അന്യര്‍? അന്യരെ നമ്മള്‍ എങ്ങനെ തിരിച്ചറിയും?
ഈ നോവലില്‍ പലയിടത്തായി പരാമര്‍ശ രൂപേണ കടന്നുവരുന്ന ഒരു കഥയുണ്ട്. ബ്രസീലിയന്‍ പോര്‍ച്ചുഗീസ് എഴുത്തുകാരനായിരുന്ന ഷ്വാം ഗിമറേസ് ഹോസയുടെ നദിയുടെ മൂന്നാംകര. 60 വര്‍ഷം മുമ്പ് എഴുതപ്പെട്ട അതിശക്തമായ ഒരു കഥയാണിത്. ഒരു ദിവസം ഒരു തോണി വാങ്ങി ആരോടും ഒന്നും പറയാതെ നദിയിലേക്ക് തുഴഞ്ഞുപോയ അച്ഛന്‍. ആരുടെയും വാക്കുകള്‍ക്കോ സ്‌നേഹത്തിനോ ഭീഷണിക്കോ കാതുകൊടുക്കാതെ അയാള്‍ ഇരുകരകളിലേക്കും അടുക്കാതെ പുഴയില്‍ തോണിയില്‍ തന്നെ തുടരുന്നു- വര്‍ഷങ്ങളോളം. കാത്തിരുന്ന് കാത്തിരുന്ന് അച്ഛനുമായി താദാത്മ്യപ്പെടാന്‍ ശ്രമിച്ച് പ്രായമേറിയ മകന്‍ ഒടുവില്‍ അച്ഛന് പകരം താന്‍ തന്നെ പോകാം എന്ന് തീരുമാനമെടുക്കുന്നു. എന്നാല്‍ അച്ഛന്‍ ഇത് സ്വീകരിക്കും എന്ന
ഘട്ടത്തില്‍ മകന്‍ ഞെട്ടലോടെ പിന്‍വാങ്ങി. താദാത്മ്യപ്പെടാന്‍ ഏറെ ഇച്ഛിക്കുന്ന അച്ഛന്‍ തന്നെയാണ് ഏറ്റവും ആദ്യത്തെ അന്യന്‍.
ഈ കഥ സ്പര്‍ശിച്ചുകൊണ്ട് അന്യര്‍ എന്ന സങ്കീര്‍ണതയെപ്പറ്റി ഫ്രഞ്ച് ചിന്തകനായ ഗില്‍ ദെല്യൂസ് എഴുതുന്നു- ''ഈ അവന്‍, അന്യന്‍ എന്ന നിലയില്‍, ഒരു വ്യക്തിയല്ല, സംഭാഷണത്തില്‍ തന്റെ അവസരം കാത്തുനില്‍ക്കുന്ന എനിക്കും നിനക്കും അപ്പുറത്തുള്ള ഒരു മൂന്നാം വ്യക്തി (പ്രഥമ പുരുഷന്‍) അല്ല. ''അത് എന്ന് വിളിച്ച സംസാരിക്കാവുന്ന ഒരു വസ്തുവും അല്ല. അന്യന്‍ ഒരു നാലാം പുരുഷന്‍ ഏകവചനം (fourth person singular) ആകാം. നദിയുടെ മൂന്നാം തീരത്ത് നിലകൊള്ളുന്ന ഒരാള്‍. വ്യക്തിസര്‍വനാമങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളുടേതായ ഒരു ലീലയില്‍ താത്വികമായി ഏറ്റവും ആദിമമായതാണ് അന്യര്‍'.
നമ്മുടെ സ്‌നേഹത്തോട് വഞ്ചനയോടെ, കാരുണ്യത്തോട് ക്രൂരതയോടെ, പ്രതികരിക്കുന്നവര്‍ മാത്രമല്ല അന്യര്‍. നമ്മുടെ കാപട്യത്തോട് സത്യസന്ധതയില്‍ പ്രതികരിക്കുന്നവര്‍, നമ്മുടെ അവഗണനയ്‌ക്കെതിരെ സ്‌നേഹമസൃണമായി കൈനീട്ടുന്നവര്‍... തീര്‍ത്തും ലളിതവല്‍ക്കരിച്ചുകൊണ്ട് ഇങ്ങനെ പറയുന്നവരുണ്ട്. പക്ഷേ സാഹിത്യകൃതികളില്‍ ആവിഷ്ടരിക്കുമ്പോള്‍ അത് അത്ര ലളിതമല്ല.
''അന്യര്‍ എല്ലായിടത്തും ഉണ്ട്. അവരുടെ കാഴ്ചപ്പാടുകള്‍ ഒട്ടും സുതാര്യവുമല്ല. അവരെ കൂടി ഉള്‍ക്കൊള്ളുകയാണ് എനിക്ക് എന്നെ അറിയാനുള്ള ഒരേയൊരു മാര്‍ഗം. അതേസമയം ഈ അന്യരാണ് എന്റെ സാമൂഹ്യപ്രപഞ്ചമായി രൂപം കൊള്ളുന്നത്. അതുകൊണ്ടുതന്നെ അവര്‍ എന്നോട് അഭേദ്യമായി ബന്ധപ്പെട്ടവരാണ്. അവരെ എങ്ങനെയാണ് ഉള്‍ക്കൊള്ളേണ്ടത് എന്നതിനെപ്പറ്റി വേറിട്ട ഒരു നിലപാട് എനിക്ക് ഉണ്ടാക്കാന്‍ കഴിയാത്ത തരത്തില്‍ എന്റെ സാമൂഹികവും വ്യക്തിപരവുമായ സ്വത്വം അവരുമായി കൂടിക്കലര്‍ന്നുകിടക്കുന്നു'' (പീറ്റര്‍ സ്‌കാഫിദി)
ലെവിനെ സംബന്ധിച്ചിടത്തോളം അയാളുടെ സാമൂഹ്യപ്രപഞ്ചമായി തീരേണ്ട കഥാപാത്രങ്ങള്‍ ആരും അയാളില്‍നിന്ന് വ്യത്യസ്തരല്ല. ലെവിന്റെ ആത്മാന്വേഷണമാണ് ഈ നോവല്‍ എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. സാമൂഹ്യപ്രപഞ്ചം ഒഴിവാക്കിക്കൊണ്ട് എങ്ങനെയാണ് ആത്മാന്വേഷണം? ലെവിന്റെ ചുറ്റുമുള്ള കഥാപാത്രങ്ങളെപ്പറ്റി നോവലിസ്റ്റ് വളരെയേറെ മനനം ചെയ്തിട്ടുള്ളതായി നമുക്ക് മനസ്സിലാക്കാം. വളരെ ആലോചിച്ചുള്ള തെരഞ്ഞെടുക്കലില്‍ അന്യര്‍ ഒഴിവാക്കപ്പെട്ടതായിരിക്കണം. വായനക്കാര്‍ക്ക് മുഖ്യകഥാപാത്രത്തെ മറ്റൊരു വീക്ഷണകോണിലൂടെ കാണാനുള്ള കാഴ്ചയാണ് ഇതോടെ ഒഴിവാക്കപ്പെട്ടത്.
സാധ്യമായ ഒരു ലോകത്തുനിന്ന് സാധ്യമായ മറ്റൊരു ലോകത്തിലേക്ക് നീളുന്ന ഒരു ഇടനാഴിയാണ് അന്യര്‍ എന്ന നില. അന്യരുമായി താരതമ്യപ്പെട്ടത്തി അവരവരെ കൂടുതല്‍ വിശദീകരിക്കുന്നതും അന്യരെ തന്നെ കൂടുതല്‍ കൂടുതല്‍ വിശദീകരിച്ചു കൊണ്ടിരിക്കുന്നതും സഹായകമാവണമെന്നില്ല എന്ന് ദെല്യൂസ്. അനുഭവങ്ങളുടെ വൈവിധ്യം തിക്കിനിറച്ചുകൊണ്ട് അവരവരുടെ ലോകം ബഹുത്വവല്‍ക്കരിക്കലാണ് സാമുഹ്ൃപ്രപഞ്ചം ആവിഷ്ടരിക്കാനുള്ള ഒരു വഴി.
ലെവിന്റെ ആത്മാന്വേഷണം അപൂര്‍ണ്ണമാണ് എന്നതല്ല ഇവിടെ പ്രശ്‌നം. എല്ലാ ആത്മാന്വേഷണങ്ങളും അപൂര്‍ണ്ണമാണമല്ലോ. ഫിലോസഫിക്കല്‍ നോവല്‍ എഴുതുക എന്നത് ഒരൊറ്റ ശ്രമം കൊണ്ട് മാത്രം നിര്‍ത്തി വെയ്ക്കാവുന്ന ഒന്നല്ല. പ്രസിദ്ധരായ നോവലിസ്റ്റുകളുടെയെല്ലാം ചരിത്രം നമ്മെ ഇത് ഓര്‍മിപ്പിക്കുന്നു. ഒഴിവാക്കപ്പെട്ട അന്യരായ കഥാപാത്രങ്ങള്‍ എഴുത്തുകാരനെ തേടിവരും. വിണ്ടും എഴുതുകയല്ലാതെ മറ്റു വഴിയില്ല.
(ഗില്‍ ദെല്യൂസും ഫെലിക്‌സ് ഗുത്താരിയും ചേര്‍ന്ന് എഴുതിയ ''ഒരായിരം സമതലങ്ങള്‍'' (A Thousand Plateaus), വിവറോസ് ഡികാസ്‌ട്രോവിന്റെ 'കാനിബാള്‍ മെറ്റാഫിസിക്‌സ്' (Viveiros de Castro - Cannibal Metaphysics), അതിന് പീറ്റര്‍ സ്‌കാഫിഷിന്റെ അവതാരിക, എന്നിവയില്‍ നിന്നാണ് ഇവിടെയുള്ള ഉദ്ധരണികള്‍).
Content Highlights: Viji Thampi, P Ranjith, Idam Paramitham, Mathrubhumi Books
Published: 16 Feb 2024, 12:21 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented